
കഷ്ടപ്പെട്ട് സമ്പാദിച്ച പണം എവിടെ നിക്ഷേപിക്കണം എന്നാലോചിച്ച് കുഴങ്ങുന്നവരാണോ നിങ്ങള്‍? പരമ്പരാഗത നിക്ഷേപ മാര്‍ഗമായ സ്ഥിരനിക്ഷേപങ്ങളും ഓഹരി വിപണിയും തമ്മിലുള്ള 5 വര്‍ഷത്തെ ലാഭക്കണക്കുകള്‍ പരിശോധിച്ചാൽ ഒരു ഐഡിയ കിട്ടിയാലോ? അങ്ങനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാങ്ക് പലിശയേക്കാള്‍ വലിയ നേട്ടം നല്‍കാന്‍ ഓഹരി വിപണിക്ക് സാധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ ഓഹരി വിപണി അത്ര നല്ല കാലത്തിലൂടെയല്ല കടന്നുപോകുന്നത്. 2024 സെപ്റ്റംബര്‍ മുതല്‍ കഴിഞ്ഞ 18 മാസമായി വിപണിയില്‍ മാന്ദ്യം പ്രകടമാണ്. 2026 ജനുവരിയില്‍ നിഫ്റ്റി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയെങ്കിലും പിന്നീട് താഴോട്ട് പതിച്ചു. നിലവില്‍ പ്രധാന നിലവാരങ്ങളെല്ലാം തകര്‍ന്ന് 23,400 എന്ന പോയിന്റിലാണ് നിഫ്റ്റി വ്യാപാരം നടത്തുന്നത്.
എങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ വിപണി നിക്ഷേപകര്‍ക്ക് കൈനിറയെ ലാഭം നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ നിഫ്റ്റി 50 സൂചിക ഏകദേശം 55 ശതമാനത്തോളം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതായത് ഓരോ വര്‍ഷവും ശരാശരി 9 ശതമാനം വര്‍ദ്ധനവ്. ഇനി കമ്പനികള്‍ നല്‍കുന്ന ലാഭവിഹിതം കൂടി ഉള്‍പ്പെടുത്തിയാല്‍ വാര്‍ഷിക ലാഭം 11 മുതല്‍ 12 ശതമാനം വരെയായി ഉയരും.
ഓഹരി വിപണിയെ അപേക്ഷിച്ച് ബാങ്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമാണെങ്കിലും ലാഭത്തിന്റെ കാര്യത്തില്‍ അവ പിന്നിലാണ്. പൈസാബസാര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം അഞ്ച് വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് മിക്ക ബാങ്കുകളും 6% മുതല്‍ 7.5% വരെ പലിശയാണ് നല്‍കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പൊതുമേഖലാ ബാങ്കുകള്‍ അഞ്ച് വര്‍ഷത്തേക്ക് 6% മുതല്‍ 6.3% വരെ പലിശ നല്‍കുമ്പോള്‍, ചില സ്വകാര്യ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും 7% മുതല്‍ 7.9% വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെ പലിശ നിരക്ക് മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നതും വിപണിയിലെ കയറ്റിറക്കങ്ങള്‍ ബാധിക്കില്ല എന്നതുമാണ് പ്രത്യേകത.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എന്ത് സംഭവിക്കും?
വിവിധ നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം താരതമ്യം ചെയ്താല്‍ ഓഹരി വിപണിയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ നേട്ടം നല്‍കുന്നത്.
നിഫ്റ്റി 50 : നിഫ്റ്റി 50 സൂചികയിലെ വര്‍ധനവ് മാത്രം കണക്കാക്കിയാല്‍ ഏകദേശം 9 ശതമാനം വാര്‍ഷിക ലാഭം പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ ഇന്ന് നിക്ഷേപിക്കുന്ന ഒരു ലക്ഷം രൂപ 5 വര്‍ഷം കൊണ്ട് 1.54 ലക്ഷം രൂപയായി മാറും.
നിഫ്റ്റി 50 (ലാഭവിഹിതം ഉള്‍പ്പെടെയുള്ള നേട്ടം): ഇനി നിഫ്റ്റിയില്‍ നിന്നുള്ള ഡിവിഡന്റ് (ലാഭവിഹിതം) കൂടി ഉള്‍പ്പെടുത്തിയുള്ള 'ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ്' നോക്കിയാല്‍ ലാഭം 11 മുതല്‍ 12 ശതമാനം വരെയാകാന്‍ സാധ്യതയുണ്ട്. അഞ്ചു വര്‍ഷത്തിനുശേഷം നിങ്ങളുടെ ഒരു ലക്ഷം രൂപ 1.68 ലക്ഷം മുതല്‍ 1.76 ലക്ഷം രൂപ വരെയായി വര്‍ധിച്ചേക്കാം.
ബാങ്ക് സ്ഥിരനിക്ഷേപം : ഇതിനു വിപരീതമായി, ബാങ്ക് സ്ഥിരനിക്ഷേപങ്ങളില്‍ നിന്ന് ഏകദേശം 6.5 ശതമാനം മാത്രമാണ് വാര്‍ഷിക ലാഭം ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഒരു ലക്ഷം രൂപ ഏകദേശം 1.37 ലക്ഷം രൂപ മാത്രമായിരിക്കും.
റിസ്‌കും സുരക്ഷിതത്വവും
ലാഭത്തിന്റെ കാര്യത്തില്‍ ഓഹരി വിപണി മുന്നിലാണെങ്കിലും ഇതില്‍ റിസ്‌ക് കൂടുതലാണ്. വിപണിയിലെ കയറ്റിറക്കങ്ങള്‍ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കാം. എന്നാല്‍ ബാങ്ക് എഫ്ഡിയില്‍ പണം സുരക്ഷിതമായിരിക്കും എന്നതിനൊപ്പം നിശ്ചിത തുക കൃത്യമായി ലഭിക്കുമെന്ന ഉറപ്പുമുണ്ട്. അതിനാല്‍, നഷ്ടസാധ്യത എടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് എഫ്ഡിയും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ ലാഭം ആഗ്രഹിക്കുന്നവര്‍ക്ക് ഓഹരി വിപണിയുമാണ് അനുയോജ്യം.