ഫയര്‍ ബ്രാൻഡ് സുരേഷ് ഗോപി, ത്രില്ലിംഗ് ജെഎസ്‍കെ- റിവ്യു

Published : Jul 17, 2025, 03:17 PM ISTUpdated : Jul 17, 2025, 05:14 PM IST
JSK

Synopsis

അനുപമ പരമേശ്വരൻ നായികയായ ജെഎസ്‍കെ സിനിമയുടെ റിവ്യു.

പേര് മാറ്റ വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വി വേഴ്‍സസ്‍ സ്റ്റേറ്റ് ഓഫ് കേരള പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. പേരില്‍ തന്നെ സിനിമയുടെ ആകെത്തുകയുണ്ട്. ഒരു കോര്‍ട്ട് റൂം ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമയുടെ പിരിമിറുക്കത്തിനൊപ്പം ത്രില്ലര്‍ സിനിമാ അനുഭവവും സമ്മാനിക്കുന്നു ജെഎസ്‍കെ.

തുടക്കത്തിലേ നായക കഥാപാത്രത്തെ എസ്‍റ്റാബ്ലിഷ് ചെയ്യുകയാണ് ജെഎസ്‍കെയില്‍‌. അഡ്വക്കറ്റ് ഡേവിഡ് ആബേലിനെ അടിവരയിട്ടുറപ്പിക്കുകയാണ് ടൈറ്റില്‍ കാര്‍ഡിലും ആദ്യ രംഗങ്ങളിലും. നീതി നിഷേധിക്കപ്പെടുന്നവന് കൈത്താങ്ങാകുന്ന തീപ്പൊരി അഡ്വക്കേറ്റാണ് ഡേവിഡ് ആബേല്‍. ഒരു വൈദികനെതിരെ കേസ് വാദിക്കാൻ ഒരുങ്ങുന്ന ഡേവിഡ് ആബേലിനെയാണ് സിനിമയുടെ തുടക്കത്തില്‍ വരച്ചുകാട്ടുന്നത്.

അധികം വൈകാതെ പ്രധാന കഥാപരിസരത്തിലേക്കും തിരിയുന്നു ജെഎസ്‍കെ എന്ന കോര്‍ട് റൂം ത്രില്ലര്‍ ഡ്രാമ. ജാനകി വിദ്യാധരൻ ബലാത്സംഗം ചെയ്യപ്പെടുന്നു. ജാനകി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുമ്പോള്‍ അവരുടെ ജീവിതത്തിലെ മറ്റൊരു ദുരന്ത സംഭവവും ഉണ്ടാകുന്നു. തുടര്‍ന്ന് നടക്കുന്ന വാദപ്രതിവാദങ്ങളാണ് ജെഎസ്‍കെയെന്ന സിനിമയ്‍ക്ക് ആധാരം. ജാനകിക്ക് എന്താണ് സംഭവിച്ചത്?, ആരാണ് കുറ്റവാളി എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായുള്ള കണ്ടെത്തലുകള്‍ക്കൊപ്പം സമൂഹത്തിലേക്ക് ചില ചോദ്യ ശരങ്ങള്‍ കൂടി എയ്യുന്നു ജാനകി വി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള. എങ്ങനെ സ്റ്റേറ്റ് ഓഫ് കേരളയും പ്രതിക്കൂട്ടിലേക്ക് വരുന്നത് എന്നത് സിനിമയില്‍ നിര്‍ണായകമാണ്. അതിലേക്കുള്ള നീതിപീഠത്തിന്റെ വിധി പ്രഖ്യാപനവുമാകുമ്പോഴാണ് സിനിമ അക്ഷരാര്‍ഥത്തില്‍ പ്രമേയത്തോട് ശരിപക്ഷം ചേരുന്നത്.

