
ദില്ലി: ട്വിറ്ററില്‍ തരംഗമായ പ്രധാനമന്ത്രിയുടെ 'മേ ഭി ചൗക്കിദാർ' ക്യാമ്പയിന്‍ ഫേസ്ബുക്കിലേക്കും എത്തിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഞായറാഴ്ച ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോ മാറ്റിക്കൊണ്ടാണ് അമിത് ഷാ ക്യാമ്പയിനിന് തുടക്കമിട്ടത്.
'മേ ഭി ചൗക്കിദാര്‍' (ഞാനും കാവല്‍ക്കാരന്‍) എന്നെഴുതിയ ചിത്രത്തില്‍ മോദിയുടെ പശ്ചാത്തലത്തില്‍ അമിത് ഷാ നില്‍ക്കുന്നതായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം. 'മേ ഭി ചൗക്കിദാര്‍' ക്യാമ്പയിനിന് പിന്തുണ നല്‍കാനാണ് താന്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയത്. നിങ്ങള്‍ ഓരോരുത്തരും ഈ പ്രചാരണ പരിപാടിയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു-അമിത് ഷാ ഫേസ്ബുക്കില്‍ കുറിച്ചു.
ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ എല്ലാവരും തങ്ങളുടെ പ്രൊഫൈല്‍ ചിത്രം ഇത്തരത്തില്‍ മാറ്റണമെന്നും അതിനായി എല്ലാവരെയും ക്ഷണിക്കുന്നെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അമിത് ഷാ പ്രൊഫൈല്‍ ചിത്രം മാറ്റി രണ്ട് മണിക്കൂറിനകം തന്നെ അരലക്ഷത്തോളം ലൈക്കുകളും കമന്‍റുകളുമായി പോസ്റ്റ് വൈറലായി. അമിത് ഷായുടെ ക്ഷണം സ്വീകരിച്ച് പീയൂഷ് ഗോയല്‍, ജെ പി നഡ്ഡ, നിതിന്‍ ഗഡ്കരി, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് തുടങ്ങി നിരവധി ബിജെപി പ്രവര്‍ത്തകരാണ് പ്രൊഫൈല്‍ ചിത്രം മാറ്റി ക്യാമ്പയിന്‍റെ ഭാഗമായിട്ടുളളത്.
ട്വിറ്ററില്‍ വന്‍ പ്രചാരം നേടിയ 'മേ ഭി ചൗക്കിദാര്‍' ക്യാമ്പയിനിന് മാര്‍ച്ച് ആറിനാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ തുടക്കം കുറിച്ചത്. രാഹുല്‍ ഗാന്ധിയുടെ 'ചൗക്കിദാര്‍ ചോര്‍ ഹേ'(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രചാരണത്തിന് മറുപടിയായാണ് മോദി പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്.