കർണാടകത്തിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യം ഉലയുന്നു; പ്രതിപക്ഷ യോഗത്തിൽ കുമാരസ്വാമി എത്തിയില്ല

By Web TeamFirst Published May 21, 2019, 4:31 PM IST
Highlights

യെദ്യൂരപ്പയുടെ ഒരു ദിവസ സർക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തിയ സഖ്യസർക്കാരിന് ഒരു വർഷത്തെ ആയുസ്സ് മാത്രമാവുമോ എന്ന ചോദ്യം എക്സിറ്റ് പോളുകൾ ഉയർത്തുന്നു. 

ബെംഗളുരു: കർണാടകത്തിൽ ഫലം മോശമായാൽ ജെഡിഎസ് സഖ്യം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻ്റിനോട് സിദ്ധരാമയ്യ വിഭാഗം. ദൾ സഖ്യം പാർട്ടിയുടെ അടിത്തറയിളക്കിയെന്ന വാദമുയർത്തി സമ്മർദ്ദം ശക്തമാക്കാനാണ് നീക്കം. തർക്കങ്ങൾക്കിടെ കോൺഗ്രസ് - ജെഡിഎസ് ഏകോപനസമിതി യോഗം ഇന്ന് ചേരും.

ഇന്ന് ദില്ലിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടി യോഗത്തിനെത്താതെ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ദില്ലി യാത്ര റദ്ദാക്കിയത് തന്നെ കോൺഗ്രസ് - ദൾ സഖ്യത്തിന്‍റെ ഉലച്ചിലിന്‍റെ സൂചനയാണ്. തെരഞ്ഞെടുപ്പ് ഫലം മറിച്ചായാൽ കോൺഗ്രസ് - ദൾ സഖ്യസർക്കാരിന്‍റെ ഭാവിയെക്കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്ന് കർണാടകയിലെ ജെഡിഎസ് വക്താവ് ചില ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും പറഞ്ഞു. ഇതിനിടെ, കോൺഗ്രസിനകത്ത് തന്നെ ഫലത്തെച്ചൊല്ലി അതൃപ്തി പുകയുകയാണ്. സിദ്ധരാമയ്യക്കെതിരെ കോൺഗ്രസ് എംഎൽഎയായ റോഷൻ ബെയ്‍ഗ് പ്രതികരിച്ചതും ആശങ്ക കൂട്ടുന്നു. 

ലോക്സഭാ ഫലം വരുന്ന മെയ് 23 കുമാരസ്വാമി സർക്കാരിന്‍റെ ഒന്നാം വാർഷികമാണ്. യെദ്യൂരപ്പയുടെ ഒരു ദിവസ സർക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തിയ സഖ്യസർക്കാരിന് ഒരു വർഷത്തെ ആയുസ്സ് മാത്രമാവുമോ എന്ന ചോദ്യം എക്സിറ്റ് പോളുകൾ ഉയർത്തുന്നു. ദൾ സഖ്യത്തോട് തുടക്കം മുതൽ എതിർപ്പുളള കക്ഷി നേതാവ് സിദ്ധരാമയ്യയുടെ പുതിയ നീക്കങ്ങൾ ഇതിന് ആക്കം കൂട്ടുകയാണ്. 

മൈസൂരു മേഖലയിലടക്കം ജെഡിഎസ് സഖ്യം കൊണ്ട് കാര്യമുണ്ടായില്ലെങ്കിൽ അത് തുടരുന്നതിൽ അർത്ഥമില്ലെന്ന് സിദ്ധരാമയ്യ വിഭാഗം കോൺഗ്രസ് ഹൈക്കമാൻ്റിനോട് വ്യക്തമാക്കിക്കഴിഞ്ഞു. സഖ്യം തുടരുന്നുണ്ടെങ്കിൽ തന്നെ മുഖ്യമന്ത്രി പദം വിട്ടുകിട്ടാൻ സമ്മർദം ചെലുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം അദ്ദേഹത്തിന്‍റെ അനുയായികളായ എംഎൽഎമാർ സജീവമാക്കാനും ഇടയുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇതിൽ കടുത്ത അതൃപ്തിയുണ്ട്. എന്നാൽ എന്ത് വില കൊടുത്തും സഖ്യം തുടരണമെന്ന കർശന നിർദേശം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സിദ്ധരാമയ്യക്ക് നൽകിയെന്നാണ് സൂചന. സംസ്ഥാനത്ത് തിരിച്ചടി ഉണ്ടായാൽ തന്നെ എംഎൽഎമാർ മറുകണ്ടം ചാടുന്നത് തടയുന്നതിനാവും കോൺഗ്രസിന്‍റെ പരിഗണന.

കെ സി വേണുഗോപാൽ 'കോമാളി'യെന്ന് റോഷൻ ബെയ്‍ഗ്

അതേസമയം, കോൺഗ്രസിനകത്ത് തന്നെ സിദ്ധരാമയ്യക്കെതിരെ അതൃപ്തി പുകയുകയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റില്ലെന്ന സൂചനയാണ് തനിക്ക് കിട്ടുന്നതെന്നും ഇതിന് ഉത്തരവാദി സിദ്ധരാമയ്യയാണെന്നും റോഷൻ ബെയ്‍ഗ് പറയുന്നു. സഖ്യസർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് സിദ്ധരാമയ്യ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

''കോൺഗ്രസ് മത്സരിച്ച 21 സീറ്റുകളിൽ ഒരു സീറ്റ് മാത്രമാണ് ഒരു മുസ്ലീമിന് നൽകിയത്. ഇത് തിരിച്ചടിയാകും. കെ സി വേണുഗോപാലും സിദ്ധരാമയ്യയും കോമാളികളാണ്. ഞാൻ മുഖ്യമന്ത്രിയാവും എന്നാണ് സഖ്യസർക്കാർ വന്ന അന്നുമുതൽ  സിദ്ധരാമയ്യ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആകെയുള്ള 28 സീറ്റുകളിൽ 18-ലും ബിജെപി ജയിച്ചാൽ അതിൽ അദ്ഭുതമില്ല. അങ്ങനെയെങ്കിൽ അത് ദൾ - കോൺഗ്രസ് സഖ്യസർക്കാരിന്‍റെ മുഖത്തേറ്റ അടിയല്ലേ? ഇതിന് ഉത്തരവാദി കർണാടക പിസിസി പ്രസിഡന്‍റ് ദിനേശ് ഗുണ്ടുറാവുവും കൂടിയാണ്'', റോഷൻ ബെയ്‍ഗ് ആരോപിക്കുന്നു.

ഏഴ് തവണ എംഎൽഎയായ ആളാണ് റോഷൻ ബെയ്‍ഗ്. എക്സിറ്റ് പോളുകൾ പ്രവചിച്ച ഫലമാണ് ക‍ർണാടകത്തിലെങ്കിൽ അത് സഖ്യത്തിൽ മാത്രമല്ല, കർണാടക കോൺഗ്രസിലും പൊട്ടിത്തെറികൾക്ക് ഇടയാക്കിയേക്കുമെന്നാണ് തെളിയുന്നത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!