കോൺഗ്രസിന് ഇടത് പിന്തുണ വേണ്ട: പിണറായി വിജയന് മറുപടിയുമായി കെ സുധാകരൻ

By Web TeamFirst Published Mar 31, 2019, 1:26 PM IST
Highlights

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഇടത് പിന്തുണ തേടരുത് എന്നാണ് പാർട്ടി പ്രവർത്തകരുടെയും ഞങ്ങളുടെയും ആഗ്രഹമെന്നും കെ സുധാകരൻ പറഞ്ഞു.

കണ്ണൂർ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കെപിസിസി വർക്കിംഗ് പ്രസിഡന്‍റും കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ കെ സുധാകരൻ. 

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ഇടത് പിന്തുണ ഇല്ലാതാകുമെങ്കിലും ഒരു കുഴപ്പവുമില്ല. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഇടത് പിന്തുണ തേടരുത് എന്നാണ് പാർട്ടി പ്രവർത്തകരുടെയും ഞങ്ങളുടെയും ആഗ്രഹം. ഇടതുപക്ഷം എണ്ണാൻ പോലും തികയാത്ത പാർട്ടിയാണെന്നും അതുകൊണ്ട്  ഇടതുപക്ഷത്തിന്‍റെ പിന്തുണയെക്കുറിച്ച് ആശങ്കയില്ലെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകുമെന്നും മത്സരം പ്രതീകാത്മകമാണെങ്കിൽ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നുമായിരുന്നു പിണറായി വിജയന്‍റെ പ്രസ്താവന. രാഹുലിനെ തോൽപ്പിക്കാൻ ഇടത് മുന്നണിക്ക് കഴിയുമെന്നും അതിന് വേണ്ടി തന്നെയാണ് ഇനിയുള്ള പരിശ്രമമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കുന്നതിന് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

എന്നാൽ കേരളത്തിലും പശ്ചിമ ബംഗാളിലും സിപിഎമ്മും കോൺഗ്രസും പരസ്പരം മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് സഖ്യ സാധ്യതകൾ പരിശോധിക്കുമെന്നുമായിരുന്നു കോൺഗ്രസ് വക്താവ് പിസി ചാക്കോയുടെ പ്രതികരണം 

click me!