ത്രിപുരയിൽ പോളിങ് ഏജന്റുമാരെ നിർത്താൻ സിപിഎമ്മിന് സാധിച്ചില്ല

By Web TeamFirst Published Apr 11, 2019, 2:40 PM IST
Highlights

ത്രിപുരയിലെ ഒരു ലോക്‌സഭാ മണ്ഡലത്തിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് ഭൂരിപക്ഷം ഉണ്ടായിരുന്ന മണ്ഡലങ്ങളാണ് ഇവിടെ ഏറെയും. നിയമസഭാ തെരഞ്ഞെടുപ്പിലെ തകർച്ചയിൽ നിന്ന് നില മെച്ചപ്പെടുത്തിയ കോൺഗ്രസും മത്സരരംഗത്തുണ്ട്.

അഗർത്തല: സംസ്ഥാനത്ത് 1993 ൽ അധികാരത്തിലേറിയ ശേഷിയ ആദ്യമായി സിപിഎമ്മിന് പോളിങ് ബൂത്തിൽ നിൽക്കാൻ ആളെ കിട്ടാത്ത സ്ഥിതിയായി. സംസ്ഥാനത്ത് പോളിങ് ബൂത്തുകളിൽ ഭീതിതമായ സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ പോളിങ് ഏജന്റുമാർക്കും വോട്ടർമാർക്കും വോട്ട് ചെയ്യാനോ പ്രവർത്തിക്കാനോ സാധിക്കാത്ത സ്ഥിതിയാണെന്ന് മണിക് സർക്കാർ പറഞ്ഞു.

ത്രിപുരയിലെ വെസ്റ്റ് ത്രിപുര സീറ്റിലേക്കാണ് പോളിങ് നടക്കുന്നത്. സംസ്ഥാനത്ത് 2018 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് ഭൂരിപക്ഷം ഉണ്ടായിരുന്ന പ്രദേശമാണിത്. എന്നാൽ മണ്ഡലത്തിന് കീഴിൽ വരുന്ന രാംനഗർ, മജ്‌ലിസ്‌പുർ, ബാമുടിയ മണ്ഡലങ്ങളിലെല്ലാം സംഘർഷങ്ങളുണ്ടായി. പലയിടത്തും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ബൂത്ത് ഓഫീസുകൾ തകർത്തു.

"മികച്ച അടിത്തറയുള്ള പാർട്ടിയായിരുന്നിട്ട് കൂടി, ഞങ്ങൾക്ക് മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പോളിങ് ഏജന്റുമാരെ വയ്ക്കാൻ സാധിച്ചിട്ടില്ല. ഭരിക്കുന്ന പാർട്ടിയും അതിന്റെ പ്രവർത്തകരും ഞങ്ങളുടെ പ്രവർത്തകരെ നിരന്തരം ഭയപ്പെടുത്തുകയാണ്," സിഷു ബിഹാർ സ്കൂളിൽ തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം മണിക് സർക്കാർ പറഞ്ഞു. സംസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണി വരെയും എത്ര ശതമാനം വോട്ട് പോൾ ചെയ്യപ്പെട്ടുവെന്ന കണക്ക് പുറത്തുവിട്ടിട്ടില്ല. 

അതേസമയം ചാർമിലം മണ്ഡലത്തിലെ 16ാം ബൂത്തിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇതിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ ബിജെപി പ്രവർത്തകർ എല്ലാ വീടുകളിലും കയറിയിറങ്ങി വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസും സിപിഎമ്മും ആരോപിച്ചു.

click me!