തുഷാർ മത്സരിക്കും; ബിഡിജെഎസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു; വയനാടും തൃശ്ശൂരും പിന്നീട്

By Web TeamFirst Published Mar 26, 2019, 1:12 PM IST
Highlights

രാഹുൽ ഗാന്ധി വയനാട്ടിൽ വന്നാൽ എന്ത് വേണമെന്ന് എൻഡിഎ തീരുമാനിക്കട്ടെ. ഏത് തരത്തിലുള്ള നീക്കുപോക്കിനും തയ്യാറാണെന്ന് തുഷാർ വെള്ളാപ്പള്ളി. 

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. തൃശ്ശൂരോ വയനാടോ മത്സരിക്കും. തൃശ്ശൂരാണ് മത്സരിക്കാൻ സാധ്യത കൂടുതലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. 

ബിഡിജെഎസ്സിന്‍റെ മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആലത്തൂർ, മാവേലിക്കര, ഇടുക്കി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. വയനാട്, തൃശ്ശൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. ആലത്തൂരിൽ ടി വി ബാബു, മാവേലിക്കര തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ എന്നിവരാണ് മത്സരിക്കുക. 

വയനാട് സീറ്റ് വിട്ട് തരണമെന്ന് ബിജെപി ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധി വയനാട് വന്നാൽ എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് എൻഡിഎ ആണെന്നും തുഷാർ വ്യക്തമാക്കി. 

അതേസമയം, ലോക്സഭാ സീറ്റിന്‍റെ കാര്യത്തിൽ ബിഡിജെഎസുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കിയിരുന്നു. ഏത് സീറ്റും വച്ച് മാറാൻ തയ്യാറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. ഒരു തര്‍ക്കത്തിന്‍റെയും കാര്യമില്ലെന്നും എല്ലാവരുമായി ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. 

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരത്തിനെത്തിയാൽ ബിഡിജെഎസിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് ദേശീയ നേതാവിനെ രംഗത്തിറക്കണമെന്നാണ് ബിജെപി നിലപാട്. എന്നാൽ തൃശൂരും വയനാടും ഒഴിച്ചിട്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ബിഡിജെഎസിന്‍റെ നീക്കം. രാഹുൽ മത്സരത്തിനെത്തിയാൽ തുഷാര്‍ വെള്ളാപ്പള്ളി തന്നെ വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യമാണ് ബിഡിജെഎസിൽ ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ബിജെപിയും ബിഡിജെഎസുമായി നിലവിൽ തര്‍ക്കങ്ങളില്ലെന്ന പിഎസ് ശ്രീധരൻ പിള്ളയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. 

click me!