പെട്ടെന്നൊരു ദിവസം ജോലി പോയാല്‍ എന്തുചെയ്യും? സാമ്പത്തികമായി തളരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Published : Mar 05, 2026, 03:22 PM IST
Tensed Lady

Synopsis

പെട്ടെന്നൊരു ദിവസം ജോലി നഷ്ടമായാൽ അത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. കയ്യിലുള്ള സമ്പാദ്യം നോക്കി, അനാവശ്യ ചെലവുകൾ ഒഴിവാക്കി, വായ്പകൾ പുനഃക്രമീകരിച്ച്, പുതിയ കടങ്ങൾ ഒഴിവാക്കി ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന് നോക്കാം. 

പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെടുന്നത് ആര്‍ക്കും താങ്ങാനാവുന്ന കാര്യമല്ല. കാരണം, വായ്പകളുടെ ഇഎംഐ, കുട്ടികളുടെ സ്‌കൂള്‍ ഫീസ്, വീട്ടിലെ ചിലവുകള്‍ എന്നിവയെല്ലാം പ്രതിസന്ധിയിലാകും. വരുമാനം നിലയ്ക്കുമ്പോള്‍ സ്വാഭാവികമും ഭയം തോന്നും. എന്നാല്‍ ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളാണ് ഈ പ്രതിസന്ധിയെ നമ്മള്‍ എങ്ങനെ മറികടക്കും എന്ന് നിശ്ചയിക്കുന്നത്. ഇവിടെ പരിഭ്രാന്തരായി തീരുമാനങ്ങള്‍ എടുക്കാതെ, പുതിയൊരു ജോലി കിട്ടുന്നതുവരെ സാമ്പത്തികമായി എങ്ങനെ പിടിച്ചുനില്‍ക്കാം എന്ന് നോക്കാം:

കയ്യിലുള്ള സമ്പാദ്യം എത്രത്തോളമുണ്ടെന്ന് കണക്കാക്കാം

ചെലവുകള്‍ ചുരുക്കുന്നതിന് മുമ്പ് കയ്യിലുള്ള സമ്പാദ്യം എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കുക. ബാങ്ക് അക്കൗണ്ടിലുള്ള പണം, എമര്‍ജന്‍സി ഫണ്ട്, മറ്റ് നിക്ഷേപങ്ങള്‍, കമ്പനിയില്‍ നിന്ന് ലഭിക്കാനുള്ള അവസാന സെറ്റില്‍മെന്റ് തുക എന്നിവ പരിശോധിക്കുക. ഇനി ഇത് വച്ച് എത്ര നാള്‍ ജീവിക്കാന്‍ സാധിക്കുമെന്ന് കണക്കുകൂട്ടണം. ഇതിനായി വാടക, ഭക്ഷണം, ഇലക്ട്രിസിറ്റി, ഇന്‍ഷുറന്‍സ്, സ്‌കൂള്‍ ഫീസ്, ഇഎംഐ തുടങ്ങിയ അത്യാവശ്യ ചെലവുകള്‍ മാത്രം കണക്കാക്കുക. ഇത് നിങ്ങളെ ഭയപ്പെടുത്താനല്ല, മറിച്ച് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ലഭിക്കാനാണ്.

അനാവശ്യ ചെലവുകള്‍ക്ക് ഉടന്‍ താഴിടാം

ജോലി പോയ ഉടനെ പലരും വരുത്തുന്ന വലിയൊരു തെറ്റാണ് ചെലവുകള്‍ ചുരുക്കാന്‍ വൈകുന്നത്. ചെറിയ ചെലവുകള്‍ പിന്നീട് വലിയ ബാധ്യതയായി മാറും. അതിനാല്‍ ആവശ്യമില്ലാത്ത സബ്‌സ്‌ക്രിപ്ഷനുകള്‍ ഉടന്‍ തന്നെ ക്യാൻസൽ ചെയ്യുക. വലിയ സാധനങ്ങള്‍ വാങ്ങുന്നത് മാറ്റിവെക്കുക. ഈ സമയത്ത് ചെലവ് ചുരുക്കുന്നത് ഒരു ശിക്ഷയായി കാണരുത്, ഇതൊരു താല്‍ക്കാലിക മുന്‍കരുതല്‍ മാത്രമാണ്.

പണം ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കുക

കയ്യില്‍ പണമുണ്ടെങ്കില്‍ അത് പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കും. അതിനാല്‍ ഈ സമയത്ത് ദീര്‍ഘകാല നിക്ഷേപങ്ങളിലേക്കോ പെട്ടെന്ന് പണമാക്കി മാറ്റാന്‍ സാധിക്കാത്ത പദ്ധതികളിലേക്കോ പണം മാറ്റരുത്. ഇനി നിക്ഷേപങ്ങള്‍ പിന്‍വലിക്കേണ്ടി വന്നാല്‍ തന്നെ എല്ലാം കൂടെ ഒറ്റയടിക്ക് പിന്‍വലിക്കരുത്.

