അസാധാരണം ഈ ത്രില്ലർ; 'എക്കോ' റിവ്യൂ

Published : Nov 21, 2025, 04:51 PM ISTUpdated : Nov 21, 2025, 05:48 PM IST
Eko Review

Synopsis

സ്ലോ പേസിൽ തുടങ്ങി അഡ്വഞ്ചർ-മിസ്റ്ററി- ത്രില്ലിങ് മോഡിലേയ്ക്ക് ഷിഫ്റ്റ് ചെയ്യുന്ന എഴുത്ത്..

"ഫ്രം ദി മേക്കേഴ്സ് ഓഫ് കിഷ്കിന്ധാകാണ്ഡം" എന്ന ഒരൊറ്റ ടാഗ്‌ലൈൻ മതിയായിരുന്നു ഒരു സിനിമാ ആസ്വാദകന് 'എക്കോ'യ്ക്ക് ടിക്കറ്റ് എടുക്കാൻ. കിഷ്കിന്ധാകാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത, കിഷ്കിന്ധാകാണ്ഡത്തിനും കേരള ക്രൈം ഫയൽസ് സീസൺ 2വിനും ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രത്തിൽ സന്ദീപ് പ്രദീപ്, വിനീത്, അശോകൻ, നരേൻ, ബിനു പപ്പു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. കിഷ്കിണ്ഡാകാണ്ഡം കണ്ടൊരാൾ എന്ത് പ്രതീക്ഷയിൽ ടിക്കറ്റെടുത്തോ അത് പൂർണ്ണാർഥത്തിൽ നൽകിയിട്ടുണ്ട് എക്കോ.

പ്രഡിക്ഷനുകൾക്ക് അപ്പുറം

പ്രേക്ഷകരുടെ ജനറൽ ഐക്യൂ വച്ചുള്ള പ്രെഡിക്ഷനുകൾക്ക് അപ്പുറമാണ് എക്കോ എന്ന് ഒറ്റവാചകത്തിൽ പറയാം. ഡയലോഗ് ഡ്രിവൺ ആണ് കഥപറച്ചിൽ രീതി. സ്ലോ പേസിൽ തുടങ്ങി അഡ്വഞ്ചർ-മിസ്റ്ററി- ത്രില്ലിങ് മോഡിലേയ്ക്ക് ഷിഫ്റ്റ് ചെയ്യുന്ന എഴുത്ത്. അതേസമയം ഒരേഗ്രാഫിൽ പോകാതെ ഡയലോഗുകൊണ്ടും സന്ദർഭങ്ങളെ കണക്ട് ചെയ്തുകൊണ്ടും ഉടനീളം സിനിമയിൽ പ്രേക്ഷകനെ കുടുക്കിയിരുത്തും. ഒരു നിമിഷം പോലും കഥയ്ക്ക് പിന്നിലോ മുന്നിലോ പോകാൻ കാഴ്ചക്കാരനെ എഴുത്തുകാരൻ അനുവദിക്കുന്നില്ല.

ഫ്രം ദി ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ

'എക്കോ- ഫ്രം ദി ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ' എന്നാണ് സിനിമയുടെ മുഴുവൻ പേര്. വളരെ കോംപ്ലിക്കേറ്റഡും അഡ്വഞ്ചറസുമാണ് കുര്യച്ചൻ. കുര്യച്ചൻ്റെ ജീവിതത്തിലൂടെയാണ് കഥയുടെ സഞ്ചാരം. അയാൾ ആരാണെന്ന് അറിയാനുള്ള യാത്രപോലെയാണ് പ്രേക്ഷകർക്ക് കുരിയച്ചനെ തേടി അവിടെയെത്തുന്ന ഓരോ കഥാപാത്രങ്ങളും. കേരളാ കർണ്ണാടക സംസ്ഥാനങ്ങൾ ചേർന്ന് അതിർത്തി പങ്കിടുന്ന ഒരു കാടും മലനിരകളുമാണ് പ്രധാന സെറ്റിങ്. കുര്യച്ചനെ തേടി അവിടെയെത്തുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് കുര്യച്ചനോളം നിഗൂഢമാണ്. ഓരോരുത്തരെയും മനസിലാക്കാനുള്ള ശ്രമങ്ങൾ പരോക്ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രേക്ഷകൻ്റെ മനസിലെ കെട്ടുകൾ ഒന്നൊന്നായി തിരക്കഥ തന്നെ അഴിച്ചെടുക്കും.

ദൃശ്യങ്ങളും ശബ്ദമിശ്രണവും എഡിറ്റിങ്ങും സിനിമയെ മസ്റ്റ് വാച്ച് തിയേറ്റർ അനുഭവമാക്കുന്നു. മുജീബ് മജീദിൻ്റെ ബാക്ക് ഗ്രൗണ്ട് സ്കോറും സൂരജ് ഇ എസിൻ്റെ എഡിറ്റിംഗും പ്രേക്ഷകന് മികച്ച തിയേറ്റർ അനുഭവം നൽകുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. സന്ദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ് തുടങ്ങി ഓരോരുത്തരുടെയും പ്രകടനങ്ങൾ സിനിമയുടെ നട്ടെല്ലാകുമ്പോൾ തന്നെ കുര്യച്ചൻ, മ്ലാത്തി ചേടത്തി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മലയാളി പ്രേക്ഷകർക്ക് പരിചിതമായ മുഖങ്ങൾ വേണ്ടെന്ന് വച്ചതാണ് സിനിമയുടെ അൺപ്രഡിക്ടബിൾ ഫാക്ടറിനെ സ്ട്രോങ് ആക്കുന്നത്. സൗരവ് സച്ച്ദേവ്, ബിയാന മോമിൻ, സിം ഷി ഫീ തുടങ്ങിയവരുടെ പ്രകടനങ്ങൾ തിയേറ്ററിൽ കണ്ടറിയണം. വിനീതോ നരേനോ മുമ്പ് ചെയ്ത കഥാപാത്രങ്ങളുടെ ഒരു കണികപോലെ അവശേഷിപ്പിക്കാത്ത പ്രകടനങ്ങൾ.

കിഷ്കിന്ധയ്ക്ക് ശേഷം


'കിഷ്കിന്ധയ്ക്ക് ശേഷം മമ്മൂട്ടിക്കോ മോഹൻലാലിനോ ഒപ്പം അടുത്ത സിനിമ ചെയ്യുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ എക്കോ ചെയ്താൽ തൻ്റെ ഗ്രാഫ് ഉയരുമെന്നാണ് പ്രതീക്ഷ'യെന്ന് റിലീസിനു മുമ്പ് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ പറഞ്ഞിരുന്നു. ആ പ്രതീക്ഷ തെറ്റിയില്ല. കിഷ്കിന്ധ കണ്ടപ്രേക്ഷകരെ എക്കോ നിരാശപ്പെടുത്തില്ല.

PREV
Read more Articles on
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