ഒരൊറ്റ അസുഖം വന്നാൽ മതി, ചികിത്സാച്ചെലവ് നടുവൊടിക്കും; സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടമാവുക വര്‍ഷങ്ങളുടെ സമ്പാദ്യം!

Published : Apr 20, 2026, 04:50 PM IST
Health Insurance

Synopsis

അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒരു കുടുംബത്തിന്റെ സമ്പാദ്യത്തെ ഇല്ലാതാക്കുകയും കടക്കെണിയിലാക്കുകയും ചെയ്യും. പലപ്പോഴും ഇൻഷുറൻസ് പരിരക്ഷ മതിയാകാതെ വരാം, അതിനാൽ മതിയായ കവറേജുള്ള ഹെൽത്ത് ഇൻഷുറൻസും എമർജൻസി ഫണ്ടും കരുതേണ്ടത് അത്യാവശ്യമാണ്.

കഠിനാധ്വാനത്തിലൂടെ വര്‍ഷങ്ങളെടുത്ത് നിങ്ങള്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വെറും ഒരാഴ്ചത്തെ ആശുപത്രിവാസം കൊണ്ട് ഇല്ലാതാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു മെഡിക്കല്‍ എമര്‍ജന്‍സി അഥവാ അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ എത്രത്തോളം തകര്‍ക്കുമെന്നത് ഗൗരവമായി കാണേണ്ട കാര്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചെലവ് കൂടുന്നത് എങ്ങനെ? 

ആശുപത്രിയിലെ അഡ്മിഷന്‍ ചാര്‍ജ് മാത്രമല്ല വില്ലന്‍. പരിശോധനകള്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം, മരുന്നുകള്‍, തുടര്‍ചികിത്സകള്‍ എന്നിവയ്ക്കായി വന്‍ തുക വേണ്ടിവരും. ഗുരുതരമായ രോഗമാണെങ്കില്‍ ഓരോ മാസവും ചെലവ് വര്‍ധിച്ചുകൊണ്ടേയിരിക്കും. ഇത് കുടുംബത്തിന്റെ മറ്റു സാമ്പത്തിക ലക്ഷ്യങ്ങളെയാകെ തകിടം മറിക്കും.

ആദ്യം ബാധിക്കുന്നത് സമ്പാദ്യത്തെ വീട്ടിലെ ഒരാള്‍ക്ക് പെട്ടെന്ന് അസുഖം ബാധിച്ചാല്‍ ഭൂരിഭാഗം പേരും ആദ്യം ആശ്രയിക്കുന്നത് വര്‍ഷങ്ങളായുള്ള സമ്പാദ്യത്തെയാണ്. അത്യാവശ്യ ഘട്ടങ്ങളിലേക്ക് കരുതിവെച്ച പണം , സേവിങ്‌സ് അക്കൗണ്ടിലെ തുക, സ്വര്‍ണം അല്ലെങ്കില്‍ മറ്റു നിക്ഷേപങ്ങള്‍ എന്നിവ ഇതിനായി ഉപയോഗിക്കേണ്ടി വരുന്നു. ഇതോടെ മക്കളുടെ പഠനം, വിവാഹം, വീട് നിര്‍മ്മാണം തുടങ്ങിയ ഭാവി പദ്ധതികള്‍ പാതിവഴിയില്‍ തടസ്സപ്പെടുന്നു.

കടക്കെണിയിലേക്ക് വഴിമാറുന്നു സമ്പാദ്യം തികയാതെ വരുമ്പോള്‍ അടുത്ത വഴി കടം വാങ്ങലാണ്. ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ഉയര്‍ന്ന പലിശയ്ക്ക് ബാങ്കുകളില്‍ നിന്നോ പണമെടുക്കേണ്ടി വരുന്നു. ക്രെഡിറ്റ് കാര്‍ഡുകളെ അമിതമായി ആശ്രയിക്കുന്നതും വലിയ ബാധ്യതയുണ്ടാക്കും. ചികിത്സ കഴിഞ്ഞാലും വര്‍ഷങ്ങളോളം ഈ കടം വീട്ടാന്‍ കഷ്ടപ്പെടേണ്ടി വരുന്നത് കുടുംബത്തെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കും.

ഇന്‍ഷുറന്‍സ് ഉണ്ടല്ലോ എന്ന ആശ്വാസം മതിയോ? പലര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതോ അല്ലെങ്കില്‍ വളരെ കുറഞ്ഞ തുകയ്ക്കുള്ള പരിരക്ഷ ഉള്ളതോ ആണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്ന ഇന്‍ഷുറന്‍സിനെ മാത്രം വിശ്വസിച്ചിരിക്കുന്നത് പലപ്പോഴും അപകടമാണ്. ഇന്‍ഷുറന്‍സ് പോളിസികളിലെ നിയന്ത്രണങ്ങള്‍, ക്ലെയിം ലഭിക്കാത്ത ചെലവുകള്‍എന്നിവ കാരണം വലിയൊരു തുക സ്വന്തം കയ്യില്‍ നിന്ന് നല്‍കേണ്ടി വരുന്നു. രോഗിക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യം കൂടിയായാല്‍ വരുമാനം നിലയ്ക്കുകയും ചെലവ് കൂടുകയും ചെയ്യുന്ന ഇരട്ട പ്രഹരമാകും ഉണ്ടാവുക.

എങ്ങനെ മുന്‍കരുതലെടുക്കാം?

  • ആരോഗ്യപ്രശ്‌നങ്ങള്‍ എപ്പോള്‍ വരുമെന്ന് മുന്‍കൂട്ടി പറയാനാകില്ല, എന്നാല്‍ അതിനായുള്ള സാമ്പത്തിക തയ്യാറെടുപ്പുകള്‍ നടത്താം.
  • നല്ലൊരു ഇന്‍ഷുറന്‍സ് പോളിസി: കുടുംബാംഗങ്ങള്‍ക്കെല്ലാം മതിയായ കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പ്ലാന്‍ എടുക്കുക.
  • എമര്‍ജന്‍സി ഫണ്ട്: ചികിത്സയ്ക്കായി മാത്രമായി ഒരു തുക എപ്പോഴും മാറ്റി വെക്കുക.
  • മുന്‍കൂട്ടിയുള്ള ഈ കരുതിവെക്കലുകള്‍ വലിയൊരു സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുമെന്ന് ഉറപ്പാണ്.

PREV
Read more Articles on
click me!

Recommended Stories

'മാസം ചെറിയ തുക കൊടുത്താൽ മതി, സിംപിളായി അടച്ച് തീ‍‍‌ർക്കാം'; ചതിക്കുഴികളിൽ വീഴും മുൻപ് അറിയാൻ
പേഴ്സണൽ ലോൺ അപേക്ഷ തള്ളിപ്പോയോ? വീണ്ടും അപേക്ഷിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?