സ്ക്രീനിലെ അടിപ്പൂരം; 'തല്ലുമാല' റിവ്യൂ

By Web TeamFirst Published Aug 12, 2022, 3:19 PM IST
Highlights

ഒരു കഥ പറയുന്നതിനേക്കാള്‍ അതിന്‍റെ അവതരണത്തിലാണ് തല്ലുമാലയുടെ പുതുമ

റിലീസിനു മുൻപ് എത്തിയ ട്രെയ്‍ലറും പാട്ടുകളും അടക്കമുള്ള പ്രൊമോഷണൽ മെറ്റീരിയലുകളിലൂടെ സമീപകാലത്ത് ഏറ്റവും വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമാണ് തല്ലുമാല. കളര്‍ഫുള്ളും ചടുലവുമായ പുതുമയുള്ള ഒരു വിഷ്വല്‍ ലാംഗ്വേജ് ആണ് ചിത്രത്തില്‍ ഉണ്ടാവുകയെന്നാണ് ആ പരസ്യങ്ങളിലൂടെ അണിയറക്കാര്‍ പറയാന്‍ ശ്രമിച്ചത്. സമീപകാലത്ത് തിയറ്ററുകളില്‍ പ്രേക്ഷകര്‍ കുറയാനുള്ള ഒരു കാരണം സെമി റിയലിസ്റ്റിക് പടങ്ങളുടെ തുടര്‍ച്ചയാണെന്ന ചര്‍ച്ചകള്‍ക്കിടെയാണ് പേരില്‍ തന്നെ മാസ് അപ്പീല്‍ ഉള്ള, ടൊവിന നായകനായ ഒരു ചിത്രം എത്തുന്നത്. പ്രീ- റിലീസ് പരസ്യങ്ങളിലൂടെ ചിത്രം എന്തായിരിക്കുമെന്നാണോ അണിയറക്കാര്‍ പറഞ്ഞത്, അതിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ട് തല്ലുമാല.

അപ്പിയറന്‍സില്‍ മാത്രമല്ല, സ്വഭാവത്തിലും പ്രായത്തിലുമൊക്കെ ടൊവിനോ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് തല്ലുമാലയിലെ നായകന്‍ മണവാളന്‍ വസിം. ജീവിതത്തില്‍ കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുത്തിട്ടില്ലാത്ത, സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ചു നടക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന ഇരുപതുകാരന്‍. എന്നാല്‍ വസിമിന്‍റെ ദിവസങ്ങളെ, നിലവിലെ ജീവിതത്തെത്തന്നെ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന കാര്യം മറ്റുള്ളവരുമായി യാദൃശ്ചികമായി സംഭവിക്കുന്ന ഉരസലുകളും അതില്‍ നിന്നുണ്ടാവുന്ന അടിപിടിയുമാണ്. അത്തരം തല്ലുകളില്‍ മുന്‍ പിന്‍ നോക്കാതെ ഇടപെടുന്ന വസിം അവിടെ നിന്നാണ് സുഹൃത്തുക്കളെയും ശത്രുക്കളെയും കാമുകിയെയുമൊക്കെ സമ്പാദിച്ചിട്ടുള്ളത്. പൊന്നാനിക്കാരനായ ഇരുപതുകാരന്‍ വസിമിന്‍റെ ജീവിതത്തിലെ പല തല്ലുകളുടെ ഒരു സമാഹാരമാണ് തല്ലുമാല.

 

ഒരു കഥ പറയുന്നതിനേക്കാള്‍ അതിന്‍റെ അവതരണത്തിലാണ് തല്ലുമാലയുടെ പുതുമ. ഒരു ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോയുടെ ചടുലതയിലാണ് വിവിധ അധ്യായങ്ങളിലായി വസിമിന്‍റെ ഒരു ജീവിതകാലം ഖാലിദ് റഹ്‍മാന്‍ സ്ക്രീനില്‍ ആവിഷ്കരിച്ചിരിക്കുന്നത്. വസിമിന്‍റെ കഥ ആദിമധ്യാന്ത പൊരുത്തത്തോടെ അവതരിപ്പിക്കുന്നതിനു പകരം എപ്പിസോഡിക് സ്വഭാവത്തോടെ നോണ്‍ ലീനിയര്‍ നരേറ്റീവ് ആയാണ് ഖാലിദ് റഹ്‍മാന്‍ ആവിഷ്കരിച്ചിരിക്കുന്നത്. അതിലെ എല്ലാ എപ്പിസോഡുകളെയും കൂട്ടിയിണക്കുന്ന ഒരു ഘടകം എന്നത് അടിയാണ്. 

