പിലാത്തറയിലെ കളളവോട്ട്: സിപിഎമ്മിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കെ സുധാകരൻ

By Web TeamFirst Published May 2, 2019, 1:13 PM IST
Highlights

ടീക്കാറാം മീണ ധൃതിപ്പെട്ട് തീരുമാനം എടുത്തെന്ന് കെ സുധാകരൻ. കണ്ണൂരിൽ കള്ളവോട്ട് നിർത്താൻ യുഡിഎഫ് തയ്യാറായാൽ സിപിഎമ്മും അതിന് തയ്യാറുണ്ടോയെന്നും സുധാകരൻ ചോദിച്ചു

കണ്ണൂര്‍: പിലാത്തറ കള്ളവോട്ട് പരാതിയിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വേണ്ടത്ര പരിശോധന നടത്തിയില്ലെന്ന സിപിഎം ആരോപണം ശരിവച്ച് കോൺഗ്രസും. ടീക്കാറാം മീണ ധൃതിപ്പെട്ട് തീരുമാനം എടുത്തെന്ന് കെ.സുധാകരൻ ആരോപിച്ചു. കണ്ണൂരിൽ കള്ളവോട്ട് നിർത്താൻ യുഡിഎഫ് തയ്യാറായാൽ സിപിഎമ്മും അതിന് തയ്യാറുണ്ടോയെന്നും സുധാകരൻ ചോദിച്ചു. 

അതേസമയം പിലാത്തറയിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ പഞ്ചായത്ത് അംഗം ഉൾപ്പടെ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പുതിയങ്ങാടിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തിൽ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

പഞ്ചായത്തംഗം എം പി സലീന, കെ പി സുമയ്യ, പത്മിനി എന്നിവർക്കെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. ഐ പി സി 171 സി, ഡി, എഫ് വകുപ്പുകൾ പ്രകാരം ആൾമാറാട്ടം, മറ്റൊരാളുടെ വോട്ടവകാശം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതികരണത്തിനായി മൂന്ന് പേരേയും ബന്ധപ്പെട്ടെങ്കിലും ആരും സംസാരിക്കാൻ തയ്യാറായില്ല.

കല്യാശേരി പുതിയങ്ങാടിയിൽ ലീഗ് പ്രവർത്തകർ കള്ള വോട്ട് ചെയ്തെന്ന പരാതിയിൽ കാസർഗോഡ് കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കള്ള വോട്ട് ചെയ്തെന്ന് കണ്ടെത്തിയ മുഹമ്മദ് ഫായിസിൽ നിന്നും ആഷിഖിൽ നിന്നും വിശദീകരണം കേട്ട ശേഷമാണ് റിപ്പോർട്ട് നൽകുക. അതേ സമയം തൃക്കരിപ്പൂർ ചീമേനി 48 ആം ബൂത്തിൽ കള്ള വോട്ട് ചെയ്തെന്ന് കണ്ടെത്തിയ ശ്യാം കുമാറിനെതിരെ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. കാസർകോട്ല കണ്ണൂർ ജില്ലകളിൽ നിന്നും പുതുതായി ഉയർന്ന് വന്ന കള്ള വോട്ട് ആരോപണങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉടൻ റിപ്പോർട്ട് തേടിയേക്കും.

click me!