ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ

Published : Nov 21, 2025, 05:20 PM IST
Vilaayath Budha malayalam movie review prithviraj sukumaran jayan nambiar

Synopsis

ജി ആര്‍ ഇന്ദുഗോപന്‍റെ നോവലിനെ ആസ്പദമാക്കി, ജയൻ നമ്പ്യാർ സംവിധാനം ചെയ്ത 'വിലായത്ത് ബുദ്ധ' ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു സിനിമാനുഭവമാണ്. 

ഒരു സിനിമയുടെ ദൈർഘ്യം സിനിമാ പ്രേക്ഷകരുടെ ക്ഷമ പലപ്പോഴും പരീക്ഷിക്കുന്ന ഈ കാലത്ത്, മൂന്ന് മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ‘വിലായത്ത് ബുദ്ധ’ ഒരുനിമിഷവും മന്ദഗതിയാകാതെ, ശക്തമായ ഉള്ളടക്കവും കയ്യടിപ്പിക്കുന്ന കഥാപറച്ചിലും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അപൂർവ അനുഭവമൊരുക്കുന്നു. പ്രതിഭാധനനായ സംവിധായകൻ സച്ചി ചെയ്യാനിരുന്ന സ്വപ്ന പ്രോജക്ട്, നാളുകള്‍ക്കിപ്പുറം അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകളെ തകിടം മറിക്കാതെ മലയാള സിനിമയിൽ ഏറെ നാളുകൾക്ക് ശേഷം കാണുന്ന “വിഷ്വൽ റിയലിസത്തിന്റെ” ഒരു പാഠപുസ്തകമാവുകയാണ് വിലായത്ത് ബുദ്ധ. സച്ചിയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാരുടെ സ്വതന്ത്ര സംവിധായകനായുള്ള അരങ്ങേറ്റമാണ് വിലായത്ത് ബുദ്ധ.

ജി ആര്‍ ഇന്ദുഗോപന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി ഇന്ദു​ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൊന്മാന് ശേഷം ഇന്ദു​ഗോപന്‍റെ മറ്റൊരു രചന കൂടി പ്രേക്ഷകര്‍ക്ക് മികച്ച സിനിമാനുഭവം പകരുന്ന കാഴ്ചയാണ് വിലായത്ത് ബുദ്ധ. മറയൂർ അടിവാരത്തെ സാമൂഹിക-ഭൗമിക സാഹചര്യങ്ങളിലേക്ക് ആഴത്തിൽ കടന്നുകൊണ്ടുള്ള ഈ കഥ ചന്ദനത്തെയും മനുഷ്യനെയും പരസ്പരം ബന്ധിപ്പിക്കുന്ന സംഘർഷങ്ങൾക്കൊപ്പം, അധികാരവും പ്രതികാരവും ചേർത്തെടുത്ത ഒരു തീവ്രമായ ഡ്രാമയാണ്.

ഇന്ദു​ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ നിന്ന് ഒരു മികവുറ്റ ദൃശ്യഭാഷ ചമയ്ക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് ജയന്‍ നമ്പ്യാര്‍. ചിത്രത്തിന്റെ താളം, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ, ഓരോ നിമിഷവും ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതാണ്. കാന്താര 1, 2 ചിത്രങ്ങളിൽ പ്രകൃതിയുടെ സ്പന്ദനം ക്യാമറയിൽ പകർത്തിയ അരവിന്ദ് കാശ്യപ്, മറയൂരിന്റെ കാടും മണ്ണും ഇവിടെ അതേ ആത്മാവോടെ ഒപ്പിയെടുത്തിട്ടുണ്ട്. മലയാളത്തില്‍ അപൂര്‍വ്വം സിനിമകള്‍ മാത്രമേ പ്രകൃതിയെ ഒരു കഥാപാത്രമാക്കി ഉയർത്തിയിട്ടുള്ളൂ. അവയിൽ ഒന്ന് ഇനി ‘വിലായത്ത് ബുദ്ധ’ കൂടിയാണ്.

