ആന്ധ്രയില്‍ ജഗന്‍ മോഹന്‍ സ്വന്തമാക്കിയത് മിന്നുന്ന വിജയം; തന്ത്രങ്ങള്‍ ഒരുക്കിയത് പ്രശാന്ത് കിഷോര്‍

By Web TeamFirst Published May 24, 2019, 11:31 AM IST
Highlights

രാഷ്ട്രീയ  ചാണക്യന്‍ പ്രശാന്ത് കിഷോറിന്‍റെ ഒരു തിരിച്ചു വരവു കൂടിയാണ് ജഗന്‍മോഹന്‍റെ ഈ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രകടമായത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പ്രശാന്ത് കിഷോറിന്‍റെ ഓര്‍ഗനൈസേഷന്‍ ആന്ധ്രയില്‍ ജഗന്‍ മോഹന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയാണ്. 

ദില്ലി: ആന്ധ്രാ പ്രദേശില്‍ ജഗന്‍ മോഹന്‍ നേടിയ വലിയ വിജയം രാഷ്ട്രീയ ചാണക്യന്‍ പ്രശാന്ത് കിഷോറിന്‍റെ കൂടി വിജയമായി. രണ്ടു വര്‍ഷത്തോളമായി ജഗന്‍ മോഹനു വേണ്ടി പ്രവര്‍ത്തിക്കുകയാണ് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്‍റെ സംഘടനയായ ഇന്ത്യ പൊളിറ്റിക്കല്‍ ആക്ഷനും. സംഘടനയിലെ 400 ഓളം പ്രവര്‍ത്തകരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. 

പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തില്‍ ആന്ധ്രാ പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മിന്നുന്ന വിജയമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ 22 സീറ്റുകളും നേടിയ ജഗന്‍ മോഹന്‍റെ പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ 175 ല്‍ 150 സീറ്റും പിടിച്ചെടുത്തു. ആദ്യമായാണ് ആന്ധ്രയില്‍ വൈഎസ്ആര്‍ അധികാരത്തിലേറുന്നത്. 

രാഷ്ട്രീയ  ചാണക്യന്‍ പ്രശാന്ത് കിഷോറിന്‍റെ ഒരു തിരിച്ചു വരവു കൂടിയാണ് ജഗന്‍മോഹന്‍റെ ഈ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രകടമായത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പ്രശാന്ത് കിഷോറിന്‍റെ ഓര്‍ഗനൈസേഷന്‍ ആന്ധ്രയില്‍ ജഗന്‍ മോഹന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയാണ്. ഹൈദരാബാദില്‍ പ്രശാന്ത് കിഷോറിന് ഒപ്പമിരുന്നാണ് ജഗന്‍ മോഹന്‍ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞത്.

വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഇവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇതിന്‍റെ ഭാഗമായി ജഗന്‍ മോഹന്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ചു.15 മാസം നീണ്ടു നിന്ന പ്രജാ സങ്കല്‍പ്പ പദയാത്ര നടത്തുകയും ഇതിലൂടെ രണ്ടു കോടിയോളം ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. ആന്ധ്രയുടെ വികസനത്തിന് വേണ്ടി എന്തെല്ലാം ചെയ്യണമെന്ന് അറിയിക്കാനാവശ്യപ്പെട്ട് 60,000 ഗ്രാമീണര്‍ക്ക് കത്തയച്ചു. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ രണ്ടു വര്‍ഷം കൊണ്ട് 4.8 കോടിയോളം ജനങ്ങളുമായി സംവദിക്കാന്‍ ജഗന്‍ മോഹന് സാധിച്ചു. ഇതെല്ലാമാണ് വലിയ വിജയം പാര്‍ട്ടിക്ക് സംസ്ഥാനത്ത് നേടിക്കൊടുക്കാന്‍ സാധിച്ചത്.

 

Thank you Andhra and colleagues at for the landslide victory.
Congratulations and best wishes to the new CM

— Prashant Kishor (@PrashantKishor)

പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ ആന്ധ്രയിലെ വിജയത്തിന്‍റെ സന്തോഷം പങ്കുവെച്ചു. പുതിയ മുഖ്യമന്ത്രി ജഗന്‍ മോഹന് അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്. നേരത്തെ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതും പാർട്ടി പ്രചാരണത്തിന് നേതൃത്വം നൽകിയതും പ്രശാന്ത് കിഷോറായിരുന്നു. പിന്നീട്  2015ൽ ബിഹാറില്‍ ജെ.ഡി.യു, ആർ.ജെ.ഡി ഉള്‍പ്പെട്ട മഹാസഖ്യത്തിനായും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. അതിലും വമ്പന്‍ വിജയം നേടി. എന്നാല്‍ 2017 ല്‍ ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചെങ്കിലും പരാജയമായിരുന്നു ഫലം 

click me!