അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്കില്ല: പാർട്ടി അധ്യക്ഷനായി തുടരും

By Web TeamFirst Published May 29, 2019, 10:26 PM IST
Highlights

2014 ലോക്സഭാ തെരഞ്ഞെടുപ്പിലും മോദിയുടെ ഒന്നാമൂഴത്തിലും ബിജെപിയുടെ രാഷ്ട്രതന്ത്രത്തിന്‍റെ ചാണക്യനായ അമിത് ഷാ പാർട്ടി തലപ്പത്ത് തന്നെ തുടരും. 

ദില്ലി: ബിജെപി അധ്യക്ഷൻ അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്കില്ല. അമിത് ഷാ പാർട്ടി തലപ്പത്ത് തന്നെ തുടരാനാണ് തീരുമാനം. ബിജെപി അധ്യക്ഷപദമെന്ന പരമോന്നത പദവി കൈയൊഴിഞ്ഞ് കേന്ദ്രമന്ത്രിസഭയിലെ വെറുമൊരംഗമാകാൻ അമിത് ഷായ്ക്ക് താത്പര്യമില്ലെന്നാണ് സൂചന. പശ്ചിമബംഗാളടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതിനാൽ അവിടെ തന്ത്രങ്ങൾ മെനയാനും അമിത് ഷാ തന്നെ വേണമെന്നാണ് പ്രധാനമന്ത്രിയുടെയും താത്പര്യം.

ഇന്ന് കേന്ദ്രമന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ദില്ലിയിൽ അമിത് ഷായും നരേന്ദ്രമോദിയും മാരത്തൺ ചർച്ചകളാണ് നടത്തിയത്. സഖ്യകക്ഷി നേതാക്കളെ കണ്ട ശേഷം ഇരുവരും തമ്മിലുള്ള യോഗം ഏതാണ്ട് അഞ്ച് മണിക്കൂർ നീണ്ടു. ഇതിന് ശേഷം മുൻ ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയെ നരേന്ദ്രമോദി കൃഷ്ണമേനോൻ മാർഗിലുള്ള വീട്ടിലെത്തി കണ്ടു. മന്ത്രിസഭയിലേക്കില്ല എന്ന തീരുമാനം തൽക്കാലം പുനഃപരിശോധിക്കണമെന്ന് ജയ്‍റ്റ്‍ലിയോട് മോദി അഭ്യർത്ഥിച്ചതായാണ് സൂചന.

തൽക്കാലം ജയ്‍റ്റ്‍ലി മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഒരു നല്ല വകുപ്പ് നൽകുകയും ചെയ്യാമെന്നാണ് മോദി ജയ്‍റ്റ്‍ലിക്ക് മുന്നിൽ വയ്ക്കുന്ന വാഗ്ദാനം. 

Delhi: Prime Minister Narendra Modi leaves from the residence of Arun Jaitley. pic.twitter.com/n07Z49ulN5

— ANI (@ANI)

നേരത്തേ പുതിയ സർക്കാരിൽ ചുമതലകൾ നൽകരുതെന്നാവശ്യപ്പെട്ട് അരുൺ ജയ്‍റ്റ്‍ലി നരേന്ദ്രമോദിക്ക് കത്ത് നൽകിയിരുന്നു. ഇത്തവണ പുതിയ സർക്കാരിൽ തൽക്കാലം ചുമതലകളോ, മന്ത്രിപദമോ വേണ്ടെന്നാണ് അരുൺ ജയ്‍റ്റ്‍ലി നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പുതിയ സർക്കാരിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് അരുൺ ജയ്‍റ്റ്‍ലി കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി.

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെത്തിയാൽ പകരം ജെ പി നദ്ദയോ ധർമ്മേന്ദ്രപ്രധാനോ പാർട്ടി തലപ്പത്തെത്തിയേക്കുമെന്നായിരുന്നു സൂചന. ഇരുവരും നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും വിശ്വസ്തരാണ്. എന്നാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിർണായക നീക്കങ്ങൾ നടത്താൻ അമിത് ഷാ പാർട്ടി തലപ്പത്ത് തുടരേണ്ടത് ബിജെപിയുടെ ആവശ്യമാണ്. ഇതിനാൽ തൽക്കാലം അമിത് ഷാ പാർട്ടി തലപ്പത്ത് തുടരും.

നേരത്തേ അമിത് ഷായുടെ അഞ്ച് വ‌ർഷത്തെ കാലാവധി ജനുവരിയിൽ അവസാനിച്ചിരുന്നു. എന്നാൽ കൊൽക്കത്തയിൽ ചേർന്ന ബിജെപി ദേശീയ സമ്മേളനം അമിത് ഷായെ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ അധ്യക്ഷനായി നിയമിക്കുകയായിരുന്നു. 

എന്നാലും നിർണായക തീരുമാനങ്ങൾ മോദി - ഷാ ദ്വയത്തിന്‍റേത് തന്നെയാകും. 303 സീറ്റുകൾ ഒറ്റയ്ക്ക് നേടി, 272 എന്ന കേവലഭൂരിപക്ഷത്തിന്‍റെ എണ്ണം മറികടന്ന് ഏറെ മുന്നിലെത്തിയ ഇരുവരുടെയും നേതൃത്വം തന്നെയാകും ഇനിയും ബിജെപി ഭരിക്കുക. വൻവിജയത്തിന് ശേഷം ഗാന്ധിനഗറിലും, അഹമ്മദാബാദിലുമായി എത്തിയ ഇരുവരും സജീവമായി കേന്ദ്രമന്ത്രിസഭാ രൂപീകരണം തന്നെയാണ് ചർച്ച ചെയ്തതെന്നാണ് സൂചന. വിശദമായ ചർച്ചകൾക്ക് ശേഷം അന്തിമഘട്ടത്തിൽ ദില്ലിയിൽ ഇരുവരും ഘടകകക്ഷി നേതാക്കളുമായിക്കൂടി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കേന്ദ്രമന്ത്രിസഭയ്ക്ക് അന്തിമരൂപമായത്. 

Read Also: മോദി 2.0: കേന്ദ്രമന്ത്രിമാരുടെ പട്ടികയായി, ദില്ലിയിൽ പാതിരാ ചർച്ചകൾ, മോദി ജയ്‍റ്റ്‍ലിയെ കണ്ടു

click me!