ബിജെപി സ്ഥാനാർഥിപ്പട്ടിക മൂന്ന് ദിവസത്തിനകം; പിള്ള മത്സരിക്കുന്നത് കേന്ദ്രനേതൃത്വം തീരുമാനിക്കും

By Web TeamFirst Published Mar 13, 2019, 8:24 PM IST
Highlights

സ്ഥാനാർഥിപ്പട്ടികയെച്ചൊല്ലി സംസ്ഥാനത്തെ ബിജെപിയിൽ തർക്കം തുടരുന്നതിനിടെയാണ് മുരളീധർ റാവു, എല്ലാം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് പറയുന്നത്.  

തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു. കേന്ദ്രനേതൃത്വത്തിന്‍റെ അനുമതിയോടെയാകും സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുക. സംസ്ഥാനപ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള മത്സരിക്കണോ എന്ന കാര്യവും കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും മുരളീധർ റാവു വ്യക്തമാക്കി. 

ശബരിമല പ്രചാരണവിഷയമാക്കരുതെന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശത്തിനെതിരെ രൂക്ഷവിമർശനമുയർത്തിയ മുരളീധർ റാവു, വിഷയം വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും വ്യക്തമാക്കി. ശബരിമല പ്രശ്നം മനുഷ്യാവകാശത്തിന്‍റെ കൂടി ഭാഗമാണെന്നും ഇക്കാര്യം കോടതിയിൽ ഉന്നയിക്കുമെന്നും മുരളീധർ റാവു വ്യക്തമാക്കി. അയോധ്യ പ്രശ്നമടക്കം പല കാര്യങ്ങളും ചർച്ച ചെയ്യുമെന്നും ഇതെല്ലാം ജനാധിപത്യത്തിന്‍റെ ഭാഗമാണെന്നും മുരളീധർ റാവു പറഞ്ഞു.

ചില മണ്ഡലങ്ങൾ തന്ത്രപ്രധാനമാണെന്നും ഇവിടെ ആര് മത്സരിക്കണമെന്ന കാര്യത്തിൽ കൃത്യമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും റാവു അറിയിച്ചു. ബിജെപിയുടെ സ്ഥാനാർഥിപ്പട്ടികയിൽ സംസ്ഥാനനേതൃത്വത്തിനിടയിൽ വലിയ തർക്കം നിലനിൽക്കുന്നതിനിടെയാണ് റാവുവിന്‍റെ പ്രസ്താവന. 

നേരത്തേ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്‍റെ ഭാഗമായി കുമ്മനം രാജശേഖരനെയും ബിജെപി അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയേയും ബിജെപി ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചിരുന്നു. 

തിരുവന്തപുരവും കോട്ടയവും ഒഴികെയുള്ള മണ്ഡലങ്ങളിൽ ഒറ്റ സ്ഥാനാര്‍ത്ഥി ധാരണയിലെത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും പി സി തോമസ് കോട്ടയത്തും മത്സരിക്കുമെന്നാണ് ധാരണ.

അതേസമയം, പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളുടെ കാര്യത്തിൽ വലിയ വടംവലിയാണ് സംസ്ഥാന നേതാക്കൾക്കിടയിലുള്ളത്.  പത്തനംതിട്ടയിൽ മത്സരിക്കാൻ പിഎസ് ശ്രീധരൻ പിള്ള ആഗ്രഹിക്കുന്നുണ്ട്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് അമിത്ഷാ തന്നെ പറഞ്ഞ സാഹചര്യത്തിൽ തൃശൂര്‍ മണ്ഡലം തുഷാറിന് നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

ബിജെപി സാധ്യത കൽപ്പിക്കുന്ന പത്തംനംതിട്ടയോ തൃശൂരോ ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിൽ നിലപാടെടുത്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ മത്സരിക്കാനില്ലെന്ന് എം ടി രമേശും നേതൃത്വത്തെ അറിയിച്ചു. പാലക്കാട് ശോഭാ സുരേന്ദ്രൻ സീറ്റ് ഉറപ്പിച്ചിരുന്നെങ്കിലും വി മുരളീധരവിഭാഗം സി കൃഷ്ണകുമാറിന്‍റെ പേരുമായി എത്തിയിട്ടുണ്ട്. 

click me!