'സേഫ് സോണ്‍' വേണമെന്ന് സുരേന്ദ്രന്‍, കോര്‍ കമ്മിറ്റിയിൽ കടുത്ത ഭിന്നത; ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമായില്ല

By Web TeamFirst Published Mar 11, 2019, 7:01 PM IST
Highlights

കെ സുരേന്ദ്രന് മത്സരിക്കാൻ സുരക്ഷിത മണ്ഡലം വേണമെന്ന് വി മുരളീധരന്‍ വിഭാഗം നിലപാടെടുത്തു. പത്തനംതിട്ടയോ തൃശൂരോ കിട്ടിയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന കടുത്ത തീരുമാനത്തിലാണ് കെ സുരേന്ദ്രൻ.

കോട്ടയം: സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാൻ ചേര്‍ന്ന ബിജെപി കോര്‍കമ്മറ്റി യോഗത്തിൽ തര്‍ക്കം.  കെ സുരേനന്ദ്രന്  മത്സരിക്കാൻ സുരക്ഷിത മണ്ഡലം വേണമെന്ന് വി മുരളീധരന്‍ വിഭാഗം നിലപാട് കടുപ്പിച്ചതോടെയാണ് കോര്‍കമ്മിറ്റി യോഗം കടുത്ത അഭിപ്രായ ഭിന്നതയിലേക്ക് വഴി മാറിയത്. പത്തനംതിട്ട അല്ലെങ്കിൽ തൃശൂര്‍ തന്നെ വേണമെന്ന നിലപാടിലാണ് കെ സുരേന്ദ്രൻ. പത്തനംതിട്ടയോ തൃശൂരോ കിട്ടിയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന തീരുമാനവും കെ സുരേന്ദ്രൻ ബിജെപി കോര്‍ കമ്മിറ്റിയിൽ അറിയിച്ചു.

മത്സരിക്കാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള താൽപര്യപ്പെട്ടതോടെയാണ് പത്തനംതിട്ടയിൽ കെ സുരേന്ദ്രന് പ്രതിസന്ധിയായത്. ദേശീയ നേതൃത്വത്തിന്‍റെ താൽപര്യപ്രകാരം തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങിയാൽ തൃശൂര്‍ വിട്ടുകൊടുക്കേണ്ടി വരും. ഇതോടെയാണ് കോര്‍ കമ്മിറ്റി യോഗത്തിലെ ചര്‍ച്ച അനിശ്ചിതത്വത്തിലായത്. 

പാലക്കാട്ട് ശോഭാ സുരേന്ദ്രന്‍റെ പേര് ഏറെ കുറ തീരുമാനമായിരുന്നെങ്കിലും സി കൃഷ്ണകുമാറിന്‍റെ പേരാണ് വി മുരളീധര വിഭാഗം കോര്‍ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചത്.  അഭിപ്രായ സമന്വയം ഉണ്ടാകാത്ത സാഹചര്യത്തിൽ ഏറ്റവും ചുരുങ്ങിയത് രണ്ട് പേരെങ്കിലും ഉൾപ്പെടുത്തിയാകും ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി ദേശീയ നേതൃത്വത്തിന് നൽകുക എന്ന കാര്യവും ഏതാണ്ട് ഉറപ്പായി. 

click me!