കോണ്‍ഗ്രസിന്‍റെ ആദ്യ ലിസ്റ്റ് ലക്ഷ്യം വയ്ക്കുന്നത് ദളിത് മുസ്ലീം വോട്ട് സമാഹരണം

By Web TeamFirst Published Mar 8, 2019, 6:26 AM IST
Highlights

എസ് പി , ബിഎസ് പി സഖ്യത്തിൽ ഇടം കിട്ടാതിരുന്ന കോൺഗ്രസ് 80 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു

ദില്ലി: പ്രിയങ്ക ഗാന്ധിയെ ഉത്തർ പ്രദേശിന്‍റെ ചുമതല ഏൽപ്പിച്ച കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതും യുപിയിൽ നിന്ന്. റായ്ബറേലിയിൽ സോണിയയ്ക്ക് പകരം പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹമാണ് പ്രിയങ്കയ്ക്ക് ചുമതല നൽകിയ ശേഷം ഉയർന്ന് കേട്ടത്. എന്നാൽ സ്ഥാനാർത്ഥിയാകാനല്ല പ്രചാരണത്തിലാണ് ശ്രദ്ധയെന്ന് പ്രിയങ്ക പാർട്ടി പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. 

എസ് പി , ബിഎസ് പി സഖ്യത്തിൽ ഇടം കിട്ടാതിരുന്ന കോൺഗ്രസ് 80 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൽമാൻ ഖുർഷിദ് , ആർപിഎൻ സിംഗ് , ജിതിൻ പ്രസാദ് , എന്നീ പ്രമുഖർ കൂടി അടങ്ങുന്ന 11 സ്ഥാനാർത്ഥികളുടെ പട്ടികയാണ് യുപിയിൽ കോൺഗ്രസ് ആദ്യം പുറത്തിറക്കുന്നത്. ഇതിലൂടെ ശക്തമായ മത്സരത്തിന് തന്നെയാണ് ഒരുങ്ങുന്നതെന്ന സന്ദേശമാണ് പാർട്ടി നൽകുന്നത്. 

ദളിത് മുസ്ലീം വോട്ട് സമാഹരണത്തിനാണ് ഊന്നൽ. അമേഠിയിലെത്തി മോദി രാഹുലിനെ വെല്ലുവിളിക്കുമ്പോള്‍ ആദ്യപട്ടികയിൽ മോദി 2014ൽ തെരഞ്ഞെടുക്കപ്പെട്ട വഡോദരയടക്കം ഗുജറാത്തിലെ 4 സീറ്റുകളിൽ ആദ്യഘട്ടത്തിൽ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനും കോൺഗ്രസ് ശ്രദ്ധിച്ചു.

ഭരത് സിങ്ങ് സോളങ്കിയാണ് ഗുജറാത്ത് പട്ടികയിലെ പ്രമുഖൻ. ആനന്ദിൽ സോളങ്കി വീണ്ടും ജനവിധി തേടും. രണ്ടുവട്ടം ഇവിടെ എം.പിയായിരുന്ന സോളങ്കി കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു.

click me!