മോദിയുടെ കഥ പറയുന്ന സിനിമ റിലീസ് ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ്

By Web TeamFirst Published Mar 25, 2019, 6:35 AM IST
Highlights

സിനിമ പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് വാദം. ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഉച്ചതിരിഞ്ഞ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പിഎം നരേന്ദ്ര മോദി ചിത്രത്തിന്‍റെ റിലീസിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. സിനിമ പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് വാദം. ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഉച്ചതിരിഞ്ഞ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കും.

അടുത്ത മാസം അഞ്ചിനാണ് പിഎം മോദിയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ചിത്രം 'പിഎം നരേന്ദ്രമോദി' സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രം ബാന്‍ ചെയ്യണമെന്നും കത്തില്‍ ഡിഎംകെ ആവശ്യപ്പെട്ടു.  മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന പിഎം നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് സമയത്ത് സമ്മതിദായകരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡിഎംകെയുടെ വാദം.

ഗുജറാത്ത്, ഉത്തരാഖണ്ഡ‍്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തികരിച്ചത്. ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി മഞ്ഞിലൂടെ നടന്ന്  മോദിയുടെ റോള്‍ അവതരിപ്പിക്കുന്ന വിവേക് ഒബ്റോയിക്ക് പരിക്ക് പറ്റിയത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. 

click me!