തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടികയായി. ഇപ്പോഴും രണ്ട് പേരുകളിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പേരുകളിൽ ഏതാണ്ട് ധാരണയായിട്ടുണ്ട്. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ ആര് കളത്തിലിറങ്ങണമെന്നതിൽ ശക്തമായ ചേരിതിരിവ് ഇപ്പോഴും നിലനിൽക്കുകയാണ്. വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പ് ഇറങ്ങട്ടെയെന്ന നിലപാടിലാണ് നേതൃത്വം.എന്നാൽ ജില്ലയിലെ കെപിസിസി ഭാരവാഹികളും ബ്ലോക്ക് സെക്രട്ടറിമാരും കുറുപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞു. പക്ഷേ, കെ മുരളീധരൻ ശക്തമായി കുറുപ്പിനൊപ്പം നിന്നു. കോന്നിയിൽ അടൂർ പ്രകാശിന്‍റെ നോമിനിയായ റോബിൻ പീറ്ററിനോട് പത്തനംതിട്ട ഡിസിസിയ്ക്ക് കടുത്ത എതിർപ്പുണ്ട്. എങ്കിലും പ്രാദേശിക നേതൃത്വങ്ങളെ തള്ളി ഇരുവരെയും തന്നെ സ്ഥാനാർത്ഥികളാക്കാനാണ് സംസ്ഥാനനേതൃത്വം തീരുമാനിക്കുന്നത്. 

എന്നാൽ ഈ പ്രതിഷേധത്തിൽ മുരളിക്ക് കുലുക്കമില്ല. തന്‍റെ പിൻഗാമി പീതാംബരക്കുറുപ്പാകണമെന്നാണ് മുരളി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഐ ഗ്രൂപ്പ് സീറ്റ് വെച്ചുമാറാനില്ലാത്തതും കുറുപ്പിന്‍റെ സാധ്യത കൂട്ടുന്നു.

എന്നാൽ തനിക്ക് രാഷ്ട്രീയ പാരമ്പര്യം വേണ്ടുവോളം ഉണ്ടെന്നാണ് പീതാംബര കുറുപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞത്. ശശി തരൂർ വന്നപ്പോൾ കോലം കത്തിച്ചവരാണ് തനിക്കെതിരെ പറയുന്നത്. പ്രായം കൂടിയത് തന്‍റെ പ്രശ്നം അല്ല. അർദ്ധ രാത്രിയിൽ സൂര്യനുദിച്ചാൽ ഇവരുടെ തനിനിറം പുറത്തു വരും. വൻ ഭൂരിപക്ഷം നേടി യുഡിഎഫ് വട്ടിയൂർക്കാവിൽ ജയിക്കുകയും ചെയ്യുമെന്ന് പീതാംബരക്കുറുപ്പ്. 

എറണാകുളത്ത് ടി ജെ വിനോദിനും അരൂരിൽ എസ് രാജേഷിനുമാണ് മുൻഗണന. നാളെയോടെ കെപിസിസി അന്തിമപട്ടികക്ക് രൂപം നൽകും, സാധ്യതാപട്ടിക ഹൈക്കമാന്‍റിന് അയക്കുകയും ചെയ്യും. 

സ്വഭാവദൂഷ്യമില്ലാത്തയാളെങ്കിലും വേണ്ടേ?

തെരഞ്ഞെടുപ്പ് സമിതി യോഗം തുടങ്ങുന്നതിന് തൊട്ട് മുമ്പായിരുന്നു സ്ഥാനാർത്ഥിയാകാൻ പരിഗണിക്കപ്പെടുന്ന പീതാംബരക്കുറുപ്പിനെതിരെ ഇന്ദിരാഭവനിൽ പ്രതിഷേധം നടന്നത്. ജില്ലയിലെ കെപിസിസി ഭാരവാഹികളും ബ്ലോക്ക് സെക്രട്ടറിമാരും കുറുപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞു. 

ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാർ മുതിർന്ന നേതാക്കളോട് പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിലാണ് പ്രതിഷേധമറിയിച്ചത്. ''ബിജെപി ശക്തമായി മത്സരിക്കുന്ന സ്ഥലമല്ലേ? പ്രവർത്തകരുടെ വികാരം മനസ്സിലാക്കണ്ടേ? കുറുപ്പിനെപ്പോലൊരാളെ അവിടെ നിർത്തിയാൽ ...'' എന്ന് പറഞ്ഞ പ്രവർത്തകനോട്, ''അതിനാരും അവിടെ കുറുപ്പിനെ നിർത്തിയില്ലല്ലോ'' എന്ന് കെ സുധാകരൻ എംപി. ''സ്വഭാവദൂഷ്യമില്ലാത്തയാളെയെങ്കിലും നിർത്തണ്ടേ'' എന്ന് പറഞ്ഞ പ്രവർത്തകനോട് ''ഒന്ന് മിണ്ടാതിരിക്കെ''ന്ന് കവിളിൽ തട്ടി കെ സുധാകരൻ. 

എഐസിസി ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടിയെ അടക്കം പ്രാദേശിക നേതാക്കൾ പ്രതിഷേധം അറിയിച്ചു. വിഐപി മണ്ഡലമായി വട്ടിയൂർക്കാവിനെ കെ മുരളീധരൻ മാറ്റിയതാണെന്നും കഴിഞ്ഞ തവണ ടി എൻ സീമയെയും കുമ്മനത്തെയും വ്യക്തമായ ഭൂരിപക്ഷത്തോടെ കെ മുരളീധരൻ തോൽപിച്ചതാണെന്ന് നേതൃത്വം ഓർക്കണമെന്നും പ്രാദേശിക നേതാക്കൾ പറയുന്നു. ജനസമ്മതരായ പ്രാദേശിക നേതാക്കൾ വേണം. മണ്ഡലത്തിലെ 25 ശതമാനവും 18 - 25 വയസ്സിനിടയിലുള്ള യുവാക്കളാണ്. അതുകൊണ്ട് അത്തരത്തിൽ അവരെ കയ്യിലെടുക്കാൻ കഴിയുന്ന ഒരാൾ സ്ഥാനാർത്ഥിയാകണം. കുറുപ്പിനെപ്പോലൊരാളെ മത്സരിപ്പിക്കരുത് - ഇതാണ് പ്രാദേശിക നേതാക്കളുടെ ആവശ്യം. 

അടൂരിലാര്?

അടൂർ പ്രകാശിന്‍റെ ഉറച്ച നിലപാട് തന്നെയാണ് ഡിസിസിയുടെ പ്രതിഷേധം തള്ളി കോന്നിയിൽ റോബിൻ പീറ്ററിന് മുൻതൂക്കം കിട്ടാനുള്ള കാരണം. കോന്നിക്ക് പകരം ഈഴവ സ്ഥാനാർത്ഥിയെ അരൂരിൽ ഇറക്കാനാണ് ആലോചന. എ ഗ്രൂപ്പ് പ്രതിനിധിയും യൂത്ത് കോൺഗ്രസ് നേതാവുമായ എസ് രാജേഷിനാണ് സജീവ പരിഗണന.

കെ വിതോമസിനെക്കാൾ എറണാകുളത്ത് ടി ജെ വിനോദിന് തുണയാകുന്നതും ഹൈബി ഈഡനടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണ. മേയർ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയായതും ബിജെപിയുടെ കടുത്ത ഭീഷണിയും മറികടന്ന് വട്ടിയൂർക്കാവ് നിലനിർത്താൻ കുറുപ്പിനാകുമോ എന്ന സംശയം ചില നേതാക്കൾ പങ്ക് വെക്കുന്നുണ്ട്. നാലിടത്തും നേതാക്കളുടെ ഒറ്റക്കൊറ്റക്കുള്ള അഭിപ്രായം കൂടി മുല്ലപ്പള്ളി തേടും. പിന്നെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും കൂടിക്കാഴ്ച നടത്തി ഹൈക്കമാൻഡ് അനുമതിയോടെ വെള്ളിയാഴ്ചയോടെ പ്രഖ്യാപനം ഉണ്ടാകും.