4.49 ലക്ഷം രൂപയുടെ ഐഫോണ്‍ ഡ്യുവോ വാങ്ങണോ അതോ ആ പണം നിക്ഷേപിക്കണോ? സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

Published : Sep 15, 2026, 03:32 PM IST
Apple iPhone Duo

Synopsis

4.49 ലക്ഷം രൂപ വിലയുള്ള ഐഫോൺ ഡ്യുവോ വാങ്ങുന്നത് സാമ്പത്തികമായി ശരിയായ തീരുമാനമാണോ? ഫോൺ വാങ്ങുന്നതിന് പകരം ആ തുക ഇന്‍ഡക്‌സ് ഫണ്ടിലോ ഇക്വിറ്റി ഫണ്ടിലോ നിക്ഷേപിച്ചാൽ ലഭിക്കാവുന്ന ഭീമമായ വളർച്ചയെക്കുറിച്ചും, ഇത്തരം ഒരു ആഡംബരത്തിന് പണം മുടക്കും മുൻപ് ഉറപ്പാക്കേണ്ട സാമ്പത്തിക ഭദ്രതയെക്കുറിച്ചും ചർച്ച ചെയ്യാം.

ഇന്ത്യയില്‍ 4.49 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ ഡ്യുവോ 2ടിബി വിപണിയിലെത്തുമ്പോള്‍ പലരുടെയും മനസിലുള്ള ചോദ്യമിതാണ്. ഇത്രയും വലിയ തുക മുടക്കി ഈ ആഡംബര ഫോണ്‍ വാങ്ങണോ? അതോ ആ പണം മറ്റെവിടെയെങ്കിലും നിക്ഷേപിക്കണോ? സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ ഫോണിന്റെ വില മാത്രമല്ല നമ്മള്‍ നോക്കേണ്ടത്, പകരം ആ തുക മറ്റ് എന്തിനെങ്കിലും ഉപയോഗിച്ചാലുള്ള ലാഭം കൂടി പരിഗണിച്ചുവേണം തീരുമാനമെടുക്കാന്‍.

4.49 ലക്ഷം രൂപയുടെ ഫോണ്‍ വാങ്ങണോ?

സമ്പത്ത് വര്‍ധിപ്പിക്കുന്ന കാര്യം ചിന്തിക്കുമ്പോള്‍ ഇതൊരു നിക്ഷേപമല്ല, മറിച്ച് വെറുമൊരു ഉപഭോഗച്ചെലവ മാത്രമാണ്. ഒരു ഇന്‍ഡക്‌സ് ഫണ്ടില്‍ നിക്ഷേപിച്ചാല്‍ ഈ തുകയ്ക്ക് കാലക്രമേണ വലിയ വളര്‍ച്ചയുണ്ടാകും. എന്നാല്‍ ഒരു സ്മാര്‍ട്ട്‌ഫോണിന്റെ മൂല്യം അത് വാങ്ങുന്ന ആ നിമിഷം മുതല്‍ താഴേക്ക് പോകും. എങ്കിലും, കൃത്യമായ ഇന്‍ഷുറന്‍സ്, ദീര്‍ഘകാല നിക്ഷേപങ്ങള്‍, എമര്‍ജന്‍സി ഫണ്ട് എന്നിവ മുന്‍കൂട്ടി ഉറപ്പാക്കിയിട്ടുള്ള ഒരാള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഈ ഫോണ്‍ വാങ്ങുന്നതില്‍ തെറ്റില്ല.

പകരം ഈ തുക നിക്ഷേപിച്ചാല്‍ എന്ത് സംഭവിക്കും?

