
ജോലിയില്‍ നിന്ന് നേരത്തെ വിരമിച്ച് ഒരു വിശ്രമജീവിതം നയിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ പലപ്പോഴും കൃത്യമായ സാമ്പത്തിക പ്ലാനിംഗ് ഇല്ലാത്തത് വിനയാകാറുണ്ട്. നേരത്തെ വിരമിക്കണമെങ്കില്‍ എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നു എന്നതിനൊപ്പം തന്നെ എത്രത്തോളം തുക നിക്ഷേപിക്കുന്നു എന്നതും പ്രധാനമാണ്. ഇവിടെയാണ് 'സ്റ്റെപ്പ്-അപ്പ്' എസ്ഐപി എന്ന ലളിതമായ നിക്ഷേപ തന്ത്രം പ്രസക്തമാകുന്നത്.
സാധാരണ എസ്ഐപിയില്‍ നമ്മള്‍ എല്ലാ മാസവും ഒരേ തുകയാണ് നിക്ഷേപിക്കുന്നത്. എന്നാല്‍ ഓരോ വര്‍ഷവും വരുമാനം കൂടുന്നതിനനുസരിച്ച് നിക്ഷേപ തുകയിലും ഒരു നിശ്ചിത ശതമാനം വര്‍ദ്ധനവ് വരുത്തുന്ന രീതിയാണിത് സ്റ്റെപ്പ്-അപ്പ് എസ്ഐപി. ഉദാഹരണത്തിന്, മാസം 10,000 രൂപ നിക്ഷേപിക്കുന്ന ഒരാള്‍ അടുത്ത വര്‍ഷം മുതല്‍ അത് 11,000 രൂപയാക്കി (10% വര്‍ദ്ധനവ്) മാറ്റുന്നു.
മതിയെന്നാകും പലരുടെയും ധാരണ. എന്നാല്‍ 'പണപ്പെരുപ്പം' എന്ന വില്ലനെ നാം പലപ്പോഴും മറന്നുപോകുന്നു. ഇന്ന് നിക്ഷേപിക്കുന്ന 20,000 രൂപയ്ക്ക് 10 വര്‍ഷം കഴിയുമ്പോള്‍ ഇന്നത്തെ അത്ര മൂല്യമുണ്ടാകില്ല. സാധനങ്ങളുടെ വിലയും ജീവിതച്ചെലവും കൂടുമ്പോള്‍ നമ്മുടെ നിക്ഷേപവും അതിനനുസരിച്ച് വളരണം. വിപണിയിലെ ലാഭത്തെ മാത്രം ആശ്രയിക്കാതെ, സ്വന്തം നിക്ഷേപ തുക വര്‍ദ്ധിപ്പിക്കുന്നത് വഴി ലക്ഷ്യസ്ഥാനത്ത് വേഗമെത്താന്‍ സാധിക്കും.
ഗുണങ്ങള്‍ ഏറെ…
വലിയ സമ്പാദ്യം: ഓരോ വര്‍ഷവും വെറും 5 മുതല്‍ 10 ശതമാനം വരെ നിക്ഷേപം വര്‍ദ്ധിപ്പിച്ചാല്‍ പോലും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുക സാധാരണ എസ്ഐപിയേക്കാള്‍ ഇരട്ടിയോ അതിലധികമോ ആകാന്‍ സാധ്യതയുണ്ട്.
സമ്പാദ്യ ശീലം: വരുമാനം കൂടുമ്പോള്‍ അനാവശ്യ ചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പകരം ആ തുക നിക്ഷേപത്തിലേക്ക് മാറ്റാന്‍ ഇത് സഹായിക്കുന്നു.
സുരക്ഷിതത്വം: വിപണിയിലെ കയറ്റിറക്കങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാല്‍ എത്ര തുക മാറ്റിവെക്കണം എന്നത് നമ്മുടെ തീരുമാനമാണ്. നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നത് വഴി റിസ്‌ക് കുറയ്ക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും കഴിയും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശമ്പളം കൂടുമ്പോള്‍ പുതിയ വീട്, കാര്‍ തുടങ്ങിയ ആഡംബരങ്ങളിലേക്ക് മാത്രം പണം ചെലവാക്കുന്ന രീതി മാറ്റണം. ഓരോ തവണ ഇന്‍ക്രിമെന്റ് ലഭിക്കുമ്പോഴും അതിന്റെ ഒരു ഭാഗം ഓട്ടോമാറ്റിക്കായി എസ്ഐപിയിലേക്ക് മാറുന്ന രീതിയില്‍ ക്രമീകരിക്കുന്നതാണ് ഏറ്റവും ഉചിതം. നേരത്തെ വിരമിക്കുക എന്നത് വെറുമൊരു സാമ്പത്തിക ലക്ഷ്യമല്ല. മറിച്ച് വരുമാനമില്ലാത്ത കാലത്തും അന്തസ്സോടെ ജീവിക്കാനുള്ള തയ്യാറെടുപ്പാണ്. കൃത്യമായ പ്ലാനിംഗും അച്ചടക്കമുള്ള നിക്ഷേപവും ഉണ്ടെങ്കില്‍ ആ സ്വപ്നം ആര്‍ക്കും സാധ്യമാക്കാം.