
വാഹനം അപകടത്തില്‍പ്പെടുമ്പോഴാണ് പലപ്പോഴും ഇന്‍ഷുറന്‍സ് പോളിസിയുടെ യഥാര്‍ഥ മൂല്യം നാം തിരിച്ചറിയുന്നത്. എന്നാല്‍ ചെറിയതാണെങ്കില്‍ പോലും തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് കാരണം ക്ലെയിം തുക നിരസിക്കപ്പെടാന്‍ സാധ്യതയേറെയാണ്.
അപകട സ്ഥലത്തെ തെളിവുകള്‍: അപകടസ്ഥലത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി സൂക്ഷിക്കുന്നത് ക്ലെയിം നടപടികള്‍ എളുപ്പമാക്കും
കൃത്യമായ വിവരങ്ങള്‍ നല്‍കുക: വാഹനം വാങ്ങുമ്പോഴും ഇന്‍ഷുറന്‍സ് എടുക്കുമ്പോഴും മുന്‍പത്തെ ക്ലെയിമുകള്‍, നോ ക്ലെയിം ബോണസ്, വാഹനത്തിന്റെ ഉടമസ്ഥാവകാശം, വരുത്തിയ മാറ്റങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്തണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ക്ലെയിം നിരസിക്കപ്പെടാനുള്ള പ്രധാന കാരണമാണ്.
സീറോ ഡെപ്രിസിയേഷന്‍ കവറേജ്: സീറോ ഡെപ്രിസിയേഷന്‍ ആഡ്- ഓണ്‍ ഉണ്ടെങ്കിലും സാധാരണ തേയ്മാനങ്ങള്‍ക്ക് കവറേജ് ലഭിക്കില്ല. എന്‍ജിന്‍ ഓയില്‍, കൂളന്റ്, ബ്രേക്ക് ഓയില്‍, നട്ട്, ബോള്‍ട്ട് തുടങ്ങിയ വസ്തുക്കള്‍ക്ക് പ്രത്യേക ആഡ്-ഓണ്‍ എടുക്കേണ്ടതുണ്ട്. എന്‍ജിന്‍, ടയര്‍ സംരക്ഷണത്തിനും പ്രത്യേക കവറേജ് ആവശ്യമാണ്.
ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ക്ലെയിം ചെയ്യരുത്: ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ക്ലെയിം ചെയ്താല്‍ നോ ക്ലെയിം ബോണസ് നഷ്ടപ്പെടും. റീന്യൂവല്‍ സമയത്ത് 12,000-15,000 രൂപ ബോണസായി ലാഭിക്കാമെന്നിരിക്കെ 8,000-10,000 രൂപയുടെ റിപ്പയറിങ് ക്ലെയിം സ്വന്തം കൈയില്‍ നിന്ന് അടയ്ക്കുന്നതാണ് ലാഭകരം. എന്നാല്‍ 50,000 രൂപ പോലെയുള്ള വലിയ തുകകള്‍ക്ക് ക്ലെയിം നല്‍കാം.
പഴയ കേടുപാടുകള്‍ പുതിയ ക്ലെയിമില്‍ ഉള്‍പ്പെടുത്തരുത്: പുതിയ അപകടത്തില്‍ പഴയ പോറലുകളോ കേടുപാടുകളോ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ ക്ലെയിം പൂര്‍ണമായും റദ്ദാക്കപ്പെട്ടേക്കാം. പഴയ കേടുപാടുകള്‍ തിരിച്ചറിയാന്‍ സര്‍വേയര്‍മാര്‍ക്ക് സാധിക്കും.
ഉപയോഗിച്ച കാറുകള്‍ വാങ്ങുമ്പോള്‍: വാഹനം മറ്റൊരാളിലേക്ക് കൈമാറുമ്പോള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഓട്ടോമാറ്റിക്കായി മാറുമെങ്കിലും സ്വന്തം വാഹനത്തിനായുള്ള കവറേജ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റേണ്ടതുണ്ട്.
വാഹനം മോഷ്ടിക്കപ്പെട്ടാല്‍: പൊലീസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇന്‍ഷുറന്‍സ് കമ്പനിയെയും ആര്‍.ടി.ഒയെയും ഉടന്‍ അറിയിക്കുകയും വേണം. ആര്‍.സി ബുക്കിന്റെ അസലും കാറിന്റെ താക്കോലുകളും നല്‍കാന്‍ വൈകിയാല്‍ പ്രക്രിയ സങ്കീര്‍ണ്ണമാകും.
ടോട്ടല്‍ ലോസ് വാഹനങ്ങള്‍: വാഹനം പൂര്‍ണമായി നശിച്ചതായി പ്രഖ്യാപിച്ചാലും അതിന്റെ അവശിഷ്ടങ്ങള്‍ക്ക് മൂല്യമുണ്ട്. കമ്പനിയുടെ സഹായത്തോടെയോ അല്ലാതെയോ ഇത് വിറ്റഴിക്കാവുന്നതാണ്.
തേര്‍ഡ് പാര്‍ട്ടിയും പേഴ്‌സണല്‍ ആക്‌സിഡന്റ് കവറും: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മറ്റുള്ളവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്കുള്ളതാണ്. ഓണ്‍-ഡാമേജ് പോളിസി സ്വന്തം വാഹനത്തെ സംരക്ഷിക്കുന്നു. ഉടമയ്ക്ക്/ഡ്രൈവര്‍ക്കുള്ള പേഴ്‌സണല്‍ ആക്‌സിഡന്റ് കവറേജ് 15 ലക്ഷം രൂപയുടേതാണ്, ഇതിന് നിര്‍ബന്ധിത വാര്‍ഷിക പ്രീമിയം 750 രൂപയാണ്.