
അമൃത്സര്‍: വികസനപ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചതിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് യുവാവിന്റെ കരണത്തടിച്ചതായി ആരോപണം. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന രജീന്ദര്‍ കൗര്‍ ഭട്ടാലിനെതിരെയാണ് ആരോപണം. സംഗ്രൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം.
സംഗ്രൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്‌ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു രജീന്ദര്‍ കൗര്‍. ജനങ്ങളോട് സംവദിക്കുന്നതിനിടെയാണ് കുല്‍ദീപ് സിങ് എന്ന യുവാവ് ചോദ്യവുമായി എത്തിയത്. ലെഹ്‌റയില്‍ നിന്നുള്ള എംഎല്‍എയായിരുന്ന താങ്കള്‍ എന്ത് വികസനമാണ് എന്റെ നാടിന് വേണ്ടി ചെയ്‌തത് എന്നായിരുന്നു കുല്‍ദീപിന്റെ ചോദ്യം. അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ മറികടന്നാണ് യുവാവ് ചോദ്യം ചോദിച്ചത്. ഇതു കേട്ട ഉടനെ രജീന്ദര്‍ പ്രകോപിതയാകുകയും കുല്‍ദീപിന്റെ കരണത്തടിക്കുകയുമായിരുന്നു എന്നാണ് ആരോപണം.
20 വര്‍ഷം ഭരിച്ചിട്ടും നാടിന് വേണ്ടി രജീന്ദര്‍ കൗര്‍ ഒന്നും ചെയ്‌തിട്ടില്ലെന്നാണ് കുല്‍ദീപിന്റെ ആരോപണം. എന്നാല്‍, കുല്‍ദീപിനെ താന്‍ അടിച്ചു എന്ന ആരോപണം രജീന്ദര്‍ കൗര്‍ നിഷേധിച്ചു. നിരാശരായ ആം ആദ്‌മി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് റാലികളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു രജീന്ദറിന്റെ പ്രതികരണം.