'ബിജെപി മാര്‍ക്കറ്റിംഗ് കമ്പനി, പ്രവര്‍ത്തകര്‍ സെയില്‍സ് റെപ്രസെന്റേറ്റീവ്‌സ്'; വനിതാ നേതാവ് രാജി വച്ചു

By Web TeamFirst Published Mar 16, 2019, 1:21 PM IST
Highlights

ബിജെപി മാര്‍ക്കറ്റിംഗ് കമ്പനിയാണെന്ന് ആരോപിച്ച് പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിയിലൂടെ ശ്രദ്ധേയയായ രേഷ്മ പട്ടേല്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു
 

ഗാന്ധിനഗര്‍: ബിജെപി മാര്‍ക്കറ്റിംഗ് കമ്പനിയാണെന്ന് ആരോപിച്ച് പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിയിലൂടെ ശ്രദ്ധേയയായ രേഷ്മ പട്ടേല്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. പോര്‍ബന്ദര്‍ ലോക്‌സഭാ മണ്ഡലത്തിലും മാനവദാര്‍ അസംബ്‌ളി മണ്ഡലത്തിലും സ്വതന്ത്രയായി മത്സരിക്കുമെന്നും രേഷ്മ പ്രഖ്യാപിച്ചു.  

പാര്‍ട്ടി അംഗങ്ങളെ ബിജെപി വെറും സെയില്‍സ് സ്റ്റാഫുകളായി കാണുന്നു എന്നാണ് രേഷ്മയുടെ ആരോപണം. പാര്‍ട്ടിയും സര്‍ക്കാരും നടപ്പാക്കുന്ന പൊള്ളയായ പദ്ധതികളെക്കുറിച്ച് പ്രചാരണം നടത്താനാണ് അംഗങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ബിജെപി നേതാക്കള്‍ ഏകാധിപത്യ മനോഭാവം പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്നതാണെന്നും രേഷ്മ ആരോപിച്ചു.

പോര്‍ബന്ദര്‍ സീറ്റ് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐകകണ്‌ഠേന തീരുമാനമെടുക്കണമെന്നും എത്രയും വേഗം നിലപാട് വ്യക്തമാക്കണമെന്നും രേഷ്മ ആവശ്യപ്പെട്ടിട്ടുണ്ട്. പോര്‍ബന്ദറില്‍ തങ്ങള്‍ക്കൊന്നിച്ച് പോരാടാം എന്നാണ് രേഷ്മ പ്രതിപക്ഷ പാര്‍ട്ടികളോട് പറഞ്ഞിരിക്കുന്നത്. അവര്‍ പിന്തുണയ്ക്കാത്ത പക്ഷം സ്വതന്ത്രയായി മത്സരിക്കുമെന്നും രേഷ്മ വ്യക്തമാക്കി. 

പാട്ടിദാര്‍ സംവരണ പ്രക്ഷോഭത്തിന്റെ വനിതാ മുഖമായിരുന്ന രേഷ്മ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ മീഡിയാ വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്ത രേഷ്മ ചാനല്‍ ചര്‍ച്ചകളിലും സജീവ സാന്നിധ്യമായിരുന്നു. 

click me!