
ഭാവിയിലേക്കുള്ള സാമ്പത്തിക പ്ലാനിംഗ് നടത്തുമ്പോൾ പലരും നിക്ഷേപങ്ങൾക്കും റിട്ടയർമെന്റ് ഫണ്ടിനുമാണ് കൂടുതൽ പ്രാധാന്യം നൽകാറുളളത്. എന്നാൽ ഇവയ്ക്കെല്ലാം ഒപ്പം പ്രാധാന്യമുള്ള ഒന്നാണ് എമർജൻസി ഫണ്ട് കണ്ടെത്തി വക്കുകയെന്നതും. പെട്ടെന്നുള്ള കാർ റിപയർ, ചികിത്സാചെലവ്, ജോലി നഷ്ടം തുടങ്ങിയ അനിശ്ചിത സാഹചര്യങ്ങളിൽ കടം വാങ്ങാതെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഈ ഫണ്ട് സഹായിക്കും. പ്രതിസന്ധി വരുന്ന കാലഘട്ടത്തിൽ ദിനചര്യ ചെലവുകളിൽ സമ്മർദ്ദമില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നുവെന്നതാണ് എമർജൻസി ഫണ്ടിന്റെ പ്രധാന ഗുണം.
സാധാരണയായി 3 മുതൽ 6 മാസം വരെ നമുക്കും നമ്മുടെ കുടുംബത്തിനും ജീവിക്കാനുള്ള ചെലവുകൾക്ക് തുല്യമായ തുക എമർജൻസി ഫണ്ടായി സൂക്ഷിക്കണമെന്നാണ്. എന്നാൽ ഫ്രീലാൻസർമാർ, സ്ഥിരമല്ലാത്ത വരുമാനമുള്ളവർ, ആരോഗ്യപ്രശ്നങ്ങളോ ആശ്രിതരുമുള്ളവർ എന്നിവർക്ക് 6 മുതൽ 12 മാസം വരെയുള്ള ചെലവുകൾക്കുള്ള ഫണ്ട് കരുതുന്നതാണ് കൂടുതൽ നല്ലത്.
ആദ്യം നിങ്ങൾക്ക് ഒരു മാസം വേണ്ട അനിവാര്യ ചെലവുകൾ കണ്ടെത്തി ലിസ്റ്റ് ചെയ്ത് വക്കണം. ഇതിൽ ഉൾപ്പെടേണ്ടത്:
ഇഎംഐകളും ലോൺ തിരിച്ചടവുകളും
വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് ബില്ലുകൾ
ഭക്ഷണവും ദിവസേന വരുന്ന മറ്റ് ചെലവുകളും
ഇൻഷുറൻസ് പ്രീമിയങ്ങൾ
കുട്ടികളുടെ സ്കൂൾ ഫീസ്
യാത്രാചെലവുകൾ
ഈ മൊത്തം തുക 3 മുതൽ 6 വരെ ഗുണിക്കണം. ഇതാണ് എമർജൻസി ഫണ്ടായി നിങ്ങൾ എത്ര കരുതി വക്കണമെന്ന് കാട്ടിത്തരുന്ന തുക. നേരത്തെ പറഞ്ഞത് പോലെ സ്ഥിരതയില്ലാത്ത വരുമാനമുള്ളവർക്ക് ഈ സംഖ്യയെ ഇത് 6 മുതൽ 12 വരെ ഗുണിച്ച് കണക്കാക്കാം.
എങ്ങനെ തുടങ്ങാം?
എമർജൻസി ഫണ്ട് ഒറ്റയടിക്ക് കണ്ടെത്താൻ പറ്റണമെന്നില്ല. ഇവർക്ക് ചെറിയ തുകകളിൽ തുടങ്ങി ശീലമാക്കാം. ഉദാഹരണത്തിന്, മാസച്ചെലവ് 25,000 രൂപ ആണെങ്കിൽ 6 മാസത്തേക്ക് 1.5 ലക്ഷം രൂപ വരെ ലക്ഷ്യമായി വക്കാം. ഇത് 500 മുതൽ 1,000 വരെ മാസം നിക്ഷേപിച്ചും തുടങ്ങാം. ബോണസ്, ടാക്‌സ് റീഫണ്ട്, അധിക വരുമാനവുമെല്ലാം ഈ ഫണ്ടിലേക്ക് ആഡ് ചെയ്യുന്നത് പരിഗണിക്കാം.
എവിടെ നിക്ഷേപിക്കണം?
എമർജൻസി ഫണ്ട് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ തന്നെ സൂക്ഷിക്കണം. പക്ഷേ ദിവസേന ഉപയോഗിക്കുന്ന അക്കൗണ്ടിൽ നിന്ന് മാറ്റുകയും വേണം. ഇതിനായി ഒരു സേവിംഗ്സ് അക്കൌണ്ട് തുടങ്ങതും നല്ലതാണ്.