കാലിസ്തെനിക്സ് വര്‍ക്കൗട്ടില്‍ ഡയറ്റ് ഏറെ പ്രധാനം; അറിയേണ്ട ചിലത്...

By Web TeamFirst Published Dec 25, 2023, 2:37 PM IST
Highlights

പ്രോട്ടീൻ ആണ് ഇത്തരത്തില്‍ കാലിസ്തെനിക്സ് വര്‍ക്കൗട്ടുകള്‍ ചെയ്യുന്നവര്‍ ഡയറ്റിലുറപ്പിക്കേണ്ടൊരു ഘടകം. പേശികളുടെ വളര്‍ച്ചയ്ക്കും ശക്തിക്കുമെല്ലാം പ്രോട്ടീൻ അത്യന്താപേക്ഷിതമാണല്ലോ

കാലിസ്തെനിക്സ് വര്‍ക്കൗട്ടില്‍ ഡയറ്റ്, അഥവാ നമ്മള്‍ കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനമാണ്. ഡയറ്റ് കൂടി കൃത്യമായാലാണ് കാലിസ്തെനിക്സ് വ്യായാമമുറകളുടെ യഥാര്‍ത്ഥ ഫലം കാണാനാകൂ. 

പ്രോട്ടീൻ ആണ് ഇത്തരത്തില്‍ കാലിസ്തെനിക്സ് വര്‍ക്കൗട്ടുകള്‍ ചെയ്യുന്നവര്‍ ഡയറ്റിലുറപ്പിക്കേണ്ടൊരു ഘടകം. പേശികളുടെ വളര്‍ച്ചയ്ക്കും ശക്തിക്കുമെല്ലാം പ്രോട്ടീൻ അത്യന്താപേക്ഷിതമാണല്ലോ. മുട്ട, ലീൻ മീറ്റ്, മീൻ, ഫുള്‍ ഫാറ്റ് ഗ്രീക്ക് യോഗര്‍ട്ട്, സോയ പ്രോട്ടീൻ/ ടോഫു, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, നട്ട്സ് - സീഡ്സ് എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്. 

കാലിസ്തെനിക്സ് വര്‍ക്കൗട്ട് ചെയ്യുന്നവര്‍ കാര്‍ബും ഡയറ്റിലുറപ്പിക്കേണ്ടകുണ്ട്. കോംപ്ലക്സ് കാര്‍ബ് ആണ് എടുക്കേണ്ടത്. ഹോള്‍ ഗ്രെയിൻ സിറില്‍സ്, ബ്രഡ്, പാസ്ത, സ്റ്റാര്‍ച്ച് കാര്യമായി അടങ്ങിയ പച്ചക്കറികള്‍, പരിപ്പ് വര്‍ഗങ്ങള്‍ എന്നിവയെല്ലാം കഴിക്കാം. ഇവയിലൂടെ ആവശ്യത്തിന് ഫൈബറും ഉറപ്പിക്കാൻ സാധിക്കും. എന്നാല്‍ കാര്‍ബ് അമിതമാകാതെ നോക്കണേ. അമിതമായാല്‍ വണ്ണം കൂടാം, അതുപോലെ പ്രമേഹം പോലുള്ള പ്രശ്നങ്ങളും വരാം. 

കാലിസ്തെനിക്സ് വര്‍ക്കൗട്ടിലുള്ളവര്‍  നിര്‍ബന്ധമായും പതിവായി ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തണം. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിങ്ങനെയുള്ള അവശ്യഘടകങ്ങളെല്ലാം ഉറപ്പിക്കുന്നതിനാണ് പഴങ്ങളും പച്ചക്കറികളും കാര്യമായി കഴിക്കണമെന്ന് പറയുന്നത്. ഇതിലൂടെയും ഫൈബര്‍ കാര്യമായി ലഭിക്കും. ഫൈബറിന് പുറമെയാണ് വൈറ്റമിനുകളും ദാതുക്കളും ആന്‍റി ഓക്സിഡന്‍റ്സും ലഭിക്കുന്നത്. പേശീവളര്‍ച്ചയ്ക്ക് ഈ ഘടകങ്ങളെല്ലാം നിര്‍ബന്ധമായും വേണം. 

ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളുണ്ട് എന്നതിനൊപ്പം തന്നെ ചില ഭക്ഷണങ്ങള്‍ കാലിസ്തെനിക്സ് വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഒഴിവാക്കുകയും വേണം. പ്രോട്ടീൻ പൗഡര്‍, സിമ്പിള്‍ കാര്‍ബ്സ്, ഹൈലി പ്രോസസ്ഡ് ഫുഡ്സ് എന്നിവയാണ് പ്രധാനമായും ഇത്തരത്തില്‍ ഒഴിവാക്കേ ഭക്ഷണങ്ങള്‍. ഇവ മോശം ഫലത്തിലേക്ക് നയിക്കാൻ കാരണമായി തീരുമെന്നതിനാലാണ് ഒഴിവാക്കണമെന്ന് പറയുന്നത്.

Also Read:- കോര്‍ സ്ട്രെങ്തിന് ചെയ്യാവുന്ന കാലിസ്തെനിക്സ് വര്‍ക്കൗട്ട്...

click me!