ഉപതെരഞ്ഞടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് തീരുമാനിച്ചേക്കും

By Web TeamFirst Published Sep 26, 2019, 6:32 AM IST
Highlights

പീതാംബരക്കുറുപ്പിനെതിരെ ഇന്ദിരാഭവനിൽ നടന്ന പ്രതിഷേധങ്ങൾ തള്ളിക്കളയേണ്ടെന്ന നിലപാടിലാണ് നേതാക്കളെത്തിയത്. ജില്ലയിലെ കെപിസിസി ഭാരവാഹികളും ബ്ലോക്ക് സെക്രട്ടറിമാരും കുറുപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: ഉപതെരഞ്ഞടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് തീരുമാനിച്ചേക്കും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രാത്രി വൈകിയും കൂടിക്കാഴ്ച നടത്തി. കെപിസിസി ആസ്ഥാനത്ത് രാത്രി നടന്ന ചർച്ചയിലും അടൂർ പ്രകാശ് റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു.

അരൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ് രാജേഷിനെയും എറണാകുളത്ത് ടിജെ വിനോദിനെയുമാണ് പരിഗണിക്കുന്നത്. ഇന്നത്തെ ചർച്ചയോടെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാൽ, വട്ടിയൂർക്കാവ്, കോന്നി നിയമസഭ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തർക്കം തുടരുകയാണ്.

Read More; കോൺഗ്രസ് സാധ്യതാപട്ടികയായി: പീതാംബരക്കുറുപ്പിനൊപ്പം മുരളി, പ്രതിഷേധം, കോന്നിയിൽ റോബിൻ പീറ്റർ?

വട്ടിയൂർക്കാവിൽ നേരത്തെ നിശ്ചിയിച്ചിരുന്ന എൻ പീതാംബരക്കുറുപ്പിനെയും കോന്നിയിലെ റോബിൻ പീറ്ററിനെയും മാറ്റാനുള്ള സാധ്യതയേറി. പീതാംബരക്കുറുപ്പിനെതിരെ ഇന്ദിരാഭവനിൽ നടന്ന പ്രതിഷേധങ്ങൾ തള്ളിക്കളയേണ്ടെന്ന നിലപാടിലാണ് നേതാക്കളെത്തിയത്. ജില്ലയിലെ കെപിസിസി ഭാരവാഹികളും ബ്ലോക്ക് സെക്രട്ടറിമാരും കുറുപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാൽ പീതാബംരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു കെ മുരളീധരൻ. തന്‍റെ പിൻഗാമി പീതാംബരക്കുറുപ്പാകണമെന്നായിരുന്നു മുരളി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

മണ്ഡലത്തിന്റെ പൊതുസ്വഭാവം കോണ്‍ഗ്രസിനൊപ്പമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. നായര്‍ സമുദായത്തിന് ഏറെ ശക്തിയുള്ള മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ 7622 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂർ 2836 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വട്ടിയൂര്‍ക്കാവിൽ വിജയിച്ചിരുന്നു. 

click me!