മോദി 2.0: കേന്ദ്രമന്ത്രിമാരുടെ പട്ടികയായി, ദില്ലിയിൽ പാതിരാ ചർച്ചകൾ, മോദി ജയ്‍റ്റ്‍ലിയെ കണ്ടു

By Web TeamFirst Published May 29, 2019, 9:06 PM IST
Highlights

ദില്ലിയിൽ അമിത് ഷായും മോദിയും ചേർന്ന് നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിൽ പട്ടികയായി. ആർക്കൊക്കെ ഏതൊക്കെ വകുപ്പുകൾ കിട്ടുമെന്നതിൽ ഇതുവരെ കൃത്യമായ സൂചനകളായിട്ടില്ല. 

ദില്ലി: നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിൽ കേന്ദ്രമന്ത്രിമാരുടെ പട്ടികയായി. ദില്ലിയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. 

മോദി - ജയ്‍റ്റ്‍ലി കൂടിക്കാഴ്ച

അതേസമയം, പുതിയ മന്ത്രിസഭയിലേക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദി മുൻ ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയെ കണ്ടു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അരുൺ ജയ്‍റ്റ്‍ലി പുതിയ മന്ത്രിസഭയിൽ നിന്ന് പിൻമാറിയത്. തൽക്കാലം ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. തൽക്കാലം ജയ്‍റ്റ്‍ലി മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഒരു നല്ല വകുപ്പ് നൽകുകയും ചെയ്യാമെന്നാകും മോദി ജയ്‍റ്റ്‍ലിക്ക് മുന്നിൽ വയ്ക്കുന്ന വാഗ്ദാനം. 

Sources: Prime Minister Narendra Modi will drive down to Arun Jaitley's residence around 8.30 PM today. PM is likely to ask Arun Jaitley to reconsider his earlier decision and remain in Government. pic.twitter.com/QgaEgyODq6

— ANI (@ANI)

നേരത്തേ പുതിയ സർക്കാരിൽ ചുമതലകൾ നൽകരുതെന്നാവശ്യപ്പെട്ട് അരുൺ ജയ്‍റ്റ്‍ലി നരേന്ദ്രമോദിക്ക് കത്ത് നൽകിയിരുന്നു. ഇത്തവണ പുതിയ സർക്കാരിൽ തൽക്കാലം ചുമതലകളോ, മന്ത്രിപദമോ വേണ്ടെന്നാണ് അരുൺ ജയ്‍റ്റ്‍ലി നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പുതിയ സർക്കാരിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് അരുൺ ജയ്‍റ്റ്‍ലി കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി.

I have today written a letter to the Hon’ble Prime Minister, a copy of which I am releasing: pic.twitter.com/8GyVNDcpU7

— Arun Jaitley (@arunjaitley)

അരുൺ ജയ്‍റ്റ്‍ലിക്ക് പകരം ധനമന്ത്രിസ്ഥാനത്തേക്ക് മുൻ ഊർജ, റെയിൽ മന്ത്രി പിയൂഷ് ഗോയൽ എത്തുമെന്നായിരുന്നു സൂചനകൾ. എന്നാൽ, ജയ്‍റ്റ്‍ലി പുതിയ മന്ത്രിസഭയിലുണ്ടാകണം എന്ന് തന്നെയാണ് നരേന്ദ്രമോദിയുടെ താത്പര്യം എന്നാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ ഭാഗമായാണ് മോദി നേരിട്ട് ജയ്‍റ്റ്‍ലിയെ കാണാനെത്തുന്നത്.

ദില്ലിയിൽ നിർണായക ചർച്ചകൾ

മാരത്തൺ ചർച്ചകൾക്ക് ശേഷം മോദിയെ മുൻ ആഭ്യന്തര മന്ത്രിയായ രാജ്‍നാഥ് സിംഗ് കണ്ടിരുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അമിത് ഷായുടെ വീട്ടിലെത്തി ചർച്ച നടത്തി. നാളെ രാവിലെ നിയുക്ത മന്ത്രിമാരെ മോദി കാണുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുമ്പ് തന്നെ മന്ത്രിസഭയിൽ ആരൊക്കെ എന്ന സൂചനകൾ പുറത്തുവരും. 

ആരൊക്കെയാകും കേന്ദ്രമന്ത്രിമാർ?

നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ. 1500 ഓളം അതിഥികളും ബിംസ്‍ടെക് രാജ്യത്തലവൻമാരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങിൽ പുതിയ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

പ്രകാശ് ജാവദേക്കർ, നിർമ്മലാ സീതാരാമൻ, അർജുൻ മേഘ്‍വാൾ, നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ് എന്നിവർ പുതിയ മന്ത്രിസഭയിലും അംഗങ്ങളാകും എന്നാണ് സൂചന. നിതിൻ ഗഡ്‍കരിക്ക് കേന്ദ്രമന്ത്രിസഭയിൽ നിർണായക പദവിയുണ്ടാകും എന്നുറപ്പാണ്. രാഹുലിനെ തട്ടകത്തിൽ തറ പറ്റിച്ച സ്മൃതി ഇറാനിക്കും മികച്ച വകുപ്പ് കിട്ടും.

കേരളത്തിൽ നിന്ന് ആരൊക്കെ?

കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. കുമ്മനവും കണ്ണന്താനവും കേരളത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ബിജെപി സംസ്ഥാനപ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്. 

click me!