ഫയര്‍ ബ്രാൻഡായ സുരേഷ് ഗോപിയുടെ പ്രകടനം സിനിമയെ തുടക്കത്തിലേ ആവേശത്തിലാക്കുന്നു. ഡയലോഗ് ഡെലിവറിയില്‍ തന്നെ വെല്ലാൻ മലയാളത്തില്‍ മറ്റാരുമില്ലെന്ന് ഉറപ്പിക്കുകയാണ് ഡേവിഡ് ആബേലായിട്ടുള്ള പ്രകടനത്തിലൂടെ സുരേഷ് ഗോപി. കോര്‍ട്ട് റൂമിലെ രംഗങ്ങള്‍ ചടുലമാക്കുന്നതും സുരേഷ് ഗോപിയുടെ ഡയലോഗ് ഡെലിവറിയിലെ താളഭേദങ്ങളാണ്. മലയാളത്തിലേക്ക് ഒരിടവേളയ്‍ക്ക് ശേഷം അനുപമ പരമേശ്വരൻ തിരിച്ചെത്തിയത് വെറുതെയായില്ലെന്നും ജെഎസ്‍കെ തെളിയിക്കുന്നു. പക്വമായ പ്രകടനമാണ് അനശ്വര പരമേശ്വരന്റേത്. സെന്റിമെന്റ്‍സ് രംഗങ്ങളിലും കയ്യൊതുക്കത്തോടെ പെരുമാറുന്നു ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ജാനകിയായി അനശ്വര പരമേശ്വരൻ. അഡ്വക്കറ്റ് നിവേദിതയായിട്ടുള്ള ശ്രുതി രാമചന്ദ്രന്റേതാണ് ചിത്രത്തില്‍ എടുത്തുപറയേണ്ട മറ്റൊരു പ്രകടനം. സുരേഷ് ഗോപിയുടെ ഡേവിഡ് പറഞ്ഞുറപ്പിക്കുന്ന സ്വഭാവ സവിഷേതകള്‍ പ്രകടനത്തില്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട് ശ്രുതി രാമചന്ദ്രൻ. മാധവ് സുരേഷ്, അസ്‍കര്‍ അലി തുടങ്ങിയ മറ്റ് താരങ്ങളും കഥാപാത്രങ്ങളോട് പ്രകടനത്തില്‍ ചേര്‍ന്നുനില്‍ക്കുന്നു.

തിരക്കഥ രചിച്ചിരിക്കുന്നത് ജെഎസ്‍കെ സിനിമയുടെ സംവിധായകനുമായ പ്രവീണ്‍ നാരായണനാണ്. ഗൃഹപാഠം ചെയ്‍ത തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ലായി മാറുന്നതും. ആഖ്യാനത്തിലും സ്വാഭാവികതയോടെ എന്നാല്‍ ചടുലമായി കഥ പറയാൻ പ്രവീണ്‍ നാരായണന് കഴിഞ്ഞിരിക്കുന്നു. എന്താണ് ജെഎസ്‍കെ പറയാൻ ഉദ്ദേശിച്ചതെന്നത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ പ്രവീണ്‍ നാരായണന് സാധിച്ചിട്ടുണ്ട്.

ത്രില്ലിംഗായ പശ്ചാത്തല സംഗീതവും ജെഎസ്‍കെ സിനിമയ്‍ക്ക് ചടുലത പകരുന്നു. ജിബ്രാനാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജിബ്രാനാണ് തീം മ്യൂസികും ചെയ്‍തിരിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗിരീഷ് നാരായണനുമാണ്.

സിനിമയുടെ പ്രമേയത്തിനൊത്തുള്ളതാണ് സിനിമയുടെ ഛായാഗ്രാഹണവും. രെണദിവയാണ് ഛായാഗ്രാഹകൻ. ഉത്സവ പശ്ചാത്തലത്തിലുള്ള ആക്ഷൻ രംഗങ്ങളും ചേസിംഗുമൊക്കെ സിനിമാറ്റിക്കായി ആകര്‍ഷമാകുന്നത് രെണദിവയുടെ മികവുറ്റ ഛായാഗ്രാഹണത്താലാണ്. സംജിദ് മൊഹമ്മദിന്റെ കട്ടുകളും ഈ സിനിമയോടെ സ്വഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
ത്രസിപ്പിക്കുന്ന ത്രില്ലര്‍, ഇമോഷണല്‍, ഈ ധീരം- റിവ്യു