ഉള്ള് തൊടുന്ന കഥ, പെര്‍ഫോമന്‍സിന് കൈയടി; 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' റിവ്യൂ

Published : Feb 07, 2025, 03:26 PM ISTUpdated : Feb 07, 2025, 03:36 PM IST
ഉള്ള് തൊടുന്ന കഥ, പെര്‍ഫോമന്‍സിന് കൈയടി; 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' റിവ്യൂ

Synopsis

പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുനിര്‍ത്താന്‍ ലൗഡ് ആവുകയല്ലാതെ തരമില്ല എന്ന തീരുമാനത്തിലേക്ക് സംവിധായകരില്‍ ഭൂരിഭാ​ഗവും എത്തുമ്പോഴാണ് സ്വച്ഛന്തമായ ഒരു നരേഷനിലൂടെ ശരണ്‍ വേണുഗോപാല്‍ എന്ന സംവിധായകന്‍ എത്തിയിരിക്കുന്നത്

ഫാമിലി ഡ്രാമ ​ഗണത്തിലാണ് ഒരു കാലത്ത് മലയാള സിനിമയില്‍ ഏറ്റവുമധികം വൈവിധ്യമാര്‍ന്ന ഉള്ളടക്കം വന്നുകൊണ്ടിരുന്നത്. എന്നാല്‍ മാറിയ കാലത്ത് സിനിമ കുടുംബത്തിന് പുറത്തേക്ക് ഇറങ്ങി. എന്നാല്‍ മനോഹരമായ ഉള്ളടക്കവുമായി വല്ലപ്പോഴുമൊരിക്കല്‍ മുന്നിലെത്തുന്ന ചില ഫാമിലി ഡ്രാമകളെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ആ ​ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് നാരായണീന്‍റെ മൂന്നാണ്മക്കള്‍. ടൈറ്റില്‍ കഥാപാത്രങ്ങളായി മൂന്ന് മികച്ച അഭിനേതാക്കള്‍- ജോജു ജോര്‍ജും സുരാജ് വെഞ്ഞാറമൂടും അലന്‍സിയറും അഭിനയിക്കുന്നു എന്നതും കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ​ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ എത്തുന്നു എന്നതും ഈ ചിത്രത്തിന് ലഭിച്ച പ്രീ റിലീസ് ശ്രദ്ധയുടെ കാരണമാണ്.

നാരായണിയുടെ സ്റ്റോറിലൈന്‍ മലയാളത്തിന്‍റെ ബി​ഗ് സ്ക്രീനില്‍ മുന്‍പും കണ്ടിട്ടുള്ളതാണ്. എന്നാല്‍ അതിന്‍റെ പരിചരണം അത്രയും വൈകാരികമായും അതേസമയം സിംപിള്‍ ആയും പറഞ്ഞിട്ടുള്ള ചിത്രങ്ങള്‍ നന്നേ കുറവാണ്. ഒപ്പം മാറിയ കാലത്തിന്‍റെ സ്പന്ദനം കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട് സംവിധായകന്‍ ശരണ്‍ വേണു​ഗോപാല്‍. മരണക്കിടക്കയിലുള്ള നാരായണി എന്ന അമ്മയും അവരുടെ മൂന്ന് ആണ്‍മക്കളുമാണ് ചിത്രത്തിന്‍റെ കഥയെ നിര്‍ണയിക്കുന്നത്. വിശ്വനാഥന്‍ എന്ന മൂത്ത മകനെ അലന്‍സിയറും സേതു എന്ന രണ്ടാമനെ ജോജു ജോര്‍ജും ഭാസ്കര്‍ എന്ന ഇളയ മകനെ സുരാജും അവതരിപ്പിച്ചിരിക്കുന്നു. മൂത്തയാളും ഇളയ ആളും കുടുംബമായി ജീവിക്കുമ്പോള്‍ സേതു അവിവാഹിതനും തറവാട്ടില്‍ താമസിക്കുന്നയാളുമാണ്. ഭാസ്കര്‍ നീണ്ട വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അമ്മയെ അവസാനമായി കാണാന്‍ യുകെയില്‍ നിന്ന് നാട്ടില്‍ എത്തിയിരിക്കുന്നത്. ഏത് നിമിഷവും മരണം സംഭവിക്കാവുന്ന അമ്മയ്ക്കരികില്‍ പരസ്പരമുള്ള സ്നേഹ, ദ്വേഷങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ അഴിക്കുകയാണ് മക്കള്‍.

