പോര് മുറുകുന്നു; തെരഞ്ഞെടുപ്പുകളിൽ കള്ളവോട്ട് നേടിയാണ് അസം ഖാൻ ജയിച്ചതെന്ന് ജയപ്രദ

By Web TeamFirst Published Apr 25, 2019, 12:21 PM IST
Highlights

തെരഞ്ഞെടുപ്പിൽ മുസ്ലിങ്ങളെ വോട്ട് ചെയ്യാൻ തന്റെ മണ്ഡലത്തിലെ ജില്ലാ ഭരണകൂടം അനുവദിക്കില്ലെന്ന അസം ഖാന്റെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ജയപ്രദ. 

ലഖ്നൗ: കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കള്ളവോട്ട് നേടിയാണ് അസം ഖാൻ ജയിച്ചതെന്ന് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ. തെരഞ്ഞെടുപ്പിൽ മുസ്ലിങ്ങളെ വോട്ട് ചെയ്യാൻ തന്റെ മണ്ഡലത്തിലെ ജില്ലാ ഭരണകൂടം അനുവദിക്കില്ലെന്ന അസം ഖാന്റെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ജയപ്രദ. 

തന്റെ പരാജയം മുന്നിൽ കണ്ട് പേടിച്ചിട്ടാണ് അസം ഖാൻ ഇത്തരത്തിലുള്ള പ്രസ്താവനകൾ ഇറക്കുന്നത്. ബൂത്തുകളിൽ കള്ള വോട്ട് ചെയ്യുന്നതിന് അദ്ദേഹം സഹായിക്കും. കഴിഞ്ഞ 20 വർഷമായി കള്ള വോട്ടുകൾ നേടിയാണ് അസം ഖാൻ തെരഞ്ഞെടുപ്പുകളിൽ ജയിച്ചതെന്നും ജയപ്രദ പറഞ്ഞു. 
 
തെരഞ്ഞെടുപ്പിൽ മുസ്ലിങ്ങളെ വോട്ട് ചെയ്യാൻ തന്റെ മണ്ഡലത്തിലെ ജില്ലാ ഭരണകൂടം അനുവദിക്കില്ല. കഴിഞ്ഞ ഒരാഴ്ച്ചയായി മുസ്ലിങ്ങളുടെ വീടുകൾ കൊള്ളയടിക്കപ്പെടുകയാണ്. അവർ നന്നായി മർദ്ദനത്തിനിരയാകുന്നുണ്ട്. ജില്ലാ മജിസ്ട്രേറ്റും എസ്പിയും അവരെ നന്നായി മർദ്ദിക്കുന്നുണ്ടെന്നുമാണ് ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ അസം ഖാൻ പറഞ്ഞത്.   

ഉദ്യോ​ഗിക ഒപ്പ് കൂടാതെയുള്ള ചുവന്ന കാർഡുകളാണ് മുസ്ലിങ്ങൾക്ക് നൽകുന്നത്. കൂടാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ അവർക്ക് നിർദ്ദേശം നൽകും. അവരുടെ വോട്ട് ചെയ്യുന്നതിനുള്ള അവകാശം തട്ടിപ്പറിച്ചെടുക്കുകയാണ്. സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ആണ് ഇത്തരം ഉത്തരവുകൾ ഇറക്കുന്നതെന്നും അസം ഖാൻ പറഞ്ഞു. മുസ്ലിങ്ങൾ അധികമുള്ള പ്രദേശങ്ങളിൽ തെറ്റായ വോട്ടിംഗ് മെഷീനുകളാണ് സ്ഥാപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 
   
 


 

click me!