
ബുവനേശ്വർ: ഏറെക്കാലം ഭരണത്തിലിരുന്ന കോണ്‍ഗ്രസ് നിലനില്‍പ്പിനായി പോരാടുന്ന കാഴ്ചയാണ് ഒഡീഷയില്‍. ജെ ബി പട്നായിക്കിന് ശേഷം നേതാക്കള്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന് പ്രാധാന്യം കൊടുത്തപ്പോള്‍ അണികള്‍ കോണ്‍ഗ്രസില്‍ നിന്നകന്നു. പാര്‍ട്ടിയെ സജീവമാക്കുന്നതിൽ ഹൈക്കമാന്‍റും പരാജയപ്പെട്ടതോടെ അത് അവസരമാക്കി മാറ്റിയത് ബിജെപിയാണ്.
1980 മുതല്‍ 1989 വരെ ഒഡീഷയുടെ ഭരണം കോൺഗ്രസിന്‍റെ കയ്യിലായിരുന്നു. മുഖ്യമന്ത്രിക്കസേരയില്‍ ജെ ബി പട്നായിക്കും. ഒരു ഇടവേളയ്ക്ക് ശേഷം 1995 ല്‍ ജെ ബി പട്നായിക്ക് പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചു. പക്ഷെ, പട്നായിക്ക് അധികാരം ഒഴിഞ്ഞ ശേഷം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു കോണ്‍ഗ്രസ്.
പട്നായിക്ക് മുഖ്യമന്ത്രി ആയിരിക്കുന്പോള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത് 115 സീറ്റ്. പക്ഷെ, അതിന് ശേഷമുള്ള ഒരു തെരഞ്ഞെടുപ്പില്‍ പോലും 50 സീറ്റ് പോലും തികയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ആകെയുള്ള 147 സീറ്റില്‍ രണ്ടായിരത്തില്‍ ലഭിച്ചത് 45. 2004ല്‍ 38, 2009 ല്‍ 35 എന്നിങ്ങനെ താഴേക്ക് പോന്ന സീറ്റ് നില 2014 ആയപ്പോഴേക്കും പതിനെട്ട് സീറ്റ് എന്ന അവസ്ഥയിലേക്ക് കൂപ്പു കുത്തി.
പല നേതാക്കളും ബിജെപിയിലേക്ക് ചുവട് മാറി. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള 25 പേര്‍ക്കാണ് ബിജെപി ഇത്തവണ മല്‍സരിക്കാന്‍ സീറ്റ് നല്‍കിയിരിക്കുന്നത്. ജെ ബി പട്നായിക്കിന് ശേഷം എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയുന്ന നേതൃത്വം ഇല്ലാതെ പോയി. ഇതിനൊപ്പം പാര്‍ട്ടി പല ഗ്രൂപ്പുകളായി മാറി. അടിത്തട്ടില്‍ സംഘടനാ സംവിധാനം ദുര്‍ബലമായതോടെ കോണ്‍ഗ്രസിന്‍റെ പതനവും തുടങ്ങി.