ഇന്‍ഡക്‌സ് ഫണ്ടില്‍ നിക്ഷേപിച്ചാല്‍ (11% വാര്‍ഷിക വളര്‍ച്ച നിരക്ക്)

  • 10 വര്‍ഷം കഴിയുമ്പോള്‍: ഏകദേശം 12.7 ലക്ഷം രൂപ
  • 15 വര്‍ഷം കഴിയുമ്പോള്‍: 21.5 ലക്ഷം രൂപ
  • 20 വര്‍ഷം കഴിയുമ്പോള്‍: 36.2 ലക്ഷം രൂപ

ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിച്ചാല്‍ (13% വാര്‍ഷിക വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചാല്‍)

  • 10 വര്‍ഷം കഴിയുമ്പോള്‍: 15.25 ലക്ഷം രൂപ
  • 15 വര്‍ഷം കഴിയുമ്പോള്‍: 28.1 ലക്ഷം രൂപ
  • 20 വര്‍ഷം കഴിയുമ്പോള്‍: 51.8 ലക്ഷം രൂപ

അതായത്, ഫോണ്‍ വാങ്ങാന്‍ ഇന്ന് നല്‍കുന്ന 4.49 ലക്ഷം രൂപ മാത്രമല്ല നിങ്ങളുടെ നഷ്ടം. ഭാവിയില്‍ അത് നിക്ഷേപത്തിലൂടെ ഉണ്ടാകുമായിരുന്ന വലിയൊരു സമ്പത്ത് കൂടിയാണ്.

വാങ്ങുന്നതിന് മുന്‍പ് സ്വയം ചോദിക്കേണ്ട കാര്യങ്ങള്‍

കയ്യില്‍ ആവശ്യത്തിന് അധികം പണമുള്ളവര്‍ ഈ ഫോണ്‍ വാങ്ങുന്നതില്‍ തെറ്റില്ല. എന്നാല്‍ നിങ്ങളുടെ സമ്പാദ്യത്തിന്റെ വലിയൊരു പങ്കാണ് ഇതിനായി ചെലവാക്കുന്നതെങ്കില്‍ ആ പണം നിക്ഷേപിക്കുന്നതാണ് ബുദ്ധി. ഇത്രയും വലിയൊരു തുക ചെലവാക്കുന്നതിന് മുന്‍പ് താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം.

  • 6 മുതല്‍ 8 മാസത്തേക്ക് വരെയുള്ള ചെലവുകള്‍ക്കുള്ള എമര്‍ജന്‍സി ഫണ്ട്
  • ആരോഗ്യ ഇന്‍ഷുറന്‍സും ടേം ഇന്‍ഷുറന്‍സും.
  • ഉയര്‍ന്ന പലിശയുള്ള കടബാധ്യതകള്‍ ഇല്ലാതിരിക്കുക.
  • നിങ്ങളുടെ ആകെയുള്ള പ്രതിമാസ ഇഎംഐകളും മറ്റ് ഫിക്‌സഡ് ചെലവുകളും മാസവരുമാനത്തിന്റെ 40-50 ശതമാനത്തില്‍ കൂടാന്‍ പാടില്ല.

ചുരുക്കത്തില്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെയോ എമര്‍ജന്‍സി ഫണ്ടിനെയോ ബാധിക്കാത്ത രീതിയില്‍, കയ്യിലുള്ള അധികപ്പണം ഉപയോഗിച്ചാണ് ഐഫോണ്‍ ഡ്യുവോ വാങ്ങുന്നതെങ്കില്‍ അതൊരു മോശം തീരുമാനമല്ല. എന്നാല്‍ നിക്ഷേപിക്കേണ്ടതോ മറ്റ് അത്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതോ ആയ പണമെടുത്താണ് ഫോണ്‍ വാങ്ങുന്നതെങ്കില്‍ വലിയ സാമ്പത്തിക നഷ്ടമായിരിക്കും ഫലം.

PREV
Read more Articles on
click me!

Recommended Stories

യുപിഐ ഇടപാടുകളിൽ 2000 രൂപക്ക് മുകളിൽ ചാർജ് വരുമോ? സാധാരണക്കാരെ എങ്ങനെ ബാധിക്കും?
കാര്‍ ഇന്‍ഷുറന്‍സ് ക്ലെയിം തടസമില്ലാതെ ലഭിക്കണോ? ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം