പശ്ചിമബംഗാളിൽ കോൺഗ്രസ്-സിപിഎം തർക്കം; കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

By Web TeamFirst Published Mar 2, 2019, 9:23 PM IST
Highlights

പശ്ചിമബംഗാളിലെ നാല്പത്തിരണ്ട് സീറ്റിൽ കോൺഗ്രസിന് നാലും സിപിഎമ്മിന് രണ്ടും സിറ്റിംഗ് സീറ്റുകളാണ് ഉളളത്. സിപിഎമ്മിനെക്കാൾ ബംഗാളിൽ ജയസാധ്യതയുള്ള പാർട്ടി എന്ന നിലയ്ക്ക് കൂടുതൽ സീറ്റ് വേണം എന്നാണ് കോൺഗ്രസ് നിലപാട്

ദില്ലി: പശ്ചിമബംഗാളിൽ കോൺഗ്രസ്-സിപിഎം സഖ്യചർച്ചയിൽ കല്ലുകടി. കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് കാരണം. നാളെ തുടങ്ങുന്ന കേന്ദ്ര കമ്മിറ്റിയോഗത്തിന് ശേഷം, സഖ്യത്തെ കുറിച്ച് സിപിഎം അന്തിമ തീരുമാനം എടുക്കും.

പശ്ചിമബംഗാളിലെ നാല്പത്തിരണ്ട് സീറ്റിൽ നിലവിൽ കോൺഗ്രസിന് നാല് സീറ്റും സിപിഎമ്മിന് രണ്ടുമാണ് ഉളളത്. ഈ സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കാതിരിക്കുക. അഞ്ചോ ആറോ സീറ്റുകളിൽ കൂടി ധാരണയുണ്ടാക്കും. ഈ ഫോർമുലയാണ് ആദ്യം ചർച്ചയായത്. എന്നാൽ സിറ്റിംഗ് സിറ്റുകളുടെ കാര്യത്തിൽ ധാരണയുണ്ടായില്ല. ധാരണ വിപുലമാക്കാനുള്ള നീക്കവും വിജയിച്ചിട്ടില്ല. സിപിഎമ്മിനെക്കാൾ ബംഗാളിൽ ജയസാധ്യതയുള്ള പാർട്ടി എന്ന നിലയ്ക്ക് കൂടുതൽ സീറ്റ് വേണം എന്നാണ് കോൺഗ്രസ് നിലപാട്. സംസ്ഥാനത്ത് 42 സീറ്റിലും ധാരണയാവാം. എന്നാൽ ഇരുപത്തിരണ്ട് സീറ്റെങ്കിലും വേണം എന്നും കോൺഗ്രസ് പറയുന്നു. രണ്ടു ദിവസമായി നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം വരെ കാത്തിരിക്കൂ എന്നാണ് സിപിഎം കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള ഘടകത്തിന്‍റെ നിലപാട് തള്ളി നീക്ക് പോക്കിനുള്ള സാധ്യത തുറന്നിട്ടാണ് കഴിഞ്ഞ പിബി യോഗം അവസാനിച്ചത്. എന്നാൽ ഒരു തുറന്ന സഖ്യത്തിനാണ് പശ്ചിമബംഗാൾ ഘടകം നിർദ്ദേശം വയ്ക്കുന്നതെങ്കിൽ പാർട്ടിയിൽ വീണ്ടും എതിർപ്പുയരും. തൃണമൂൽ കോൺഗ്രസിനും ബിജെപിക്ക് എതിരെയുള്ള വോട്ടുകൾ ഭിന്നിക്കരുത് എന്നതായിരിക്കും പൊതു നിലപാട്. എന്നാൽ കോൺഗ്രസ് വിട്ടുവീഴ്ചയ്ക്കില്ലെങ്കിൽ നീക്ക് പോക്കും വേണ്ടെന്ന് വയ്ക്കേണ്ടി വരും. എന്നാൽ അനിശ്ചിതമായി കാത്തിരിക്കാനാവില്ല എന്ന സന്ദേശമാണ് സിപിഎമ്മിന് കോൺഗ്രസ് നല്കുന്നത്. 

click me!