ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മോഹമുണ്ടോ? ബജറ്റ് 'കൈവിട്ടു' പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : Mar 13, 2026, 05:14 PM IST
Destination Wedding

Synopsis

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍ കുറഞ്ഞ അതിഥികളുമായി നടത്തുന്ന ആഘോഷമാണെങ്കിലും, യാത്രാക്കൂലി, താമസം, പല ദിവസത്തെ ചടങ്ങുകള്‍ എന്നിവ കാരണം ചെലവ് പ്രതീക്ഷിച്ചതിലും കൂടും. ബജറ്റ് ആദ്യം നിശ്ചയിക്കാതെ ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്നതും സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുകയും കടക്കെണിയിലേക്ക് നയിക്കുകയും ചെയ്യും.

വിവാഹം ഒരു വിനോദയാത്ര പോലെ മനോഹരമായൊരു സ്ഥലത്ത് വെച്ച് നടത്തുക എന്നത് ഇന്നത്തെ കാലത്ത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. കുറച്ച് അതിഥികള്‍, മനോഹരമായ ലൊക്കേഷന്‍, ആര്‍ഭാടങ്ങളില്ലാത്ത ആഘോഷം- കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകളുടെ സാമ്പത്തിക ചെലവ് അത്ര ചെറുതല്ല. കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ ബജറ്റ് കൈവിട്ടു പോകാന്‍ സാധ്യതയുമുണ്ട്. നാട്ടില്‍ നടത്തുന്ന സാധാരണ വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകളില്‍ യാത്രാക്കൂലി, താമസം, പല ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ഭക്ഷണം, യാത്രാചെലവ് എന്നിവ ഉള്‍പ്പെടുന്നു. ഓരോന്നായി നോക്കുമ്പോള്‍ ചെറിയ ചെലവുകളാണെന്ന് തോന്നാമെങ്കിലും ഇവയെല്ലാം കൂടിച്ചേരുമ്പോള്‍ ബജറ്റ് വലിയ രീതിയില്‍ മാറും.

ലൊക്കേഷന്‍ തീരുമാനിക്കും മുന്‍പ് ബജറ്റ്  

പലരും ആദ്യം ലൊക്കേഷന്‍ നിശ്ചയിച്ച ശേഷമാണ് അതിന്റെ ചെലവിനെക്കുറിച്ച് ആലോചിക്കുന്നത്. രാജസ്ഥാനിലെ കൊട്ടാരങ്ങളോ ഗോവയിലെ ബീച്ച് റിസോര്‍ട്ടുകളോ തിരഞ്ഞെടുക്കുമ്പോള്‍ അവിടെ ചില നിബന്ധനകള്‍ ഉണ്ടാകാം. നിശ്ചിത എണ്ണം മുറികള്‍ ബുക്ക് ചെയ്യണമെന്നോ, പ്രത്യേക കാറ്ററിംഗ് പാക്കേജുകള്‍ എടുക്കണമെന്നോ അവര്‍ ആവശ്യപ്പെടാം. ഇത് നിശ്ചിത ബജറ്റിനെക്കാള്‍ വലിയ ബാധ്യതയുണ്ടാക്കും. അതിനാല്‍, ആദ്യം വിവാഹത്തിനായി എത്ര രൂപ ചെലവാക്കാം എന്ന് തീരുമാനിക്കുക, അതിന് ശേഷം ആ ബജറ്റില്‍ ഒതുങ്ങുന്ന ലൊക്കേഷന്‍ കണ്ടെത്തുക.

അതിഥികളുടെ എണ്ണം കുറവാണെങ്കിലും ചെലവ് കുറയണമെന്നില്ല 

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗില്‍ അതിഥികളുടെ എണ്ണം കുറവായതിനാല്‍ ചെലവ് കുറയുമെന്ന് വിചാരിക്കരുത്. ദൂരസ്ഥലത്ത് നിന്ന് വരുന്ന അതിഥികള്‍ക്ക് നല്ല രീതിയിലുള്ള താമസസൗകര്യവും ഭക്ഷണവും ഒരുക്കുക എന്നത് ദമ്പതികളുടെ ഉത്തരവാദിത്തമായി മാറാറുണ്ട്. യാത്രാക്കൂലി അതിഥികള്‍ തന്നെ വഹിച്ചാല്‍ പോലും, രണ്ട് മൂന്ന് ദിവസത്തെ അവരുടെ താമസവും ഭക്ഷണവും വലിയൊരു തുകയാകും. ഓരോ അതിഥിയും ബജറ്റില്‍ വലിയൊരു പങ്ക് കവരുന്നുണ്ടെന്ന് ചുരുക്കം.

മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍ 

സാധാരണയായി ഇത്തരം വിവാഹങ്ങള്‍ രണ്ട് മൂന്ന് ദിവസത്തെ ആഘോഷമായാണ് നടത്താറുള്ളത്. വെല്‍ക്കം ഡിന്നര്‍, മെഹന്തി, വിവാഹം, തൊട്ടടുത്ത ദിവസം ബ്രഞ്ച് എന്നിങ്ങനെ ചടങ്ങുകള്‍ നീളും. ഓരോ ചടങ്ങിനും പ്രത്യേകം ഡെക്കറേഷന്‍, ഭക്ഷണം, സംഗീതം എന്നിവ ആവശ്യമാണ്. ഇത് ആകെ ചെലവിനെ കുത്തനെ കൂട്ടുന്നു.

പ്ലാനിംഗിന്റെ തുടക്കത്തില്‍ നാം ശ്രദ്ധിക്കാത്ത ചില ചെലവുകളുണ്ട്. മറ്റൊരു നഗരത്തില്‍ നിന്ന് വരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കോ മേക്കപ്പ് ടീമിനോ താമസസൗകര്യം ഒരുക്കേണ്ടി വരുന്നത്, അതിഥികള്‍ക്കായി ഏര്‍പ്പെടുത്തുന്ന എയര്‍പോര്‍ട്ട് പിക്കപ്പുകള്‍, വിവിധ ചടങ്ങുകള്‍ ഏകോപിപ്പിക്കാന്‍ നല്‍കേണ്ട അധിക ഫീസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ലോജിസ്റ്റിക്‌സ് ചെലവുകള്‍ പലപ്പോഴും അവസാന നിമിഷം വലിയൊരു ഭാരമായി മാറും.

കടക്കെണി ഒഴിവാക്കാം

വിവാഹം അല്പം കൂടി ഗംഭീരമാക്കാന്‍ ബജറ്റ് അല്പം കൂടി കൂട്ടാമെന്ന പ്രലോഭനം സ്വാഭാവികമാണ്. എന്നാല്‍ ഇത് പിന്നീട് കട ബാധ്യതയിലേക്ക് നയിക്കാം. വലിയൊരു കടബാധ്യതയുമായി വിവാഹജീവിതം തുടങ്ങുന്നത് ദമ്പതികള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കും.

PREV
Read more Articles on
click me!

Recommended Stories

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം കൂടുതല്‍ റിട്ടേണ്‍ എവിടെ കിട്ടും? 5 വ‍‌ർഷത്തെ കണക്കുകൾ പറയുന്നതെന്ത്?
മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പോയിട്ടുണ്ടോ? 3 വർഷത്തെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് കേന്ദ്രം