അമേഠിയോ വയനാടോ ജയിച്ചാൽ ഏത് മണ്ഡലം നിലനിർത്തണമെന്ന് രാഹുൽ തീരുമാനിക്കും; ഉമ്മൻ ചാണ്ടി

By Web TeamFirst Published Apr 8, 2019, 11:44 AM IST
Highlights

തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പ്രസക്തി കുറഞ്ഞ് വരികയാണെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി. മേയ് 23 വരെ സിപിഎമ്മിന് സ്വപ്‍നം കണ്ടിരിക്കാമെന്ന് പരിഹസിച്ചു .

വയനാട്: അമേഠിയിലും വയനാട്ടിലും മത്സരിച്ച് ജയിച്ചാൽ ഏത് മണ്ഡലം നിലനിർത്തണമെന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയായിരുക്കും തീരുമാനമെടുക്കുക എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ എന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മേയ് 23 വരെ സിപിഎമ്മിന് സ്വപ്‍നം കാണാം എന്ന പറഞ്ഞ ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പ്രസക്തി കുറഞ്ഞു വരികയാണെന്നും അവകാശപ്പെട്ടു.

കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും രാഹുൽ ഇഫക്ട് ഉണ്ടാകുമെന്ന് അവകാശപ്പെട്ട ഉമ്മൻ ചാണ്ടി. ഇടത് പക്ഷത്തെയും ബിജെപിയെയും വാർത്താസമ്മേളനത്തിൽ ഒരു പോലെ വിമർശിച്ചു. ശബരിമല വിഷയത്തിൽ ബിജെപിക്ക് ആത്മാർത്ഥത തെളിയിക്കാനായിട്ടില്ലെന്ന് പറഞ്ഞ ഉമ്മൻചാണ്ടി കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരാണ് വരുന്നതെങ്കിൽ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ നിയമപരമായ മാർഗ്ഗങ്ങൾ തേടുമെന്ന് വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ടിന്‍റെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളെ ഉമ്മൻ ചാണ്ടി പിന്തുണച്ചു. വായ്പ തരാനെത്തിയ ലോകബാങ്ക് പ്രതിനിധികളെയും ഏഷ്യൻ ഡെവലപ്മെന്‍റ്  ബാങ്ക് പ്രതിനിധികളെയും അടിച്ചോടിച്ചവരാണ് ഇപ്പോൾ വിദേശ കമ്പനികളെ ന്യായീകരിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പരിഹസിച്ചു.

click me!