"എന്നെപ്പോലെ മറ്റാരുമില്ല, മറ്റൊരാൾ ഒരിക്കലും ഉണ്ടാകുകയുമില്ല": ഇളയരാജയുടെ പ്രസ്താവന വിവാദത്തില്‍

Published : May 30, 2025, 06:21 PM IST
"എന്നെപ്പോലെ മറ്റാരുമില്ല, മറ്റൊരാൾ ഒരിക്കലും ഉണ്ടാകുകയുമില്ല": ഇളയരാജയുടെ പ്രസ്താവന വിവാദത്തില്‍

Synopsis

തെലുങ്ക് ചിത്രം ഷഷ്ഠിപൂർത്തിയുടെ പ്രമോഷനിടെ ഇളയരാജ നടത്തിയ പരാമർശം വിവാദമായി. 

ചെന്നൈ:  ഇന്ത്യൻ സിനിമയിലെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ വരുന്ന പേരുകളിലൊന്നാണ് ഇളയരാജ. ആയിരക്കണക്കിന് സിനിമകൾക്ക് സംഗീതം നൽകിയിട്ടുള്ള ഇസൈജ്ഞാനി എന്ന വിളിപ്പേരുള്ള ഇളയരാജ എന്നാല്‍ വിവദങ്ങള്‍ ഉണ്ടാക്കാനും ഒട്ടും പിറകില്‍ അല്ല.  അതിനാല്‍ തന്നെ ഭാഷകളുടെ തടസം ഇല്ലാതെ ആയിരത്തോളം ചിത്രങ്ങള്‍ക്ക് ഈണം നല്‍കിയ ഇളയരാജയ്ക്ക് ചിലപ്പോള്‍ അത്ര സുഖകരമല്ലാത്ത പ്രതികരണങ്ങള്‍ തിരിച്ചും ലഭിക്കാറുണ്ട്. 

അദ്ദേഹത്തിന്‍റെ പുതിയ വിവാദം സംഗീതത്തിന്റെ പേരിലല്ല, മറിച്ച് അദ്ദേഹത്തിന്‍റെ ചില പരാമര്‍ശങ്ങള്‍ കൊണ്ടാണ്. വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ ഷഷ്ഠിപൂർത്തിയുടെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍, "എന്നെപ്പോലെ മറ്റാരുമില്ല, മറ്റൊരാൾ ഒരിക്കലും ഉണ്ടാകുകയുമില്ല" എന്നാണ് മുതിർന്ന സംഗീതസംവിധായകൻ അഭിപ്രായപ്പെട്ടത്. ഈ പ്രസ്താവന പെട്ടെന്ന് വൈറലായി, നിരവധി കമന്‍റുകളാണ് ലഭിക്കുന്നത് എന്നാണ് 123 തെലുങ്ക്  റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഈ പരാമർശം സ്വയം അഹങ്കരിക്കുന്നതും, ഒട്ടും വിനയം ഇല്ലാത്തതുമാണ് എന്നാണ് പലരും കരുതുന്നത്. സംഗീത സംവിധായകന്‍റെ നേട്ടങ്ങൾ നിഷേധിക്കാനാവാത്തവിധം ശ്രദ്ധേയമാണെങ്കിലും, വിനയം പലപ്പോഴും യഥാർത്ഥ മഹത്വത്തിന്‍റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്ന ഒരു മേഖലയിൽ അത്തരം അവകാശവാദങ്ങൾ പരിഹാസ്യമാണ് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

സമാനമായ വിജയം നേടിയിട്ടും വിനയാന്വിതനായി നിലകൊണ്ട എം.എസ്. വിശ്വനാഥൻ പോലുള്ള മറ്റ് ഇതിഹാസ സംഗീതസംവിധായകരുടെ നിലപാടുകളുമായി ഇളയരാജയുടെ നിലപാടിനെ താരതമ്യം ചെയ്യുന്നവരും കുറവല്ല. ഇളയരാജയെപ്പോലെ ഒരാളില്‍ നിന്നും ഇത്തരം വാക്കുകൾ വന്നത് അനാവശ്യവും നിരാശാജനകവുമാണ് എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. 

മറുവശത്ത്, അദ്ദേഹത്തിന്റെ വിശ്വസ്തരായ ആരാധകർ അദ്ദേഹത്തെ ശക്തമായി ന്യായീകരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇളയരാജയുടെ ഈ പ്രസ്താവന അഹങ്കാരമല്ലെന്നും, ചുരുക്കം ചിലർക്ക് മാത്രമേ അത് മനസിലാക്കാന്‍  കഴിയൂ എന്നതുമാണ് ഇവരുടെ വാദം. ഒരു സംഗീത ജീവിത യാത്രയുടെ സത്യസന്ധമായ പ്രതിഫലനമാണ് ഇതെന്നാണ് ചിലര്‍ പറയുന്നത്. 

ക്ലിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നത് തുടരുമ്പോൾ, സംഗീത സംവിധായകന്‍റെ അഭിപ്രായങ്ങളിലും രണ്ട് ഭാഗമുണ്ട്. പക്ഷേ, ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല ഇത്തരം സംഭാഷണം പല വിവാദങ്ങള്‍ക്കൊപ്പം  പുതിയ വിവാദത്തിലും ഇളയരാജയെ പിടിച്ചിട്ടിരിക്കുകയാണ്. 


 

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്