
രാജ്യത്തെ ധാതു സമ്പന്നമായ സംസ്ഥാനമായ ഒഡിഷയ്ക്ക് വീണ്ടും സ്വര്‍ണത്തിളക്കം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പര്യവേക്ഷണത്തില്‍ വിവിധ ജില്ലകളിലായി 10 മുതല്‍ 20 ടണ്‍ വരെ സ്വര്‍ണ ശേഖരം കണ്ടെത്തി. ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയെ ഇത് കാര്യമായി സ്വാധീനിക്കില്ലെങ്കിലും, രാജ്യത്തെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും. ഒഡിഷയിലെ ഖനന മേഖലയ്ക്ക് ഇത് വലിയ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ. ഖനി മന്ത്രി ബിഭൂതി ഭൂഷണ്‍ ജെനയാണ് നിയമസഭയില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ദേവ്ഗഢ് (അഡസ-റാംപള്ളി), സുന്ദര്‍ഗഢ്, നബരംഗ്പൂര്‍, കിയോഞ്ചാര്‍, അംഗുല്‍, കോരാപുട്ട് എന്നീ ജില്ലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ഇതിന് പുറമെ മയൂര്‍ഭഞ്ച്, മാല്‍ക്കണ്‍ഗിരി, സാംബല്‍പൂര്‍, ബൗദ്ധ് എന്നിവിടങ്ങളിലും പര്യവേക്ഷണം തുടരുകയാണ്. ഖനനം തുടങ്ങാനും ഖനന ബ്ലോക്കുകള്‍ ലേലം ചെയ്യാനുമുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ വേഗത്തിലാക്കി.
കണക്കുകള്‍ സൂചിപ്പിക്കുന്നത്
ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഭൗമശാസ്ത്രപരമായ സൂചകങ്ങള്‍ വിശകലനം ചെയ്ത് വിദഗ്ധര്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം സ്വര്‍ണ ശേഖരം 10 മുതല്‍ 20 മെട്രിക് ടണ്‍ വരെയാകാം. ഇത് ഇന്ത്യയുടെ ഇറക്കുമതി കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ അളവല്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യ 700-800 മെട്രിക് ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. 2020-ലെ കണക്കനുസരിച്ച് രാജ്യത്തെ ആഭ്യന്തര ഉത്പാദനം വെറും 1.6 ടണ്‍ സ്വര്‍ണം മാത്രമാണ്. ഖനനം, വിപണനംം എന്നിവ ഏകോപിപ്പിക്കാന്‍ ഒഡിഷ സര്‍ക്കാര്‍, ഒഡിഷ മൈനിംഗ് കോര്‍പ്പറേഷന്‍ , ജി.എസ്.ഐ എന്നിവര്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി, ദേവ്ഗഢിലെ ആദ്യ സ്വര്‍ണ ഖനന ബ്ലോക്ക് ലേലം ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്.