മിന്നല്‍ മുരളി ഒടിടി റിലീസ് ആയി എത്തിയപ്പോള്‍ പ്രേക്ഷകരില്‍ ഒരു വിഭാഗം പങ്കുവച്ച നിരാശ ഇത് തിയറ്ററുകളില്‍ കാണാനായില്ലല്ലോ എന്നതായിരുന്നു. മിന്നല്‍ മുരളിക്കു ശേഷം തന്റേതായി എത്തുന്ന മാസ് അപ്പീല്‍ ഉള്ള ചിത്രത്തില്‍ സ്വന്തം കഥാപാത്രത്തെ ടൊവിനോ ഗംഭീരമാക്കിയിട്ടുണ്ട്. തന്റെ യഥാര്‍ഥ പ്രായത്തേക്കാള്‍ പത്ത് വയസോളം കുറഞ്ഞ കഥാപാത്രത്തിന്‍റെ ശരീരഭാഷയിലേക്കും മാനറിസങ്ങളിലേക്കും അനായാസമായി ഇറങ്ങിവന്നിട്ടുണ്ട് അദ്ദേഹം. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ ടൊവിനോയ്ക്കൊപ്പം മറ്റുള്ളവരും നന്നായിട്ടുണ്ട്. സിനിമയുടെ നരേഷന്‍ തന്നെ സെറ്റ് ചെയ്യുന്ന ആക്ഷന്‍ രംഗങ്ങളുടെ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് സുപ്രീം സുന്ദര്‍ ആണ്. 

 

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കളര്‍ഫുള്‍ റീല്‍സ് വീഡിയോ പോലെ ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സംഘട്ടന രംഗങ്ങളും കളര്‍ഫുള്‍ ആയ, പാട്ടും നൃത്തവും ഇടയ്ക്കിടെ കടന്നുവരുന്ന നരേഷനില്‍ ഒരിടത്തും ആ മൂഡ് നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ട് ജിംഷി. ഫ്രെയ്‍മുകള്‍ കളര്‍ഫുള്‍ ആക്കിയതിനൊപ്പം ക്യാമറ മൂവ്‍മെന്‍റുകളും ചടുലവും അതേസമയം കാഷ്വലുമാണ്. ടൊവിനോയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നുമാണ് തല്ലുമാല. പ്രൊഡക്ഷന്‍ ഡിസൈനിലാണ് ആ ബജറ്റില്‍ ഏറിയപങ്കും പോയിരിക്കുന്നതെന്നാണ് ചിത്രത്തിന്‍റെ കാഴ്ചാനുഭവം. ഗോകുല്‍ ദാസ് ആണ് ചിത്രത്തിന്‍റെ കലാസംവിധായകന്‍.

ടൊവിനോ മണവാളന്‍ വസിം ആയി നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തില്‍ മികച്ച സ്ക്രീന്‍ പ്രസന്‍സ് അനുഭവിപ്പിക്കുന്നുണ്ട് കല്യാണി പ്രിയദര്‍ശന്‍. ലുക്മാന്‍ അവറാന്‍ അടക്കമുള്ള വസിമിന്‍റെ സുഹൃദ് സംഘവും ഷൈനിന്‍റെ ഓഫ് സ്ക്രീന്‍ ഇമേജിനെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്ന എസ് ഐ റെജി മാത്യുവും ഗോകുലനും ബിനു പപ്പുവും അടക്കമുള്ള എതിരാളികളുടെ സംഘവുമൊക്കെ നന്നായി സ്ക്രീനില്‍ എത്തിയിട്ടുണ്ട്. 

 

സെമി റിയലിസത്തിന് പ്രാധാന്യം കൊടുക്കുന്ന സമീപകാലത്ത് മലയാള സിനിമയില്‍ വൈവിധ്യം കുറയുന്നുവെന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതുമയുള്ള ദൃശ്യഭാഷയില്‍ ഒരു ആക്ഷന്‍ കോമഡി ചിത്രം എത്തിയിരിക്കുന്നത്. റിലീസിനു മുന്‍പ് പരസ്യങ്ങളിലൂടെ സൃഷ്ടിച്ച പ്രതിച്ഛായ എന്താണോ അതുതന്നെ സ്ക്രീനില്‍ നല്‍കുന്നതില്‍ വിജയിച്ചിട്ടുണ്ട് തല്ലുമാലയുടെ അണിയറക്കാര്‍.

ALSO READ : ടൊവിനോയുടെ 'തല്ലുമാല' കസറിയോ? പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

click me!