ശീലം തന്നെ പ്രശ്നം! ലോൺ കിട്ടാൻ യുവാക്കൾ പെടാപ്പാട് പെടുന്നുണ്ടോ? പ്രതിസന്ധികൾ എങ്ങനെ മറികടക്കാം

Published : Jul 18, 2025, 01:24 PM IST
Personal loan calculation

Synopsis

എന്നാൽ ഇരുപതുകളിൽ പലപ്പോഴും ലോണുകൾ ലഭിക്കാനും അത്രയും കഷ്ടപ്പാട് നേരിടേണ്ടി വരാറുണ്ട്. എന്തൊക്കെയായിരിക്കും ഇതിനുള്ള കാരണങ്ങൾ?

ജോലിയൊക്കെ നേടി പതിയെപ്പതിയെ ജീവിതം കെട്ടിപ്പടുക്കുന്ന പ്രായമാണ് നമ്മുടെ ഇരുപതുകൾ. 20 വയസു മുതൽ 30 വയസുവരെ സാധാരണക്കാരായ ചെറുപ്പക്കാർക്ക് കുറച്ചധികം സാമ്പത്തിക ശ്രദ്ധ വേണ്ട കാലമാണ് താനും. ഇഎംഐ, എമർജൻസി ഫണ്ട്, സേവിങ്സ് തുടങ്ങി സാമ്പത്തിക അച്ചടക്കമുള്ള ഒരു ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങുന്ന സമയമാണിത്. ഇക്കാലത്ത് വണ്ടി വാങ്ങാനും, വീടു വാങ്ങാനും എന്തിന് വിവാഹം കഴിക്കാനുള്ള ചെലവുകൾക്ക് വരെ ഇന്ന് പലരും ലോണുകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഇരുപതുകളിൽ പലപ്പോഴും ലോണുകൾ ലഭിക്കാനും അത്രയും കഷ്ടപ്പാട് നേരിടേണ്ടി വരാറുണ്ട്. എന്തൊക്കെയായിരിക്കും ഇതിനുള്ള കാരണങ്ങൾ?

പലപ്പോഴും നമ്മുടെ ശീലങ്ങളാണ് ഇവിടെ വില്ലനാകുന്നത്. നിങ്ങളുടെ വരുമാനത്തെ അല്ലെങ്കിൽ ശമ്പളത്തെ നിങ്ങളെങ്ങനെ മാനേജ് ചെയ്യുന്നു എന്നുള്ളതാണ് പിന്നീടുള്ള നിങ്ങളുടെ ജീവിതത്തെ തന്നെ നിർവചിക്കാൻ പോകുന്നത്. സാമ്പത്തികം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ഓരോ കാര്യങ്ങളിലും തീരുമാനമെടുക്കേണ്ടതായുണ്ട്. 

സാമ്പത്തിക സാക്ഷരത ഇല്ലായ്മയാണ് ഇതിനൊരു പ്രധാന കാരണമായി കണക്കാക്കുന്നത്. വരവുകൾ, ചെലവുകൾ എന്നിവയൊന്നും കാണാതെ അമിത ആർഭാടങ്ങൾക്ക് പണം ചെലവഴിക്കുന്ന പ്രവണത ഒട്ടും ശരിയല്ല. മൊബൈൽ ഫോൺ, വാഹനം തുടങ്ങിയവ ഇന്നത്തെക്കാലത്ത് വളരെ അത്യാവശ്യമാണ്. എന്നാൽ നിങ്ങളുടെ ആവശ്യകതകളും സാമ്പത്തിക സ്ഥിതിയും മാച്ച് ചെയ്യുന്നവ വാങ്ങുന്നതാണ് നല്ലത്. നിങ്ങൾക്ക് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലാത്ത ഫീച്ചറുകളുള്ള ഫോൺ വാങ്ങാനായി വലിയ പണം ചിലവഴിക്കുന്നതു കൊണ്ട് കാര്യമില്ലെന്നർത്ഥം.

സാമ്പത്തിക സാക്ഷരതയുടെ അഭാവം കൊണ്ടുണ്ടാകുന്ന അനന്തര ഫലങ്ങളാണ് മറ്റു സാമ്പത്തിക പ്രശ്നങ്ങൾ മുഴുവനും. മിക്ക ഷോപ്പിംഗ് ആപ്പുകളിലും ഇപ്പോൾ ബൈ നൗ പേ ലേറ്റർ ഓപ്ഷനുണ്ട്. വളരെ ചെറിയ ബാക്ക്ഗ്രൗണ്ട് ചെക്ക് നടത്തി, അധികം നൂലാമാലകളില്ലാതെ ലഭിക്കുന്ന ഒരു മാർഗമായതു കൊണ്ട് തന്നെ ആളുകൾ ഏറെയും ഇതിനെ ആശ്രയിക്കുന്നുണ്ട്. എളുപ്പം ലഭിക്കുന്നതു കൊണ്ട് തന്നെ അമിതമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. ഇത് നമ്മളെ വലിയ ബാധ്യതകളിലേക്ക് കൊണ്ടെത്തിക്കും.

വരവ് നോക്കാതെ ചെലവഴിക്കുന്നതും ഒട്ടും ശരിയായ രീതിയല്ല. കൃത്യമായ ഒരു വരുമാനമില്ലാത്തവരെയാണ് ഇത് കൂടുതൽ ബാധിക്കുക. ക‍ൃത്യമായ ശമ്പളമോ വരുമാനമോ ഇല്ലെങ്കിൽ നിങ്ങളുടെ അടവുകൾ തെറ്റുകയും, ബാധ്യത കൂടുകയും, ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോ‍ർ കുറയുന്നതിന് വരെ കാരണമാകുകയും ചെയ്യും.

സേവിംഗ്സ്, എമർജൻസി ഫണ്ട്, നിക്ഷേപങ്ങൾ, ഇൻഷുറൻസ്, ചെലവുകൾ തുടങ്ങിയവക്ക് അതത് പ്രധാന്യം നൽകേണ്ടതുണ്ട്. ശമ്പളമോ വരുമാനമോ അതത് മാസം തന്നെ തീർക്കുക എന്നതിലപ്പുറം കരുതലായിക്കൂടെ കാണാൻ പ്രാപ്തരാകേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?