ഗ്രൂപ്പ് തര്‍ക്കത്തിൽ ഉടക്കി കോൺഗ്രസ് പട്ടിക; ഉമ്മൻചാണ്ടിക്ക് അതൃപ്തി, ദില്ലിക്ക് വിളിപ്പിച്ചു

By Web TeamFirst Published Mar 16, 2019, 1:40 PM IST
Highlights

ഗ്രൂപ്പ് തര്‍ക്കത്തിൽ ഉടക്കി വയനാട് ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക. എ ഐ ഗ്രൂപ്പ് തര്‍ക്കത്തിൽ പരിഹാരം കാണാൻ പാടു പെട്ട് ഹൈക്കമാന്‍റ് . മത്സരിക്കാൻ ഉമ്മൻചാണ്ടിക്ക് മേൽ സമ്മര്‍ദ്ദമേറുന്നു. ചര്‍ച്ചകൾക്കായി ദില്ലിക്ക് വിളിപ്പിച്ചു.

ദില്ലി: വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പറയുമ്പോഴും ഗ്രൂപ്പ് തര്‍ക്കത്തിൽ ഉടക്കി നിൽക്കുകയാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക. വയനാട് ഇടുക്കി മണ്ഡലങ്ങളുടെ കാര്യത്തിലാണ് പ്രധാനമായും തര്‍ക്കം നടക്കുന്നത്. താൽപര്യമുള്ള സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ച് എ ഐ ഗ്രൂപ്പുകൾ തര്‍ക്കം തുടരുമ്പോൾ സമവായ സാധ്യത കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഹൈക്കമാന്‍റ് . 

പ്രാധമിക ചര്‍ച്ചകളിൽ പങ്കെടുത്ത ് കഴിഞ്ഞ ദിവസം തന്നെ ഉമ്മൻചാണ്ടി ആന്ധ്രക്ക് തിരിച്ചിരുന്നു. എ ഐ ഗ്രൂപ്പ് തര്‍ക്കത്തിനൊപ്പം ഉമ്മൻചാണ്ടി മത്സര രംഗത്ത് ഉണ്ടാകണമെന്ന നേതാക്കളുടെ  ശക്തമായ അഭിപ്രായം കൂടി ഹൈക്കമാന്‍റിന്‍റെ പരിഗണനയ്ക്ക് വരുന്നത്. മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ ഉമ്മൻചാണ്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ശക്തമായ സമ്മര്‍ദ്ദമാണിപ്പോൾ ഉമ്മൻചാണ്ടിക്ക് മേൽ ഉള്ളത്. ഈ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയെ ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചത്. എന്നാൽ ഉമ്മൻചാണ്ടി എപ്പോൾ ദില്ലിയിലെത്തുമെന്നതിനെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.

വയനാട് സീറ്റിനെ ചൊല്ലിയാണ് എ ഐ ​ഗ്രൂപ്പുകൾ തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം അവസാന നിമിഷവും നിലനിൽക്കുന്നത്. വയനാട് സീറ്റ് കോഴിക്കോട് ഡിസിസി അധ്യക്ഷനായ ടി സിദ്ദിക്കിന് വേണമെന്ന് എ വിഭാഗം വാദിക്കുമ്പോൾ സിറ്റിംഗ് സീറ്റ് വിട്ട് കൊടുക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പ്. കെപി അബ്ദുൾ മജീദിന്‍റെയും ഷാനിമോൾ ഉസ്മാന്‍റെയും പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത്. ആലപ്പുഴയിൽ നിന്ന് മാറി കെസി വേണുഗോപാൽ വയനാട്ടിൽ മത്സരിക്കാൻ എത്തുമോ എന്ന് വ്യക്തതയില്ലാത്തതിനാൽ  വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍റിനാണ്. 

ഇടുക്കിയിൽ ജോസഫ് വാഴക്കൻ വരണമെന്ന് ഐ ഗ്രൂപ്പ് പറയുമ്പോൾ ഡീൻ കുര്യാക്കോസിന്‍റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്. എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസ് മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍റാണെങ്കിലും ഹൈബി ഈഡന്‍റെ പേര് ഐ ഗ്രൂപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടി മത്സരിക്കുകയാണെങ്കിൽ അത് പത്തനംതിട്ടയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ആന്‍റോ ആന്‍റണിയുടെ കാര്യം ഇതോടെ അനിശ്ചിതത്വത്തിലാകും. തൃശൂരിൽ ടിഎൻ പ്രതാപന്‍റെ പേരിനാണ് പരിഗണന. ചാലക്കുടിയിൽ ബെന്നിബെഹ്നാനും കെപി ധനപാലനുമാണ് പട്ടികയിൽ. ഉമ്മൻചാണ്ടി സ്ഥാനാര്‍ത്ഥിയായാൽ പിന്നെ ബെന്നി ബഹ്നാന് സ്ഥാനാര്‍ത്ഥിയാകാൻ ഗ്രൂപ്പ് സമവാക്യം അനുവദിക്കുമോ എന്ന് വ്യക്തമല്ല. 

മുല്ലപ്പള്ളി മത്സരിക്കില്ലെന്ന് ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ വടകരയെ സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുകയാണ്. കണ്ണൂരിൽ കെ സുധാകരനും കാസര്‍കോട് ഐ സുബ്ബറേയും സാധ്യതാ പട്ടികയിൽ ഒന്നാമത് ഉണ്ട്. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂര്‍ പ്രകാശും സാധ്യതാ സ്ഥാനാര്‍ത്ഥികളാണ്. പാലക്കാട്ട് വികെ ശ്രീകണ്ഠനും ആറ്റിങ്ങലിൽ രമ്യ ഹരിദാസും സ്ഥാനാര്‍ത്ഥിയായേക്കും. 

click me!