
ഛണ്ഡീഗഢ്: തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കാത്തതില്‍ കടുത്ത അതൃപ്തി അറിയിച്ച് പഞ്ചാബില്‍ നിന്നുള്ള കേന്ദ്ര മന്ത്രി വിജയ് സാമ്പ്‍ല. സീറ്റ് നിഷേധിച്ച പാര്‍ട്ടി നടപടി ഗോവധത്തിന് തുല്യമെന്നാണ് മന്ത്രിയുടെ പ്രതികരണം.
പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ട്വിറ്ററിലൂടെയാണ് സാമ്പ‍്‍ല രൂക്ഷ വിമര്‍ശനമുന്നയിച്ചത്. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ 13,500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച വിജയ് സാമ്പ്‍ലയെ ഇത്തവണ പാര്‍ട്ടി ഒഴിവാക്കുകയായിരുന്നു. പകരം സിറ്റിങ് എംഎല്‍എ സോം പ്രകാശാണ് ഹോഷിയാര്‍പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി.
ജനന്മയ്ക്ക് വേണ്ടിയാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നത്. വിമാനത്താവളം, റോഡുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള തനിക്കെതിരെ ആരോപണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പക്ഷേ സീറ്റ് നിഷേധിച്ചതിന്‍റെ കാരണം എന്തെന്ന് അറിയില്ല. സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് തന്‍റെ തെറ്റ് എങ്കില്‍ ഈ തെറ്റ് ആവര്‍ത്തിക്കരുതെന്ന് വരും തലമുറയോട് പറയുമെന്നും വിജയ് സാമ്പ്‍ല ട്വിറ്ററില്‍ കുറിച്ചു.