Latest Videos

ഒരേ ഒരു മണ്ഡലം ഒരൊറ്റ സ്ഥാനാർത്ഥി: മഹാരാഷ്ട്രയിൽ പുതുവഴി തേടി സിപിഎം

By Web TeamFirst Published Apr 27, 2019, 7:08 AM IST
Highlights

തൊട്ടപ്പറുത്ത് ഹനുമാൻ പ്രതിഷ്ട. ഇപ്പുറത്ത് സിപിഎം സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന. ക്ഷേത്രത്തിനുള്ളിൽ സിപിഎം യോഗം. കേരളീയർക്ക് കൗതുകമെങ്കിലും നാസിക്കിലെ പതിവ് കാഴ്ചയാണത്. 

മുംബൈ: മഹാരാഷ്ട്രയിൽ സിപിഎം മത്സരിക്കുന്ന ഒരേയൊരു മണ്ഡലമാണ് നാസിക് ജില്ലയിലെ ദിണ്ഡോരി. സംസ്ഥാനത്തെ ഏറ്റവും കരുത്തനായ നേതാവിനെ തന്നെ രംഗത്ത് ഇറക്കിയിട്ടുണ്ടെങ്കിലും സീറ്റ് ധാരണ പൊളിഞ്ഞതോടെ എൻസിപിയുടെ സ്ഥാനാർഥിത്വം സിപിഎമ്മിന് വെല്ലുവിളിയാണ്.

ലോംഗ് മാർച്ച് നായകൻ ജെപി ഗാവിത്താണ് സിപിഎം സ്ഥാനാർത്ഥി. ഏഴുതവണയായി എംഎൽഎ. മഹാരാഷ്ട്ര നിയമസഭയിലെ ഒറ്റയാൻ. സാധാരണ എല്ലാ സീറ്റുകളിലും സാന്നിധ്യം അറിയിക്കുന്ന സിപിഎം ഇത്തവണ പുതുവഴി തേടുകയാണ്. ഒറ്റ മണ്ഡലത്തിൽ മാത്രം മത്സരം.സംസ്ഥാനത്തെ എല്ലാ പാർട്ടി സംവിധാനങ്ങളും ദിണ്ഡോരിയിൽ കേന്ദ്രീകരിക്കുന്നു.

ദിണ്ഡോരി മണ്ഡലത്തിലെ കൽവാണ്‍ താലൂക്കിലെ ഹനുമാൻ ക്ഷേത്രം. തൊട്ടപ്പറുത്ത് ഹനുമാൻ പ്രതിഷ്ട. ഇപ്പുറത്ത് സിപിഎം സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന. ക്ഷേത്രത്തിനുള്ളിൽ സിപിഎം യോഗം. കേരളീയർക്ക് കൗതുകമെങ്കിലും നാസിക്കിലെ പതിവ് കാഴ്ചയാണത്. യോഗങ്ങൾക്ക് ഒറ്റ അജണ്ട, ഗാവിത്തിന്‍റെ ജയം. 

""സിപിഎം നടത്തിയ ലോംഗ്മാർച്ച് ജനങ്ങൾ കണ്ടതാണ്.കർഷകർക്ക് വേണ്ടിയാണ് പാർട്ടി പോരാടുന്നത്. ആവശ്യം കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നുള്ളതും. സിപിഎമ്മിന്‍റെ കയ്യിൽ പോളിംഗ് ഏജന്‍റിന് കൊടുക്കാൻ പോലും പണമില്ല. ജനങ്ങളെ വിശ്വസിച്ച് മുന്നോട്ട് പോകുന്നു"" സിപിഎം സ്ഥാനാർത്ഥി ജെ പി ഗാവിത്ത് പറയുന്നു.

ബിജെപിയുടെ ഭാരതിപവാറാണ് പ്രധാന എതിരാളി.സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം എൻസിപി ഏൽപ്പിച്ച ആഘാതം ചെറുതല്ല. എൻസിപിയുടെ പിന്തുണ പ്രതീക്ഷിച്ചെങ്കിലും ഒടുവിൽ തഴഞ്ഞു. ലോംഗ് മാർച്ചിൽ ചുവന്ന മണ്ണിൽ ഒറ്റക്ക് കരുത്തറിയിക്കാൻ മുന്നിട്ടിറങ്ങുകയാണ് സിപിഎം.


 

click me!