രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമർശം: എ വിജയരാഘവനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം

By Web TeamFirst Published Apr 20, 2019, 10:21 AM IST
Highlights

എ വിജയരാഘവൻ കുറ്റം ചെയ്തിട്ടില്ലെന്ന് മലപ്പുറം എസ്‍പി തൃശ്ശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകി. 

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ അശ്ലീലപരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് പൊലീസിനോട് കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം നൽകിയത്. എ വിജയരാഘവൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് നിയമോപദേശം നൽകിയിരിക്കുന്നത്. ഈ അടിസ്ഥാനത്തിൽ മലപ്പുറം എസ്‍പി തൃശ്ശൂർ റേഞ്ച് ഐജിയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. 

പൊന്നാനിയിൽ ഇടതു മുന്നണി പൊതുയോഗത്തിലെ എ വിജയരാഘവന്റെ പ്രസംഗം ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയെന്ന നിലയിൽ തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നാണ് രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകിയിരുന്നത്‌. 

എ വിജയരാഘവനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൊലീസിൽ പരാതി നൽകിയിരുന്നു.ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍  രമ്യാ ഹരിദാസിനെ മോശം പരാമര്‍ശത്തിലൂടെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തെന്നും ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1), (4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഈ രണ്ടു പരാതികളിലും തിരൂർ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. 

പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. 

Read More: വിജയരാഘവന് എന്‍റെ പ്രായത്തിലൊരു മകളുണ്ടെങ്കിൽ ഇങ്ങനെ പറയുമോ? രമ്യ ഹരിദാസ് ചോദിക്കുന്നു

''സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല...'', ഇതായിരുന്നു എ വിജയരാഘവന്‍റെ വാക്കുകള്‍. 

click me!