പറയുന്ന കഥയേക്കാള്‍ അതിന്‍റെ പരിചരണത്തിലും കഥപറച്ചിലിലെ സൂക്ഷ്മാംശങ്ങളിലുമാണ് നാരായണി ഉള്ള് തൊടുന്ന ഒരു മനോഹര സിനിമയായി മാറുന്നത്. കഥ നമുക്ക് കണ്ടും കേട്ടുമൊക്കെ പരിചയമുള്ളതെങ്കിലും കഥാപാത്രങ്ങള്‍ 2025 ല്‍ ജീവിക്കുന്നവര്‍ തന്നെയെന്ന് സംശയമില്ലാതെ പറയാനാവും. സിനിമ കാലികമാക്കാനായി കഥാപാത്രങ്ങളുടെ നാവിലേക്ക് ഒന്നും തിരുകുന്നില്ല സംവിധായകന്‍. എന്നാല്‍ സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങളിലൂടെയും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലൂടെയും ഓരോ കഥാപാത്രങ്ങളും ആരാണെന്നും എന്താണെന്നും നമ്മള്‍ മനസിലാക്കുന്നു. ആദ്യ 15 മിനിറ്റ് കൊണ്ടുതന്നെ ഏത് തരത്തിലുള്ള ചിത്രമാണ് നമ്മെ കാത്തിരിക്കുന്നതെന്ന് ശരണ്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. മുന്നോട്ട് പോകുന്തോറും കൂടുതല്‍ അര്‍ഥവത്തായ കാഴ്ചയായി മാറുന്നു ചിത്രം. 

സംവിധായകന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും. സിംപിള്‍ എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഒരു കഥാപശ്ചാത്തലത്തെയും കഥാപാത്രങ്ങളെയും അങ്ങേയറ്റം ഡീറ്റെയ്ലിം​ഗോടെയാണ് ശരണ്‍ പേപ്പറില്‍ എഴുതിയിരിക്കുന്നതും പിന്നീട് ഫ്രെയ്മില്‍ ആക്കിയിരിക്കുന്നതും. ഡീറ്റെയ്ല്‍ ആയിരിക്കുമ്പോള്‍ത്തന്നെ മിനിമലും ആണ് എന്നതാണ് സംവിധായകന്‍റെ ക്രാഫ്റ്റിന്‍റെ ​ഗുണം. മൂന്ന് മികച്ച അഭിനേതാക്കള്‍ ഈ കഥാപാത്രങ്ങളെ അതി​ഗംഭീരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സഹോദരങ്ങളുടെ സ്വഭാവത്തിലെ ലൗഡും നേര്‍ത്തതുമായ വ്യത്യാസങ്ങളൊക്കെ സൂക്ഷ്മമായും അയത്നലളിതമായും സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട് അലന്‍സിയറും ജോജുവും സുരാജും. പരസ്പരം സ്നേഹ, ദ്വേഷങ്ങള്‍ ഉള്ള സഹോദരന്മാരായുള്ള ഇവരുടെ പ്രകടനങ്ങള്‍ കണ്ടിരിക്കാന്‍ തന്നെ സുഖമാണ്. ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, തോമസ് മാത്യു, ​ഗാര്‍​ഗി അനന്തന്‍ എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ സപ്പോര്‍ട്ടിം​ഗ് കാസ്റ്റ്. അവരുടേതും മികച്ച കാസ്റ്റിം​ഗ് തന്നെ. 

പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുനിര്‍ത്താന്‍ ലൗഡ് ആവുകയല്ലാതെ തരമില്ല എന്ന തീരുമാനത്തിലേക്ക് സംവിധായകരില്‍ ഭൂരിഭാ​ഗവും എത്തുമ്പോഴാണ് സ്വച്ഛന്തമായ ഒരു നരേഷനിലൂടെ മനുഷ്യന്‍റെ സ്നേഹ ദ്വേഷങ്ങളെക്കുറിച്ചും ആത്യന്തികമായ സ്വാര്‍ഥതയെക്കുറിച്ചുമൊക്കെ ശരണ്‍ പറയുന്നത്. അദ്ദേഹത്തിന്‍റെ വിഷന് ചേര്‍ന്ന തരത്തിലുള്ള ഒരു ദൃശ്യഭാഷ സൃഷ്ടിച്ചിരിക്കുന്നത് അപ്പു പ്രഭാകര്‍ ആണ്. അപ്പുവിന്‍റെ ഏറ്റവും മികച്ച വര്‍ക്കുകളിലൊന്നാണ് ഇത്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സം​ഗീതം. മിനിമല്‍, എന്നാല്‍ വൈകാരികതയുടെ ഏറ്റക്കുറച്ചിലുകളെ അടിവരയിടുന്നതാണ് രാഹുല്‍ രാജ് നല്‍കിയിരിക്കുന്ന പശ്ചാത്തല സം​ഗീതം. സമീപകാല മലയാള സിനിമയിലെ രസകരവും വൈവിധ്യമുള്ളതുമായ ആഖ്യാനങ്ങളിലൊന്നാണ് നാരായണീന്‍റെ മൂന്നാണ്മക്കള്‍. 

ALSO READ : നടന്‍ ജയശങ്കർ കാരിമുട്ടം നായകനിരയിലേക്ക്; 'മറുവശം' ഈ മാസം തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
ത്രസിപ്പിക്കുന്ന ത്രില്ലര്‍, ഇമോഷണല്‍, ഈ ധീരം- റിവ്യു