Latest Videos

യുപിയിൽ കോൺ​ഗ്രസ് മോശം സ്ഥാനാർത്ഥികളെ നിർത്തുമെന്ന് കരുതുന്നില്ല; അഖിലേഷ് യാദവ്

By Web TeamFirst Published May 2, 2019, 1:29 PM IST
Highlights

ദുർബലരായ കോൺഗ്രസ്​ സ്ഥാനാർത്ഥികൾ ബിജെപിയുടെ വോട്ടുവിഹിതം കുറയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺ​ഗ്രസ് മോശം സ്ഥാനാർത്ഥികളെ നിർത്തുമെന്ന് കരുതുന്നില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കോൺ​ഗ്രസ് മാത്രമല്ല ഒരു പാർട്ടിയും ദുർബല സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും അഖിലേഷ്​ പറഞ്ഞു. 

ദുർബലരായ കോൺഗ്രസ്​ സ്ഥാനാർത്ഥികൾ ബിജെപിയുടെ വോട്ടുവിഹിതം കുറയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എവിടെയെങ്കിലും കോൺ​ഗ്രസ് ദുർബല സ്ഥാനാർത്ഥികളെ നിർത്തുമെന്ന് വിശ്വസിക്കുന്നില്ല. ഒരു പാർട്ടിയും അങ്ങനെ ചെയ്തിട്ടില്ല. ജനങ്ങൾ കോൺ​ഗ്രസിന്റെ കൂടെ ഇല്ലാത്തതുകൊണ്ടാണ് അവർ ഇത്തരം ന്യായീകരണങ്ങൾ പറയുന്നതെന്നും അഖിലേഷ് പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും കോൺ​ഗ്രസ് ബിജെപിയെ മുതലെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷനേതാക്കളെ ഭയപ്പെടുത്താനും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യാനും ബിജെപി പഠിച്ചത് കോണ്‍ഗ്രസില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ദുർബലരായ  സ്ഥാനാര്‍ഥികൾ ബിജെപിയുടെ വോട്ട്​ വിഹിതം കുറയ്ക്കുമെന്ന്​ പ്രിയങ്ക പറഞ്ഞത്. ശക്തമായ പോരാട്ടമാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ നടത്തുന്നത്. ശക്തരായ സ്ഥാനാർത്ഥകളുള്ള മണ്ഡലങ്ങളിൽ കോൺ​ഗ്രസ് ജയിക്കും. അല്ലാത്ത സ്ഥലങ്ങളിൽ ബിജെപിയുടെ വോട്ടുവിഹിതം കുറയ്ക്കാൻ അവർക്ക് സാധിക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.

click me!