ബംഗാളിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന്‍റെ കാറിന് നേരെ വെടിവെപ്പ്

By Web TeamFirst Published Apr 18, 2019, 12:34 PM IST
Highlights

അപകടത്തിന് പിന്നാലെ മുഹമ്മദ് സലീമിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമീപത്തുള്ള പാര്‍ട്ടി ഓഫീസിലേക്ക് മാറ്റിയതായാണ് വിവരം.

റായിഗഞ്ച്: പശ്ചിമബംഗാളിലെ റായിഗഞ്ചില്‍ സിപിഎം സ്ഥാനാര്‍ത്ഥിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്‍റെ കാറിന് നേരെ വെടിവെയ്പ്പ്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സിറ്റിംഗ് എംപി കൂടിയായ മുഹമ്മദ് സലീമിന്‍റെ കാറിന് നേരെ വെടിവെയ്പ്പ് ഉണ്ടായത്. 

റായിഗഞ്ചിലെ ഇസ്ലാപൂരില്‍ വച്ചാണ് കാറിന് നേരെ ആക്രമണം ഉണ്ടായതെന്നും തന്നെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സംഭവത്തിന് ശേഷം ചില മാധ്യമങ്ങളോട് സംസാരിച്ച മുഹമ്മദ് സലീം പറഞ്ഞു. അപകടത്തിന് പിന്നാലെ മുഹമ്മദ് സലീമിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമീപത്തുള്ള പാര്‍ട്ടി ഓഫീസിലേക്ക് മാറ്റി.

വെടിവെച്ചതിന് ശേഷം കാറിന്‍റെ ചില്ലുകള്‍ ഇഷ്ടിക ഉപയോഗിച്ച് തകര്‍ക്കാനും ആക്രമികള്‍ ശ്രമച്ചതായാണ് വിവരം. ആക്രമണത്തിന് പിന്നില്‍ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസാണ്  മുഹമ്മദ് സലീം പറഞ്ഞതായി ചില ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

റായ്ഗഞ്ചില്‍ വോട്ടെടുപ്പ് അട്ടിമറിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തു വന്നിട്ടുണ്ട്. ബൂത്തുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചടക്കിയാതായും പലയിടത്തും വ്യാപകസംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നും ബിജെപി ബംഗാള്‍ ജനറല്‍ സെക്രട്ടറിയും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ദേബശ്രീ ചൗധരി പറയുന്നു. 
 
പശ്ചിമബംഗാളിലെ മൂന്ന് സീറ്റുകളിലാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിലൊരു സീറ്റാണ് റായിഗഞ്ച്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നീ നാല് പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന റായിഗഞ്ചില്‍ ശക്തമായ ചതുഷ്കോണമത്സരമാണ് നടക്കുന്നത്. 
 

click me!