65 കഴിഞ്ഞ മാതാപിതാക്കള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നുണ്ടോ? പോളിസിയിലെ ഈ 'കുഞ്ഞുകാര്യങ്ങൾ' ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും!

Published : Mar 05, 2026, 05:33 PM IST
Health Insurance

Synopsis

പ്രായമായ മാതാപിതാക്കൾക്ക് ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയം മാത്രം നോക്കിയാൽ പോരാ. കോ-പേയ്മെന്റ്, സബ്-ലിമിറ്റുകൾ, പഴയ അസുഖങ്ങൾക്കുള്ള കാത്തിരിപ്പ് കാലാവധി തുടങ്ങിയ മറഞ്ഞിരിക്കുന്ന നിബന്ധനകൾ ക്ലെയിം സമയത്ത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. 

പ്രായമായ മാതാപിതാക്കള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുക എന്നത് ഇന്ന് വലിയ കടമ്പയല്ല. പ്രീമിയം തുക നോക്കിയും പഴയ അസുഖങ്ങള്‍ക്ക് കവറേജ് ഉണ്ടോ എന്ന് പരിശോധിച്ചും നമ്മള്‍ വേഗത്തില്‍ പോളിസി എടുക്കും. എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയി ക്ലെയിം ചെയ്യുന്ന സമയത്താണ് പലപ്പോഴും ഇന്‍ഷുറന്‍സ് കമ്പനികളുടെ 'നിബന്ധനകള്‍' നമുക്ക് വില്ലനാകുന്നത്. പരസ്യങ്ങളില്‍ കാണാത്ത, എന്നാല്‍ പോളിസി എടുക്കുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:

1. 'കോ-പേ' മറക്കരുത്; കീശയില്‍ നിന്ന് പണം പോകും

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മിക്ക പോളിസികളിലും 20 മുതല്‍ 40 ശതമാനം വരെ 'കോ-പേയ്മെന്റ്' നിബന്ധന ഉണ്ടാകും. അതായത്, ആശുപത്രി ബില്ലില്‍ ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം നിങ്ങള്‍ സ്വന്തം കൈയ്യില്‍ നിന്ന് നല്‍കണം. ഉദാഹരണം: 4 ലക്ഷം രൂപയാണ് ആശുപത്രി ബില്ലെങ്കില്‍, 30 ശതമാനം കോ-പേ നിബന്ധനയുള്ള പോളിസിയില്‍ ഇന്‍ഷുറന്‍സ് കമ്പനി 2.8 ലക്ഷം രൂപ മാത്രമേ നല്‍കൂ. ബാക്കി 1.2 ലക്ഷം രൂപ നിങ്ങള്‍ അടയ്‌ക്കേണ്ടി വരും. പ്രീമിയം കൂട്ടി നല്‍കിയാല്‍ ഈ നിബന്ധന ഒഴിവാക്കാന്‍ ചില കമ്പനികള്‍ അനുവദിക്കാറുണ്ട്.

2. സബ്-ലിമിറ്റുകള്‍ എന്ന കെണി

10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഉണ്ടെന്ന് കരുതി സമാധാനിക്കരുത്. പല രോഗങ്ങള്‍ക്കും ചികിത്സകള്‍ക്കും കമ്പനികള്‍ പരിധി നിശ്ചയിച്ചിട്ടുണ്ടാകും.

റൂം വാടക: പോളിസി തുകയുടെ ഒരു ശതമാനം മാത്രമേ റൂം വാടകയായി നല്‍കൂ എന്ന നിബന്ധനയുണ്ടെങ്കില്‍, അതില്‍ കൂടുതല്‍ തുകയുള്ള മുറി എടുത്താല്‍ ഡോക്ടറുടെ ഫീസിലും മരുന്നുകളിലും വരെ ആനുപാതികമായ കുറവ് കമ്പനി വരുത്തും.

മറ്റ് ചികിത്സകള്‍: തിമിര ശസ്ത്രക്രിയ, സന്ധിമാറ്റിവെക്കല്‍ എന്നിവയ്ക്കും നിശ്ചിത തുക മാത്രമേ ലഭിക്കൂ എന്ന് കമ്പനികള്‍ മുന്‍കൂട്ടി നിശ്ചയിക്കാറുണ്ട്.

3. പഴയ അസുഖങ്ങള്‍ക്കുള്ള കാത്തിരിപ്പ് കാലാവധി

പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ 'നിലവിലുള്ള അസുഖങ്ങള്‍' കവര്‍ ചെയ്യാന്‍ 65 വയസ്സ് കഴിഞ്ഞവര്‍ക്ക് 2 മുതല്‍ 4 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. പോളിസി എടുത്ത ഉടന്‍ ഇത്തരം അസുഖങ്ങള്‍ക്ക് ക്ലെയിം ലഭിക്കില്ലെന്ന് ചുരുക്കം. കൂടുതല്‍ പ്രീമിയം നല്‍കിയാല്‍ ഈ കാലാവധി കുറയ്ക്കാന്‍ ചില പ്ലാനുകളില്‍ സാധിക്കും.