വായ്പകള്‍ മുടങ്ങും മുമ്പ് ബാങ്കുമായി സംസാരിക്കാം

നിങ്ങള്‍ക്ക് ഇഎംഐകളോ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയോ ഉണ്ടെങ്കില്‍, തിരിച്ചടവ് മുടങ്ങുന്നത് വരെ കാത്തിരിക്കരുത്. പല ബാങ്കുകളും ഇഎംഐ പുനഃക്രമീകരിക്കാനും, താല്‍ക്കാലികമായി തിരിച്ചടവ് മാറ്റിവെക്കാനും സൗകര്യം നല്‍കാറുണ്ട്. തിരിച്ചടവ് മുടങ്ങിയാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. അതിനാല്‍ മുന്‍കൂട്ടി തന്നെ ബാങ്കുമായി സംസാരിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കുക.

എമര്‍ജന്‍സി ഫണ്ട് ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക

ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ളതാണ് എമര്‍ജന്‍സി ഫണ്ടുകള്‍. അതുകൊണ്ട് അത് ഉപയോഗിക്കാന്‍ മടിക്കേണ്ടതില്ല. എന്നാല്‍ ഒറ്റയടിക്ക് ആ തുക മുഴുവന്‍ എടുത്ത് ചെലവാക്കാതെ, ഓരോ മാസത്തേക്കും ആവശ്യമുള്ളത് മാത്രം എടുക്കുക.

പരിഭ്രാന്തിയില്‍ പുതിയ കടങ്ങള്‍ വരുത്തിവെക്കരുത്

ജോലി പോകുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകളും, പേ ലേറ്റര്‍ ആപ്പുകളും, പെട്ടെന്ന് കിട്ടുന്ന പേഴ്‌സണല്‍ ലോണുകളും വലിയൊരാശ്വാസമായി തോന്നാം. എന്നാല്‍ ഇവ ഉയര്‍ന്ന പലിശയുള്ള കടക്കെണിയിലേക്കാവും നിങ്ങളെ എത്തിക്കുക. പുതിയൊരു സ്ഥിരവരുമാനം എന്ന് ശരിയാകുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയില്‍ പുതിയ ബാധ്യതകള്‍ തലയില്‍ വെക്കാതിരിക്കുക.

അനുയോജ്യമായ ജോലി കിട്ടുംവരെ താല്‍ക്കാലിക ജോലികള്‍ ചെയ്യാം

നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ജോലി കിട്ടുന്നത് വരെ കാത്തിരിക്കുന്നതിന് പകരം, ലഭിക്കുന്ന ഫ്രീലാന്‍സ് വര്‍ക്കുകളോ കോണ്‍ട്രാക്ട് ജോലികളോ ചെയ്യാന്‍ മടിക്കരുത്. ഇതില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം പോലും നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും. ഇതൊരു പിന്നോട്ടടിയല്ല, മറിച്ച് പ്രതിസന്ധി മറികടക്കാനുള്ള ഒരു വഴിയാണ്.

മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാം

തൊഴില്‍ നഷ്ടം വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. ഇത് പലപ്പോഴും തെറ്റായ തീരുമാനങ്ങളെടുക്കാന്‍ കാരണമാകും. ചെലവുകള്‍ ട്രാക്ക് ചെയ്യാനും ജോലി അന്വേഷിക്കാനും കൃത്യമായ ഒരു ചിട്ട രൂപപ്പെടുത്തുക. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളോട് തുറന്ന് സംസാരിക്കുക. ഒറ്റയ്ക്ക് ടെന്‍ഷന്‍ അടിക്കാതെ എല്ലാവരും ചേര്‍ന്ന് പ്രതിസന്ധിയെ നേരിടുക.

ഓര്‍ക്കുക, ഇതൊരു താല്‍ക്കാലിക പ്രതിസന്ധി മാത്രമാണ്. ഈ സമയത്ത് നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. പരിഭ്രാന്തരാകാതെ, ക്ഷമയോടെ കാര്യങ്ങളെ നേരിട്ടാല്‍ സാമ്പത്തികമായി തളരാതെ തന്നെ നിങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ മറികടന്ന് മികച്ചൊരു ജോലിയിലേക്ക് തിരികെ കയറാന്‍ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

വരുമാനം കൃത്യമല്ലേ? ടെന്‍ഷന്‍ വേണ്ട; ഫ്രീലാന്‍സര്‍മാര്‍ക്കും ബിസിനസുകാര്‍ക്കും പണം മാനേജ് ചെയ്യാന്‍ ഇതാ ചില എളുപ്പവഴികള്‍
യുദ്ധം വരുമ്പോൾ വില കൂടുന്നതെന്തിന്? സ്വ‍ർണം സുരക്ഷിത നിക്ഷേപമാകുന്നതെന്തു കൊണ്ട്?