അറസ്റ്റ് വാറന്‍ഡുകള്‍ മൂന്ന്: ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബു നിയമക്കുരുക്കില്‍

By Web TeamFirst Published Mar 24, 2019, 10:04 AM IST
Highlights

ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തപ്പെട്ട രണ്ട് കേസുകളിൽ പത്രിക സമർപ്പണത്തിന് മുന്‍പേ അതത് സ്റ്റേഷനുകളിലോ കോടതിയിലോ കീഴടങ്ങണം. എന്നാല്‍ മുൻകൂർ ജാമ്യ ഹർജി കൊടുക്കാത്തതിനാല്‍ കീഴടങ്ങിയാല്‍ കോടതി ജയിലിലേക്ക് അയക്കും. സ്ഥാനാര്‍ത്ഥി  റിമാൻഡിലാകുന്ന സാഹചര്യം.

കോഴിക്കോട്: മൂന്ന് കേസുകളിൽ അറസ്റ്റ് വാറണ്ടുള്ള കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് മത്സരിക്കാൻ നിയമക്കുരുക്ക്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നൽകണമെങ്കിൽ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രകാശ് ബാബുവിന് ജാമ്യം കിട്ടണം. എന്നാല്‍ പ്രചാരണം നിർത്തിവയ്ക്കില്ലെന്നും അടുത്തആഴ്ച കോടതിയിൽ കീഴടങ്ങുമെന്നും സ്ഥാനാർത്ഥി പറഞ്ഞു.

ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പ്രകാശ് ബാബുവിന്‍റെ പേരിലുള്ളത്. ഇതില്‍ മൂന്നെണ്ണത്തില്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറന്‍ഡ് നിലനില്‍ക്കുന്നവര്‍ക്ക് പത്രിക നല്‍കാനാവില്ലെന്നാണ് തെരഞ്ഞെടുപ്പ് നിയമത്തില്‍ പറയുന്നത്. 

ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തപ്പെട്ട രണ്ട് കേസുകളിൽ പത്രിക സമർപ്പണത്തിന് മുന്‍പേ അതത് സ്റ്റേഷനുകളിലോ കോടതിയിലോ കീഴടങ്ങണം. എന്നാല്‍ മുൻകൂർ ജാമ്യ ഹർജി കൊടുക്കാത്തതിനാല്‍ കീഴടങ്ങിയാല്‍ കോടതി ജയിലിലേക്ക് അയക്കും. സ്ഥാനാര്‍ത്ഥി  റിമാൻഡിലാകുന്ന സാഹചര്യം.  ഇതൊഴിവാക്കാന്‍ കരുതലോടെയാണ് പ്രകാശ് ബാബു നീങ്ങുന്നത്. പാർട്ടിയുമായി ആലോചിച്ച് അടുത്ത ആഴ്ച കോടതിയിൽ കീഴടങ്ങി ജാമ്യം നേടുമെന്ന് സ്ഥാനാർത്ഥി പറയുന്നു. 

ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനങ്ങൾ തകർത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറന്‍ഡുകള്‍ വന്നിരിക്കുന്നത്.  നിയമക്കുരുക്കിലാണെങ്കിലും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ കോഴിക്കോട് പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്. 

click me!