4. മെഡിക്കല്‍ പരിശോധനകള്‍ നിര്‍ണ്ണായകം

ഈ പ്രായത്തില്‍ പോളിസി നല്‍കുന്നതിന് മുന്‍പ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വൈദ്യപരിശോധന നടത്താറുണ്ട്. ഇതിന്റെ ഫലം അനുസരിച്ച്:

പ്രീമിയം തുക കൂട്ടാം.

ചില പ്രത്യേക രോഗങ്ങളെ കവറേജില്‍ നിന്ന് ഒഴിവാക്കാം.

കോ-പേ ശതമാനം വര്‍ദ്ധിപ്പിക്കാം.

പോളിസി നല്‍കുന്നത് തന്നെ നിരസിക്കാം.

അതുകൊണ്ട് ഓണ്‍ലൈനില്‍ കാണുന്ന പ്രീമിയം തുക തന്നെയാകണം എന്നില്ല പോളിസി ലഭിക്കുമ്പോള്‍ നിങ്ങള്‍ നല്‍കേണ്ടി വരിക.

5. റീസ്റ്റോറേഷന്‍, നോ ക്ലെയിം ബോണസ്: പ്രായമായവര്‍ക്ക് എത്രത്തോളം ഗുണകരം?

റീസ്റ്റോറേഷന്‍: ഒരു ചികിത്സയ്ക്ക് പണം തീര്‍ന്നുപോയാല്‍ ഇന്‍ഷുറന്‍സ് തുക വീണ്ടും നിറയുന്ന രീതിയാണിത്. എന്നാല്‍ ഒരേ രോഗത്തിന് തന്നെ രണ്ടാമതും അഡ്മിറ്റ് ആയാല്‍ പല കമ്പനികളും ഈ ആനുകൂല്യം നല്‍കില്ല. പ്രായമായവര്‍ക്ക് ഒരേ അസുഖത്തിന് തന്നെ തുടര്‍ച്ചയായ ചികിത്സ വേണ്ടിവരാറുള്ളതിനാല്‍ ഇത് ശ്രദ്ധിക്കണം.

നോ ക്ലെയിം ബോണസ്: ക്ലെയിം ഇല്ലാത്ത വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിക്കുന്ന രീതിയാണിത്. എന്നാല്‍ വിട്ടുമാറാത്ത അസുഖങ്ങളുള്ള പ്രായമായവര്‍ക്ക് ക്ലെയിം ഇല്ലാത്ത വര്‍ഷങ്ങള്‍ കുറവാകാന്‍ സാധ്യതയുള്ളതിനാല്‍ ഇതില്‍ വലിയ ലാഭം പ്രതീക്ഷിക്കണ്ട.

6. പ്രായം കൂടുമ്പോള്‍ പ്രീമിയം കൂടും

70- 75 വയസ് കഴിയുമ്പോള്‍ പ്രീമിയം തുകയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ന് നല്‍കുന്ന പ്രീമിയം ഭാവിയിലും താങ്ങാന്‍ കഴിയുമോ എന്ന് ചിന്തിച്ച് വേണം ഇന്‍ഷുറന്‍സ് എടുക്കാന്‍.

7. ഹോസ്പിറ്റല്‍ നെറ്റ്‌വര്‍ക്ക് നോക്കി മാത്രം പോളിസി എടുക്കുക

പേരുള്ള ഇന്‍ഷുറന്‍സ് കമ്പനിയാണോ എന്നതിനേക്കാള്‍ പ്രധാനം, നിങ്ങളുടെ വീടിനടുത്തുള്ള മികച്ച ആശുപത്രികളില്‍ അവിടെ 'ക്യാഷ്ലെസ്' സൗകര്യം ഉണ്ടോ എന്നതാണ്. പണം ആദ്യം അടച്ച് പിന്നീട് കമ്പനിയില്‍ നിന്ന് വാങ്ങേണ്ടി വരുന്നത്അടിയന്തര ഘട്ടങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും.

PREV
Read more Articles on
click me!

Recommended Stories

പെട്ടെന്നൊരു ദിവസം ജോലി പോയാല്‍ എന്തുചെയ്യും? സാമ്പത്തികമായി തളരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വരുമാനം കൃത്യമല്ലേ? ടെന്‍ഷന്‍ വേണ്ട; ഫ്രീലാന്‍സര്‍മാര്‍ക്കും ബിസിനസുകാര്‍ക്കും പണം മാനേജ് ചെയ്യാന്‍ ഇതാ ചില എളുപ്പവഴികള്‍