'മോദിക്കെതിരെ മുസ്ലീങ്ങള്‍ ഒന്നിക്കണം'; യോഗിക്കും മായാവതിക്കും പിന്നാലെ സിദ്ദുവും കുരുക്കില്‍

Published : Apr 16, 2019, 05:34 PM ISTUpdated : Apr 16, 2019, 07:22 PM IST
'മോദിക്കെതിരെ  മുസ്ലീങ്ങള്‍ ഒന്നിക്കണം'; യോഗിക്കും മായാവതിക്കും പിന്നാലെ സിദ്ദുവും കുരുക്കില്‍

Synopsis

ഒവൈസിയെ പോലുളള സ്ഥാനാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തുന്നത് വോട്ട് വിഭജനമെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്. എന്നാല്‍ മുസ്ലീം സമൂഹം ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാമെന്നും സിദ്ദു പറഞ്ഞു.

കതിഹാര്‍: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് നേരിട്ട മായാവതിക്കും യോഗി ആദിത്യനാഥിനും പിന്നാലെ കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദുവും കുരുക്കില്‍. നരേന്ദ്ര മോദിക്കെതിരെ മുസ്ലീങ്ങള്‍ ഒന്നിക്കണമെന്ന സിദ്ദുവിന്‍റെ പ്രസ്താവനയാണ് വിവാദമായത്. ചൊവ്വാഴ്ച ബീഹാറിലെ കതിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി താരിഖ് അന്‍വറിന്‍റെ  തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 മുസ്ലീങ്ങളെ തമ്മില്‍ വിഭജിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒവൈസിയെ പോലുളള സ്ഥാനാര്‍ത്ഥികളെ  നിര്‍ത്തുന്നത് വോട്ട് വിഭജനമെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്. എന്നാല്‍ മുസ്ലീം സമൂഹം ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാമെന്നും സിദ്ദു പറഞ്ഞു.

'നിങ്ങള്‍ ഒരുമിച്ചാല്‍ മോദിയെ ഭരണത്തില്‍ നിന്നും നീക്കം ചെയ്യാന്‍ സാധിക്കും. സിക്സര്‍ അടിച്ച് മോദിയെ ബൗണ്ടറി കടത്തേണ്ട സമയമായി. നിങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെങ്കില്‍ താരിഖ് അന്‍വറിനെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല' - സിദ്ദു വ്യക്തമാക്കി.  

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഎസ്പി നേതാവ് മായാവതി, മനേക ഗാന്ധി, അസം ഖാന്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.  

 മുസ്ലിം ലീഗിനെ 'പച്ച വൈറസ്' എന്ന് വിളിച്ച  ആദിത്യനാഥ് ബിഎസ്‍പിയോട് 'നിങ്ങൾക്ക് അലിയെയാണ് വിശ്വാസമെങ്കിൽ ഞങ്ങൾക്ക് ബജ്‍രംഗ് ബലിയെയാണ് വിശ്വാസം' എന്നായിരുന്നു യോഗി പ്രസംഗിച്ചത്. ഇതേ പ്രസംഗത്തിൽ മുസ്ലിം ലീഗ് കോൺഗ്രസിനെ ബാധിച്ച 'പച്ച വൈറസ്' ആണെന്നും അത് എസ്‍പിയെയും, ബിഎസ്‍പിയെയും ബാധിച്ചിട്ടുണ്ടെന്നും  വൈറസിനെ നിയന്ത്രിച്ചില്ലെങ്കിൽ അത് രാജ്യമൊട്ടാകെ പടരുമെന്നും അത് നിയന്ത്രിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. 

അതേസമയം, സഹാരൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ 'മുസ്ലീം സഹോദരീ സഹോദരൻമാരേ, നിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകൾ ഭിന്നിക്കരുത്', എന്ന് പ്രസംഗിച്ചതിനാണ് മായാവതിയ്ക്ക് വിലക്കേർപ്പെടുത്തിയത്. 

വർഗീയ പരാമർശം നടത്തി മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയതിന് കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് എസ്‍പി സ്ഥാനാർത്ഥി അസം ഖാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവ്ജ്യോത് സിങ് സിദ്ദുവിന്‍റെ വിവാദ പരാമര്‍ശം.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?