
തിരുവനന്തപുരം: ഏഴ് ഘട്ടമായി രാജ്യമൊട്ടാകെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നു. 2014 ലെ മോദി തരംഗം അതേമട്ടിൽ 2019 ലും ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാംപ്. എന്നാൽ കോൺഗ്രസ് ക്യാംപ് രാഹുൽ തരംഗത്തെയാണ് പ്രതീക്ഷിക്കുന്നത്. ഇതര പ്രതിപക്ഷ പാർട്ടികൾ പക്ഷെ തങ്ങൾക്ക് നിർണ്ണായക നിലപാട് സ്വീകരിക്കാൻ സാധിക്കുന്ന തരത്തിൽ ആർക്കുമാർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന പ്രതീക്ഷയിലാണ്.
മുൻപ് വാജ്പേയി സർക്കാരിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തിയ കാലത്ത് സിപിഎമ്മിന് മാത്രം 43 സീറ്റുകളാണ് ഉണ്ടായിരുന്നത്. അന്ന് ഒന്നാം യുപിഎ സർക്കാരിനെ അധികാരത്തിലെത്തിക്കാൻ പുറത്തുനിന്ന് പിന്തുണച്ച സിപിഎം, ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ്‌വാദി പാർട്ടി എന്നിവയുടെ പിന്തുണയും ഉറപ്പാക്കി. ഇക്കുറിയും കേന്ദ്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താനുള്ള ശ്രമത്തിലാണ് ഈ പാർട്ടികൾ. അതിനാൽ തന്നെ ശക്തമായ പോരാട്ടത്തിന് അവർ മുന്നിലുണ്ട്.
പക്ഷെ ഇടതുപക്ഷത്തിന് വെസ്റ്റ് ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടത് കനത്ത തിരിച്ചടിയാണ്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ത്രിപുരയിലെ ആകെയുള്ള രണ്ട് സീറ്റുകളിലും സിപിഎം വിജയം പ്രതീക്ഷിക്കുന്നുണ്ട്. ദേശീയ പൗരത്വ ബില്ലും സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങളും തങ്ങൾക്ക് തുണയാകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പിലെ തകർച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് കോൺഗ്രസ് നില മെച്ചപ്പെടുത്തിയത് ബിജെപി വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനൊപ്പം മത്സരിക്കുന്ന സിപിഎം മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് മത്സരിക്കുന്നത്. സിപിഎമ്മിന് വ്യക്തമായ ജനസ്വാധീനമുള്ള രണ്ട് മേഖലകളാണ് ഇവ. ഡിഎംകെ, കോൺഗ്രസ് കക്ഷികളുടെ പിന്തുണയിൽ ഇക്കുറി ഇവിടെ രണ്ടിടത്തും വെന്നിക്കൊടി പാറിക്കാമെന്നാണ് പ്രതീക്ഷ.
വെസ്റ്റ് ബംഗാളിൽ റായ്‌ഗഞ്ച്, മുർഷിദാബാദ് എന്നീ സീറ്റുകളാണ് സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകൾ. ഇവിടെ കോൺഗ്രസ്സാണ് സിപിഎമ്മിന്റെ മുഖ്യ എതിരാളികൾ. സമീപകാലത്ത് ഈ മണ്ഡലങ്ങളിൽ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ സാധിച്ചത് സിപിഎമ്മിന് വിജയപ്രതീക്ഷ നൽകുന്നുണ്ട്. ഇതിന് പുറമെ, ബാങ്കുര സീറ്റിലും സിപിഎം വിജയം പ്രതീക്ഷിക്കുന്നു. ബസുദേവ് ആചാര്യ തുടർച്ചയായി ഏഴ് തവണ വിജയിച്ച സീറ്റിൽ മൂൺ മൂൺ സെന്നാണ് കഴിഞ്ഞ തവണ അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. ഇക്കുറി അമിയാ പത്രയെയാണ് സിപിഎം രംഗത്തിറക്കിയത്. മൂൺ മൂൺ സെന്നിനെ അസൻസോൾ മണ്ഡലത്തിലേക്ക് മാറ്റിയ തൃണമൂൽ ബാങ്കുര സീറ്റിൽ സുബ്രത മുഖർജിയെയാണ് മത്സരിപ്പിക്കുന്നത്. ഈ മൂന്ന് സീറ്റുകൾ അടക്കം ആറ് സീറ്റുകളിൽ വരെ വിജയപ്രതീക്ഷ പുലർത്തുന്നുണ്ട് സിപിഎം.
മഹാരാഷ്ട്രയിൽ മുൻ സ്‌പീക്കറും ഏഴ് തവണ എംഎൽഎയുമായ ജെപി ഗാവിതിലാണ് സിപിഎമ്മിന്റെ വിജയപ്രതീക്ഷ. ഗാവിതിന്റെ ജനപിന്തുണയും കർഷകസമരങ്ങളുടെ ചരിത്രവും അദ്ദേഹത്തെ വിജയിപ്പിക്കും എന്നാണ് പാർട്ടി പ്രത്യാശിക്കുന്നത്. എന്നാൽ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ട് മാത്രമാണ് സിപിഎമ്മിന് നേടാനായത് എന്നത് വെല്ലുവിളിയാണ്.
രാജസ്ഥാനിൽ ഒന്നോ രണ്ടോ സീറ്റുകളിൽ രണ്ടാമതെത്താനാവും എന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അതേസമയം സിപിഎമ്മിന്റെ മുഖ്യ സഖ്യകക്ഷിയായ സിപിഐക്ക് തമിഴ്‌നാട്ടിൽ രണ്ടിടത്ത് വിജയപ്രതീക്ഷയുണ്ട്. തിരുപ്പൂരിലും നാഗപട്ടിണത്തുമാണ് വിജയപ്രതീക്ഷയുള്ളത്. നാഗപട്ടിണത്ത് മുൻപ് ആറ് വട്ടം സിപിഐ വിജയിച്ചിട്ടുണ്ട്. ഡിഎംകെയ്ക്കും കോൺഗ്രസിനും മണ്ഡലത്തിൽ ശക്തമായ സ്വാധീനമുണ്ട്. തിരുപ്പൂരിൽ മോദി വിരുദ്ധ വികാരവും സംസ്ഥാന സർക്കാരിനെതിരായ ജനവിരുദ്ധ വികാരവും തുണച്ചാൽ വിജയിക്കാമെന്നാണ് സിപിഐയുടെ കണക്കുകൂട്ടൽ.