ചിത്രത്തിന്റെ വികാരതീവ്രതയെ ജേക്സ് ബിജോയ്‍യുടെ സംഗീതം കൃത്യമായി ഉയർത്തിപ്പിടിക്കുന്നു. ആക്ഷൻ രംഗങ്ങളുടെ പൾസ് പ്രേക്ഷകനിലേക്കെത്തിക്കാൻ പശ്ചാത്തലസംഗീതം വലിയൊരളവിൽ സഹായിക്കുന്നുണ്ട്. കലൈ കിംഗ്സൺ, സുപ്രീം സുന്ദർ എന്നിവരുടെ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ മുഴുവൻ എനർജിയും കരുത്തുമാണ്. ചിത്രത്തിന്റെ റിയലിസ്റ്റിക്ക് സ്വഭാവം കളയാതെ ഗ്രൗണ്ടഡ് രീതിയിലാണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രഫി ചെയ്തിട്ടുള്ളത്.

ഏകദേശം ഒന്നര വർഷത്തിന് ശേഷം ഒരു മലയാള സിനിമയിൽ നായകനായി എത്തുന്ന പൃഥ്വിരാജ് സുകുമാരൻ, തന്റെ കരിയറിലെ ഏറ്റവും നാടനും റിയലിസ്റ്റിക്കുമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ തുടര്‍ച്ചയില്‍ എന്നാൽ തന്റെ വ്യക്തിമുദ്ര നിലനിർത്തി മാസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ കഴിവ് ഈ ചിത്രത്തിൽ ആവർത്തിച്ച് തെളിയിക്കപ്പെടുന്നുണ്ട്. തൂവെള്ള ഭാസ്കരനായി എത്തുന്ന ഷമ്മി തിലകനാണ് സിനിമയുടെ ഷോ സ്റ്റീലർ. അദ്ദേഹത്തിൻ്റെ പെര്‍ഫോമന്‍സിലെ ​ഗാംഭീര്യം പ്രേക്ഷകനെ ഭാസ്‌കരൻ മാസ്റ്ററുടെ പക്ഷത്തേക്ക് മാറ്റുന്നുണ്ട് പലപ്പോഴും. ഒരുപാട് കാലത്തിന് ശേഷം, ഒരു വില്ലനായിട്ടും അതിലേറെ ഒരു മനുഷ്യനായിട്ടും നിലനിൽക്കുന്ന പ്രകടനം. പ്രിയംവദയും രാജശ്രീയും തങ്ങൾക്ക് നൽകിയ കഥാപാത്രങ്ങളെ സത്യസന്ധതയോടെ സ്‌ക്രീനിൽ പകർന്നിയിരിക്കുന്നു.

കാണികൾ മുടക്കുന്ന ടിക്കറ്റ് വിലയ്ക്ക് മൂല്ല്യം നൽകുന്ന, ശബ്ദത്തിലും ദൃശ്യത്തിലും ഗുണനിലവാരമുള്ള ഒരു അനുഭവമാണ് വിലായത്ത് ബുദ്ധ നൽകുന്നത്. മറയൂർ കാട് സിനിമയുടെ പശ്ചാത്തലം മാത്രമല്ല, അത് സിനിമയുടെ മുഴുവൻ ശരീരവുമാണ്. ഡബിൾ മോഹനനും തൂവെള്ള ഭാസ്കരനും ചൈതന്യവും ചേർന്ന് നിൽക്കുന്ന കഥാപ്രപഞ്ചം, മലയാള സിനിമയിൽ അപൂർവമായി മാത്രം പിറക്കുന്ന ഒരു സിനിമാറ്റിക്ക് എക്സ്പീരിയൻസാണ്. വിലായത്ത് ബുദ്ധ ഒരു ആക്ഷൻ-ഡ്രാമ എന്ന ലേബലിൽ ഒതുങ്ങുന്ന ചിത്രം അല്ല, ഒരു മികച്ച സിനിമാനുഭവം കൂടിയാണ്.

PREV
Read more Articles on
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
അസാധാരണം ഈ ത്രില്ലർ; 'എക്കോ' റിവ്യൂ