ബിജെപിക്ക് വേണ്ടി പാട്ട് പാടി; കേന്ദ്ര മന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

By Web TeamFirst Published Mar 19, 2019, 11:44 PM IST
Highlights

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപിക്ക് വേണ്ടി പാട്ട് പാടിയതിന് ബാബുൾ സുപ്രിയോയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പാട്ടിലെ വരികൾ തൃണമൂൽ കോൺ​ഗ്രസിനെ ഉന്നം വച്ചുള്ളതാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.   

കൊൽക്കത്ത: 17-ാമത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ പാട്ട് പാടി പണി വാങ്ങിയിരിക്കുകയാണ് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബാബുൾ സുപ്രിയോ. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപിക്ക് വേണ്ടി പാട്ട് പാടിയതിന് ബാബുൾ സുപ്രിയോയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പാട്ടിലെ വരികൾ തൃണമൂൽ കോൺ​ഗ്രസിനെ ഉന്നം വച്ചുള്ളതാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.   

വ്യാഴാഴ്ചയാണ് ബാബുൾ പാട്ട് പാടുന്നതിന്റെ വീഡിയോ പുറത്ത് വിട്ടത്. തുടർന്ന് 48 മണിക്കൂറിനുള്ളിൽ സംഭവത്തിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ബാബുളിനോട് ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിരാകരിച്ച് ബാബുൾ പാട്ടിന്റെ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടു.  

സംഭവത്തിൽ ബാബുളിനെതിരെ തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പശ്ചിമ ബംഗാൾ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് ബസു പറഞ്ഞു. തൃണമൂൺ കോൺ​ഗ്രസ് നേതാവ് മമത ബാനർജിക്കെതിരെയും പാർട്ടിക്കെതിരെയും മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ബാബുളിനെതിരെ പാർട്ടി പ്രവർത്തകർ പരാതി നൽകിയത്.

അതേസമയം, സംഭവത്തിൽ വിശ​ദീകരണവുമായി ബാബുൾ ​രം​ഗത്തെത്തി. പാട്ടിൽ പറഞ്ഞതെല്ലാം സത്യമാണെന്നും സത്യം വേദനയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബം​ഗാളിലെ അസാൻസോളിൽനിന്നുള്ള എംപിയാണ് ബാബുൾ.   

click me!