മോദിക്കെതിരെ കോൺഗ്രസ്; സർക്കാർ ഭൂമി സ്വന്തമാക്കിയെന്ന് ആരോപണം

By Web TeamFirst Published Apr 16, 2019, 5:38 PM IST
Highlights

നാമനിർദേശപത്രികയിൽ മോദി സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് കോൺഗ്രസ്. ഗാന്ധിനഗറിലെ മോദിയുടെ ഭൂമിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി, സർക്കാർ ഭൂമി സ്വന്തമാക്കിയെന്ന് കോൺഗ്രസ്. സ്വത്തുവിവരത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് മോദി നല്‍കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. ഗാന്ധിനഗറിലെ മോദിയുടെ ഭൂമിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 

2014ലെ തെരഞ്ഞെടുപ്പിൽ സത്യവാങ്മൂലത്തിൽ നരേന്ദ്രമോദി വെളിപ്പെടുത്തിയ ഭൂമിയെ ചൊല്ലിയാണ് വിവാദം. ഗാന്ധിനഗര്‍ സെക്ടര്‍ ഒന്നില്‍ പ്ലോട്ട് നമ്പര്‍ 401 എയുടെ നാല് ഉടമകളില്‍ ഒരാള്‍ താനെന്നായിരുന്നു മോദി രേഖപ്പെടുത്തിയത്. മറ്റൊരു ഉടമ അരുൺ ജയ്‍റ്റ്‍ലിയാണ്. 2006 ല്‍ രാജ്യസഭയിലേക്ക് മത്സരിക്കവേ അരുണ്‍ ജയ്‍റ്റ്‍ലി നല്‍കിയ സത്യവാങ്മൂലത്തിൽ ഇത് വെളിപ്പെടുത്തിയിരുന്നു.

2000ത്തിനുശേഷം ആർക്കും ഗാന്ധിനഗറിൽ ഭൂമി നല്‍കിയിട്ടില്ലെന്ന് മാധ്യമ റിപ്പോര്‍ട്ട് വന്നതോടെയാണ് വിവാദം തുടങ്ങിയത്.   2012ല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചെന്നും റിപ്പോർട്ട് പറയുന്നു. സര്‍ക്കാര്‍ ഭൂമി എങ്ങനെ മോദിയുടെ പേരിലായെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.  ഈ സാഹചര്യത്തിൽ കൂടിയാണ് കോൺഗ്രസ് സ്വത്ത് വിവാദം ഏറ്റെടുക്കുന്നത്.

2007 ലെ തെരഞ്ഞെടുപ്പില്‍ മോദി നല്‍കിയ സത്യവാങ്മൂലത്തില്‍ മറ്റൊരു ഭൂമിയുടെ കാര്യവും രേഖപ്പെടുത്തിയിരുന്നു. ഗാന്ധിനഗറിലെ സെക്ടര്‍ ഒന്നില്‍  411 നമ്പര്‍ ഭൂമിയുടെ ഉടമസ്ഥതയാണ് മോദി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ  2012 ലും 2014 ലും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഈ ഭൂമിയുടെ വിവരമില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. വാരാണസിയിൽ ഈ മാസം 26ന് മോദി പത്രിക നല്‍കാനിരിക്കെയാണ് പുതിയ ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.

click me!